Enter your Email Address to subscribe to our newsletters

Thiruvananthapuram , 15 മെയ് (H.S.)
സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം വിദ്യാഭ്യാസ വകുപ്പ് ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് തിരുവനന്തപുരത്തെ പിആർഡി ചേംബറിലാണ് ഫലപ്രഖ്യാപനം നടക്കുക. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫാണ് വാർത്താ സമ്മേളനത്തിൽ ഫലങ്ങൾ അറിയിക്കുന്നത്. നാല് ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതി ഉന്നത വിദ്യാഭ്യാസത്തിനായി കാത്തിരിക്കുന്നത്.
എസ്എസ്എൽസി പരീക്ഷയ്ക്ക് പുറമെ മറ്റ് അനുബന്ധ പരീക്ഷകളുടെ ഫലവും ഇന്ന് പുറത്തുവരും. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, എസ്എസ്എൽസി ഹിയറിങ് ഇമ്പയേർഡ് വിഭാഗങ്ങളിലെ ഫലപ്രഖ്യാപനമാണ് ഇതിനൊപ്പം നടക്കുക. ഫലപ്രഖ്യാപനത്തിന് ശേഷം ഉച്ചയ്ക്ക് 3.30 മുതൽ വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം.
ഇൻ്റർനെറ്റിന് പുറമെ മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും ഫലം അറിയാനുള്ള വിപുലമായ സൗകര്യങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുള്ളത്. കേരള സ്റ്റേറ്റ് ഐടി മിഷൻ്റെ വാട്സാപ്പ് സേവനത്തിലൂടെയും ഫലം വേഗത്തിൽ ലഭ്യമാകും. ഇതിനായി 9188619958 എന്ന നമ്പറിലേക്ക് വിവരങ്ങൾ അയച്ചാൽ മതി. കൈറ്റ് വിക്ടേഴ്സ് പുറത്തിറക്കിയ സഫലം, സർക്കാരിൻ്റെ നമ്മുടെ കേരളം എന്നീ മൊബൈൽ ആപ്പുകൾ വഴിയും ഈ സേവനം ഉപയോഗപ്പെടുത്താം.
ഡിജിലോക്കറിലും ഫലമറിയാം
സർക്കാർ സംവിധാനങ്ങൾക്ക് കീഴിലുള്ള ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ മാത്രമാണ് ഈ വർഷം ഫലം പ്രസിദ്ധീകരിക്കുക. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പിആർഡി വെബ്സൈറ്റുകളിലും ഡിജി ലോക്കറിലും ഫലം പരിശോധിക്കാൻ കഴിയും. അനാവശ്യ കാലതാമസം ഒഴിവാക്കാൻ വിപുലമായ വെബ്സൈറ്റുകൾ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. www.prd.kerala.gov.in, results.kerala.gov.in, examresults.kerala.gov.in, result.kerala.gov.in, www.results.kite.kerala.gov.in, kbpe.kerala.gov.in, sslcexam.kerala.gov.in എന്നീ വെബ്സൈറ്റുകൾ വിദ്യാർഥികൾക്ക് ഉപയോഗിക്കാം. ഡിജിലോക്കറിൻ്റെ results.digilocker.gov.in എന്ന വെബ്സൈറ്റിലും ഫലം ലഭ്യമാകും. മറ്റ് പ്രത്യേക വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി thslcexam.kerala.gov.in/thslc/, sslchiexam.kerala.gov.in/, thslchiexam.kerala.gov.in/, ahslcexam.kerala.gov.in/ എന്നിവയും സജ്ജമാണ്.
സേ പരീക്ഷ ഉടൻ
പുതിയ വിദ്യാഭ്യാസ മന്ത്രി ഔദ്യോഗികമായി ചുമതലയേൽക്കുന്നതിന് മുൻപ് തന്നെ ഫലം പ്രഖ്യാപിക്കാനാണ് സർക്കാർ തീരുമാനം. വകുപ്പ് മന്ത്രിക്ക് പകരം ഉന്നത ഉദ്യോഗസ്ഥർ ഫലപ്രഖ്യാപനം നടത്തുന്നത് ഈ അടിയന്തര സാഹചര്യത്തിലാണ്. ഉന്നതവിദ്യാഭ്യാസ പ്രവേശന നടപടികൾ വേഗത്തിലാക്കാനാണ് പുതിയ മന്ത്രിക്ക് കാത്തുനിൽക്കാതെ ഫലം പുറത്തുവിടുന്നത്. എസ്എസ്എൽസി ഫലം വന്നതിന് ശേഷം മറ്റ് നടപടികളിലേക്ക് വിദ്യാഭ്യാസ വകുപ്പ് വേഗത്തിൽ കടക്കും. ജൂൺ ആദ്യ ആഴ്ചയോടെ പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. ഈ മാസം അവസാനം തന്നെ സേ പരീക്ഷ നടത്താനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഉപരിപഠനത്തിന് അർഹത നേടാത്ത വിദ്യാർഥികൾക്കായാണ് സേ പരീക്ഷ സംഘടിപ്പിക്കുക. ഇതിനായുള്ള തിയതി ഫലപ്രഖ്യാപന വേളയിൽ തന്നെ അറിയിക്കുമെന്നാണ് സൂചന. ഇത്തവണ എഴുത്തുപരീക്ഷയിൽ മൂല്യനിർണയം കർശനമാക്കിയതിനാൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ചെറിയ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
കഴിഞ്ഞ വർഷത്തെ കണക്കുകൾ
മുൻ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ മികച്ച വിജയമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം 99.5 ശതമാനമായിരുന്നു സംസ്ഥാനത്തെ എസ്എസ്എൽസി വിജയശതമാനം. കഴിഞ്ഞ അധ്യയന വർഷത്തിൽ റെഗുലർ വിഭാഗത്തിൽ 4,26,697 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 4,24,583 പേർ ഉപരിപഠനത്തിന് അർഹത നേടി. കഴിഞ്ഞ തവണ 61,441 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കിയിരുന്നു.
ഈ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലായിരുന്നു. കൂടുതൽ വിജയശതമാനം കണ്ണൂർ ജില്ലയും സ്വന്തമാക്കി. തിരുവനന്തപുരം ജില്ലയിലായിരുന്നു ഏറ്റവും കുറവ് വിജയശതമാനം രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ 2331 സ്കൂളുകൾ പൂർണവിജയം കൈവരിച്ചതും കഴിഞ്ഞ വർഷത്തെ സവിശേഷതയായിരുന്നു. പുതിയ പരീക്ഷാഫലത്തിൻ്റെ വിശദമായ കണക്കുകളും മന്ത്രിക്ക് പകരം പ്രിൻസിപ്പൽ സെക്രട്ടറി തന്നെ വിശദീകരിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR