Enter your Email Address to subscribe to our newsletters

Thrissur , 15 മെയ് (H.S.)
നിയമസഭ തെരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിന് പിന്നാലെയുള്ള മന്ത്രിസഭ രൂപീകരണ ചർച്ചകളിൽ പാർട്ടി ഒറ്റക്കെട്ടാണെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാക്കളായ കെ മുരളീധരനും രാജ്മോഹൻ ഉണ്ണിത്താനും. ഗുരുവായൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും. പദവികളിലോ മറ്റ് കാര്യങ്ങളിലോ പാർട്ടിയിൽ യാതൊരു തർക്കവുമില്ല. പൂർണ ജനാധിപത്യ രീതിയിലാണ് യുഡിഎഫിലെ കാര്യങ്ങൾ. പുതിയ സർക്കാർ അധികാരമേൽക്കാൻ പോകുന്ന പശ്ചാത്തലത്തിലൽ ആയിരുന്നു പ്രതികരണം.
പരാജയം പൂർണമായി അംഗീകരിക്കാതെ വീണ സ്ഥലത്ത് കിടന്നുരുളുന്ന സമീപനമാണ് സിപിഎം സ്വീകരിക്കുന്നതെന്ന് കെ മുരളീധരൻ പരിഹസിച്ചു. യുഡിഎഫിൽ എല്ലാവരും ഒറ്റക്കെട്ടാണ്. ബിജെപി ഏത് കാമ്പയിൻ നടത്തിയാലും കേരളത്തിൽ അവർക്ക് ഒരു മുന്നേറ്റവും ഉണ്ടാക്കാൻ സാധിക്കില്ല. കോൺഗ്രസിൻ്റെ ഹൈക്കമാൻഡ് പാണക്കാടാണെന്ന സിപിഎം ആരോപണം അദ്ദേഹം തള്ളി. മുൻപ് പാണക്കാട് രഹസ്യമായി പോയവരാണ് ഇപ്പോൾ കോൺഗ്രസിനെ കുറ്റം പറയുന്നത്.
പുതിയ മന്ത്രിസഭയിൽ രമേശ് ചെന്നിത്തലയെ പോലെ പരിചയസമ്പന്നനായ ഒരാളെ തീർച്ചയായും ആവശ്യമുണ്ട്. വിവരങ്ങൾ അറിയിക്കുന്നതിലെ വീഴ്ചകൾ സംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ചെന്നിത്തലയുമായി നേരിട്ട് സംസാരിച്ചിട്ടുണ്ട്. തനിക്ക് മന്ത്രിസ്ഥാനം ലഭിക്കുന്നത് സംബന്ധിച്ച് നേതൃത്വത്തിൽനിന്ന് ആരും സംസാരിച്ചിട്ടില്ല. താത്പര്യങ്ങൾ ഉന്നയിച്ച് താൻ ആരെയും സമീപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയായതിനാൽ സ്വാഭാവികമായും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. എന്നാൽ അന്തിമ തീരുമാനം വരുന്നതോടെ അതെല്ലാം അവസാനിക്കും. നേതാക്കൾക്കായി മന്ത്രിസ്ഥാനങ്ങൾ വീതംവയ്ക്കുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. പിണറായി വിജയൻ പ്രതിപക്ഷ നേതാവായി വരുന്നത് യുഡിഎഫിന് കൂടുതൽ ഗുണം ചെയ്യും. ആ സ്ഥാനത്ത് അദ്ദേഹം തുടർന്നാൽ ഭാവിയിൽ നിയമസഭ മുഴുവനായി യുഡിഎഫ് തൂത്തുവാരും. എങ്കിലും സംസ്ഥാനത്ത് ശക്തമായ ഒരു പ്രതിപക്ഷം ഉണ്ടാകണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും മുരളീധരൻ വ്യക്തമാക്കി.
അന്തിമ തീരുമാനം ഹൈക്കമാൻഡിൻ്റേത്രമേശ് ചെന്നിത്തലയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമോ എന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. രാഹുൽ ഗാന്ധിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. അത് അംഗീകരിക്കാനും നിരാകരിക്കാനുമുള്ള അവകാശം ചെന്നിത്തലയ്ക്കുണ്ട്. മുതിർന്ന നേതാവിനെ മാറ്റിനിർത്തിയത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്യു, എൻഎസ്യു, യൂത്ത് കോൺഗ്രസ്, ദേശിയ യൂത്ത് കോൺഗ്രസ് എന്നിവയുടെ പ്രസിഡൻ്റായും എഐസിസി സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. 25-ാം വയസ്സിൽ എംഎൽഎയും 27-ാം വയസ്സിൽ മന്ത്രിയുമായ ചെന്നിത്തലയ്ക്ക് പാർട്ടി മികച്ച അംഗീകാരങ്ങളാണ് നൽകിയത്.
അതിൽ ആർക്കും തർക്കമില്ല. കോട്ടയം, മാവേലിക്കര എന്നിവിടങ്ങളിൽനിന്ന് പാർലമെൻ്റ് അംഗമായ അദ്ദേഹം ഒൻപത് വർഷക്കാലം കെപിസിസി പ്രസിഡൻ്റായിരുന്നു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായും പിന്നീട് പ്രതിപക്ഷ നേതാവായും മികച്ച പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവച്ചത്.
സംസ്ഥാനത്ത് മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ കോൺഗ്രസ് തീരുമാനമെടുത്തു കഴിഞ്ഞു. ജനങ്ങളുടെ പിന്തുണയോടെ മികച്ച മന്ത്രിസഭ ഉണ്ടാക്കി അവർ അർപ്പിച്ച വിശ്വാസം നിലനിർത്തേണ്ടത് പുതിയ മുഖ്യമന്ത്രി വി ഡി സതീശൻ്റെ ഉത്തരവാദിത്തമാണ്. ഹൈക്കമാൻഡ് തീരുമാനങ്ങൾ അംഗീകരിക്കാൻ എല്ലാ കോൺഗ്രസ് പ്രവർത്തകരും പ്രതിജ്ഞാബദ്ധരാണ്. ഇതിൽ യാതൊരു അഭിപ്രായ വ്യത്യാസങ്ങളുമില്ല. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അഭിനന്ദനങ്ങൾ അറിയിച്ചിരുന്നുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിചേർത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR