Enter your Email Address to subscribe to our newsletters

Thiruvananthapuram , 15 മെയ് (H.S.)
സത്യപ്രതിജ്ഞയ്ക്ക് മുൻപ് പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. വഴുതക്കാടിന് സമീപമുള്ള പിണറായി വിജയൻ്റെ വാടകവീട്ടിലാണ് വി ഡി സതീശൻ എത്തിയത്. പിണറായിക്കൊപ്പം ഭാര്യ കമലയും മകള് വീണയും കൊച്ചുമകനും സതീശനെ സ്വീകരിച്ചു. വി കെ പ്രശാന്തും വീട്ടിലുണ്ടായിരുന്നു.
പിണറായി വിജയൻ ഏറ്റവും സീനിയറായ നേതാവാണെന്ന് സന്ദർശനത്തിനുശേഷം വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. കേരള വികസനത്തിന് ഒരുമിച്ച് നിൽക്കും. അദ്ദേഹത്തിൻ്റെ പിന്തുണ തേടിയിട്ടുണ്ട്. സംസ്ഥാനത്തെ സർക്കാരുകൾ എപ്പോഴും തുടർച്ചയാണ്. ഇടതു സർക്കാരിനെ പലപ്പോഴും വിമർശിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ അതിൽ തിരുത്തലുകൾ ആവശ്യമാണെങ്കിൽ വരുത്തും. പിണറായി വിജയനെ സത്യപ്രതിജ്ഞക്ക് ക്ഷണിച്ചിട്ടുണ്ടെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയാതെ പിണറായി വിജയൻ തൊഴുതു മടങ്ങുകയായിരുന്നു.
2016ല് മുഖ്യമന്ത്രിയായി സ്ഥാനം ഏറ്റെടുത്തപ്പോള് മുന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന് ചാണ്ടിയെ പിണറായി വിജയന് സന്ദര്ശിച്ചിരുന്നു. അഞ്ച് വര്ഷം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി പോരടിച്ച പിണറായി വിജയനും വി ഡി സതീശനും തമ്മിലുള്ള സൗഹൃദ സന്ദര്ശനം ശ്രദ്ധേയമായി. ഇനിയുള്ള അഞ്ച് വര്ഷം മുഖ്യമന്ത്രിയായി വി ഡി സതീശനും പ്രതിപക്ഷ നേതാവായി പിണറായി വിജയനും നിയമസഭയില് നേര്ക്കു നേര് പോരാടും.
വൈകിട്ട് നാലുമണിക്ക് യുഡിഎഫ് യോഗത്തിന് മുൻപ് കഴിയുന്നത്ര പേരെ കാണാനാണ് വി ഡി സതീശൻ ശ്രമിച്ചത്. രാവിലെ എംഎൽഎ ഹോസ്റ്റലിലെത്തി പിജെ ജോസഫിനെ സന്ദർശിച്ചു. മോൻസ് ജോസഫ്, മാണി സി കാപ്പൻ, പിസി വിഷ്ണുനാഥ് എന്നിവരും അവിടെയുണ്ടായിരുന്നു. അതിനുശേഷമാണ് തന്റെ രാഷ്ട്രീയഗുരുവായ ജി കാർത്തികേയൻ്റെ വീട്ടിലെത്തിയത്. കാർത്തികേയൻ്റെ ഭാര്യ ഡോ എംഡി സുലേഖ, മകൻ കെഎസ് ശബരീനാഥൻ എന്നിവർ ചേർന്ന് സതീശനെ സ്വീകരിച്ചു. അവിടെനിന്നും വി ഡി സതീശൻ അടൂർ പ്രകാശ് എംപിയുടെ വീട്ടിലെത്തി സന്ദർശിച്ചു. അവിടെ നിന്നാണ് പ്രതിപക്ഷ നേതാവിൻ്റെ വീട്ടിലെത്തിയത്.
കഴിഞ്ഞ ദിവസമാണ് കോണ്ഗ്രസ് ഹൈക്കമാന്ഡ് വി ഡി സതീശനെ മുഖ്യമന്ത്രിയായും സിപിഐഎം സംസ്ഥാന സമിതി പിണറായി വിജയനെ പ്രതിപക്ഷ നേതാവായും പ്രഖ്യാപിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ ഹൈക്കമാന്ഡ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാന് സിപിഐഎം തീരുമാനമെടുത്തത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR