Enter your Email Address to subscribe to our newsletters

Ernakulam , 15 മെയ് (H.S.)
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്ത് ഇന്ധനവില കുത്തനെ കൂട്ടി. ഇന്ത്യയിലെ പെട്രോളിനും ഡീസലിനും മൂന്ന് രൂപയാണ് വർധിപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകൾ അവസാനിച്ചതിന് പിന്നാലെയാണ് പെട്ടെന്നുള്ള ഈ വില വർധന. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില വലിയ തോതിൽ ഉയർന്നതാണ് രാജ്യത്തും പ്രതിസന്ധിയുണ്ടാക്കിയത്.
ഇതോടെ രാജ്യത്ത് മിക്കയിടത്തും ഡീസൽവില 100 രൂപ കടന്നു. ഒപ്പം സിഎൻജി വിലയും രണ്ട് രൂപ വർധിപ്പിച്ചിട്ടുണ്ട്. പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നതോടെ തിരുവനന്തപുരത്ത് പെട്രോളിന് 110.75 രൂപയും ഡീസലിന് 99.63 രൂപയുമാണ് നൽകേണ്ടത്. ഇവിടെ നേരത്തെ പെട്രോളിന് 107.38 രൂപയും ഡീസലിന് 96.38 രൂപയുമായിരുന്നു ഉണ്ടായിരുന്നത്. കൊച്ചിയിൽ പെട്രോൾ വില 108.78 രൂപയും ഡീസൽ വില 97.67 രൂപയുമായി മാറി. കോട്ടയത്ത് പെട്രോളിന് 109.28 രൂപയും ഡീസലിന് 98.14 രൂപയുമാണ് പുതിയ വില. കേരളത്തിൽ പെട്രോളിനും ഡീസലിനും 3.04 രൂപ വീതമാണ് ഒറ്റയടിക്ക് കൂടിയത്.
രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽ ലിറ്ററിന് പെട്രോൾ വില 97.77 രൂപയിലും ഡീസൽ വില 90.67 രൂപയിലുമെത്തി. കൊൽക്കത്തയിൽ പുതിയ നിരക്കനുസരിച്ച് പെട്രോളിന് 108.74 രൂപയും ഡീസലിന് 95.13 രൂപയുമാണ്. വാണിജ്യ നഗരമായ മുംബൈയിൽ പെട്രോളിന് 106.68 രൂപയും ഡീസലിന് 93.14 രൂപയുമായി ഉയർന്നു. ചെന്നൈയിൽ പെട്രോളിന് 103.67 രൂപയും ഡീസലിന് 95.25 രൂപയിലുമെത്തി നിൽക്കുന്നു. ഓരോ സംസ്ഥാനത്തെയും മൂല്യവർധിത നികുതി നിരക്കുകളിലെ വ്യത്യാസം കാരണം വിവിധ നഗരങ്ങളിൽ ഇന്ധനവില മാറും. എണ്ണക്കമ്പനികളുടെ ഔദ്യോഗിക മൊബൈൽ ആപ്പുകളിൽ വിപണിയിലെ കൃത്യമായ വില അറിയാനാകും.
ആശങ്ക വേണ്ട
വില ഇനിയും കൂടുമെന്ന പരിഭ്രാന്തി കാരണം രാജ്യത്തെ പെട്രോൾ പമ്പുകളിൽ വലിയ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. പലയിടങ്ങളിലും മുൻകൂട്ടി ഇന്ധനം തീർന്നെന്ന ബോർഡുകൾ ഇതിനോടകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. എന്നാൽ ജനങ്ങൾ യാതൊരുവിധത്തിലും പരിഭ്രാന്തരാകേണ്ടതില്ലെന്നും രാജ്യത്ത് ആവശ്യത്തിന് ഇന്ധന ശേഖരമുണ്ടെന്നും പെട്രോളിയം സെക്രട്ടറി നീരജ് മിത്തൽ വിശദീകരിച്ചു. രാജ്യത്ത് ഒരിടത്തും ഇന്ധന റേഷൻ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് സിഐഐ വാർഷിക ബിസിനസ് മീറ്റിൽ അദ്ദേഹം വ്യക്തമാക്കി. 60 ദിവസത്തേക്കുള്ള ഇന്ധന ശേഖരവും 45 ദിവസത്തേക്കുള്ള പാചകവാതക ശേഖരവും നിലവിൽ രാജ്യത്തുണ്ട്. എന്നാൽ പശ്ചിമേഷ്യൻ പ്രതിസന്ധി നീളുന്നത് അവശ്യവസ്തുക്കളുടെയും ഇന്ധനത്തിൻ്റെയും വർധനയ്ക്ക് കാരണമാകുമെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഊഹാപോഹങ്ങൾക്ക് പിന്നാലെ ആശങ്കപ്പെട്ട് ഇന്ധനം സംഭരിക്കുന്നത് വിതരണ മേഖലയിൽ വലിയ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്.
പ്രതിസന്ധിക്ക് കാരണം
രാജ്യത്തിന് ആവശ്യമായ അസംസ്കൃത എണ്ണയുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാൽ ആഗോള വിലക്കയറ്റം ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ കാര്യമായി തന്നെ ബാധിക്കും. നികുതി ഇളവുകളിലൂടെയും കൃത്യമായ വിതരണ നിയന്ത്രണങ്ങളിലൂടെയുമാണ് ഇത്രയും കാലം ഇന്ധനവില വർധന ഇന്ത്യ പിടിച്ചുനിർത്തിയത്. എണ്ണവില ഉയർന്നതോടെ കമ്പനികൾക്ക് ദിവസേന 1000 കോടി മുതൽ 1200 കോടി രൂപ വരെ നഷ്ടമുണ്ടാകുന്നുണ്ട്. 2026ലെ ആദ്യ പാദമെത്തുമ്പോഴേക്കും എണ്ണക്കമ്പനികളുടെ മൊത്തം നഷ്ടം രണ്ട് ലക്ഷം കോടി രൂപയാകുമെന്നാണ് സർക്കാരിൻ്റെ പ്രാഥമിക കണക്ക്. ഇതാണ് അടിയന്തരമായി ഇന്ധനവില കൂട്ടാൻ കമ്പനികളെ പ്രേരിപ്പിച്ചത്. അടുത്ത മാസങ്ങളിലും ഇതിൻ്റെ ആഘാതം വിപണിയിൽ പ്രകടമാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
ചെലവ് ചുരുക്കൽ
സമ്പദ്വ്യവസ്ഥ നേരിടുന്ന വലിയ പ്രതിസന്ധി കണക്കിലെടുത്ത് ഇന്ധന ഉപയോഗം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സാമ്പത്തിക ചെലവ് ചുരുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കർശനമായി തന്നെ നിർദേശിച്ചു. ഇതിൻ്റെ ഭാഗമായി പ്രധാനമന്ത്രിയുടെ സുരക്ഷ വാഹനങ്ങളുടെ വിന്യാസം പകുതിയാക്കി വെട്ടിച്ചുരുക്കി. ഉത്തർപ്രദേശ് അടക്കമുള്ള പല സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരും തങ്ങളുടെ പതിവ് അകമ്പടി വാഹനങ്ങളുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. എല്ലാ കേന്ദ്ര സംസ്ഥാന ജീവനക്കാരും ഔദ്യോഗിക യാത്രകൾക്ക് പരമാവധി പൊതുഗതാഗതം ഉപയോഗിക്കണമെന്ന് സർക്കാർ പ്രത്യേകം നിർദേശിച്ചു. ചെലവ് ചുരുക്കലിൻ്റെ ഭാഗമായി ഡൽഹിയിലെ എല്ലാ സർക്കാർ ജീവനക്കാർക്കും ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. കൂടുതൽ ആളുകളെ സ്വന്തം വാഹനങ്ങളിൽ നിന്നും നിത്യേന പൊതുഗതാഗതത്തിലേക്ക് മാറ്റി ഇന്ധന ഉപഭോഗം കുറയ്ക്കുകയാണ് സർക്കാരിൻ്റെ പ്രധാന ലക്ഷ്യം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR