Enter your Email Address to subscribe to our newsletters

Thiruvananthapuram , 15 മെയ് (H.S.)
തൻ്റെ രാഷ്ട്രീയ ഗുരുവായ ജി കാർത്തികേയൻ്റെ വസതിയിലെത്തിയപ്പോൾ പഴയകാല ഓർമ്മകളിൽ വിതുമ്പി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. നിറഞ്ഞ കണ്ണുകളുമായി വികാരനിർഭരനായാണ് അദ്ദേഹം ജി കാർത്തികേയൻ്റെ ഭാര്യ ഡോ എം ടി സുലേഖയുമായി സംസാരിച്ചത്. ജി കാർത്തികേയൻ എന്ന വലിയ മനുഷ്യൻ്റെ വിരൽ തുമ്പിൽ തൂങ്ങിയാണ് താൻ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് വന്നതെന്നും അദ്ദേഹത്തിൻ്റെ കുടുംബം തൻ്റെ സ്വന്തം കുടുംബമാണെന്നും വിഡി സതീശൻ പറഞ്ഞു.
1996ലും 2001ലും തന്നെ നിയമസഭയിലേക്ക് മത്സരിപ്പിക്കണമെന്ന് എകെ ആൻ്റണിയോടും കെ കരുണാകരനോടും നേരിട്ട് ആവശ്യപ്പെട്ടത് കാർത്തികേയൻ സാറായിരുന്നുവെന്ന് സതീശൻ പറഞ്ഞു. എംഎൽഎ ആയാൽ പാർട്ടിക്ക് വലിയൊരു മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം അന്ന് ഉറച്ചു വിശ്വസിച്ചിരുന്നുവെന്നും സുലേഖ ടീച്ചർ എല്ലാക്കാലത്തും തന്നോട് വലിയ വാത്സല്യം കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജി കാർത്തികേയൻ്റെ മക്കൾ തനിക്ക് സ്വന്തം സഹോദരങ്ങളെപ്പോലെയാണ്
ഈ വീട് തൻ്റെ സ്വന്തം ഇടമാണ്. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ബന്ധമാണ് ഈ കുടുംബവുമായി ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയത്തിലെ തൻ്റെ വളർച്ചയിൽ ജി കെ കുടുംബം നൽകുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ജികെ കണ്ടെത്തിയ ആ മിടുക്കനായ വ്യക്തി ഇന്ന് വലിയ ഉയരങ്ങളിൽ എത്തിയതിൽ അദ്ദേഹത്തിൻ്റെ ഭാര്യ ഡോ എംടി സുലേഖ സന്തോഷം പ്രകടിപ്പിച്ചു.
സതീശനിൽ അസാമാന്യമായ നേതൃപാടവം ജികെ പണ്ടുതന്നെ തിരിച്ചറിഞ്ഞിരുന്നുവെന്ന് അവർ ഓർമ്മിച്ചു. കേരളം എന്നും ഓർക്കുന്ന ഒരു മികച്ച മുഖ്യമന്ത്രിയാകാൻ സതീശന് സാധിക്കട്ടെ എന്ന് സുലേഖ ടീച്ചർ ആശംസിച്ചു.
കെ കരുണാകരനെപ്പോലെയും ഉമ്മൻചാണ്ടിയെപ്പോലെയും പാവപ്പെട്ട ജനങ്ങളെ ചേർത്തുപിടിക്കുന്ന നായകനായി കേരളം എക്കാലവും ഓർക്കുന്ന മുഖ്യമന്ത്രിയാകാട്ടേയെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എല്ലാ മതനിരപേക്ഷ മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്ന ജനങ്ങൾ ഒരുപോലെ സ്നേഹിക്കുന്ന ഭരണാധികാരിയായി സതീശൻ അറിയപ്പെടുന്നത് കാണാനാണ് കാത്തിരിക്കുന്നതെന്നും, അവർ കൂട്ടിച്ചേർത്തു.
സന്ദർശനത്തിനിടെ കുടുംബാംഗങ്ങൾക്കൊപ്പം ഫോട്ടോകൾ എടുത്തും വിശേഷങ്ങൾ പങ്കുവച്ചുമാണ് അദ്ദേഹം വസതിയിൽ നിന്നു മടങ്ങിയത്. ഇന്നലെ മുതൽ ഓരോ നേതാക്കളെയും നേരിൽ കാണുകയാണ് വിഡി സതീശൻ. മുതിർന്ന നേതാക്കളായ വിഎം സുധീരനെയും എകെ ആന്റണിയെയും സന്ദർശിച്ച വിഡി സതീശൻ ഉമ്മൻചാണ്ടിയുടെ വീട്ടിലും എത്തി. ഇന്ന് പി ജെ ജോസഫ്, അടൂർ പ്രകാശ് അടക്കമുള്ളവരെ കണ്ട ശേഷം പിണറായി വിജയനെ കാണാനും പോയി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR