Enter your Email Address to subscribe to our newsletters

Kerala, 15 മെയ് (H.S.)
ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷ തീയതി പ്രഖ്യാപിച്ചു. ജൂൺ 21നാണ് പരീക്ഷ നടക്കുക. ചോദ്യപേപ്പർ ചോർച്ചയുണ്ടായെന്ന ആരോപണത്തെ തുടർന്ന് മേയ് മൂന്നിന് നടന്ന പരീക്ഷ റദ്ദാക്കിയിരുന്നു.
അന്വേഷണ ഏജൻസികൾക്ക് പുറമെ എൻടിഎ നടത്തിയ ആഭ്യന്തര അന്വേഷണവും കണക്കിലെടുത്തായിരുന്നു നടപടി. ഏകദേശം 24 ലക്ഷത്തോളം വിദ്യാർഥികളാണ് മേയ് മൂന്നിന് നീറ്റ് പരീക്ഷ എഴുതിയത്.
പരീക്ഷ കഴിഞ്ഞ് നാല് ദിവസങ്ങൾക്ക് ശേഷമാണ് ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. 2026-ലെ നീറ്റ് പരീക്ഷയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിൽ രാജസ്ഥാൻ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. പരീക്ഷയ്ക്ക് മുൻപ് പ്രചരിച്ച ഒരു ചോദ്യപേപ്പറിൽ നിന്നുള്ള 120 ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറിലും വന്നതായാണ് കണ്ടെത്തിയത്.
നീറ്റ് പരീക്ഷ ചോദ്യപേപ്പറുകൾ ചോർന്ന കേസുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ പൊലീസിൻ്റെ സ്പെഷ്യൽ ഓപ്പറേഷന്‍സ് ഗ്രൂപ്പ് നടത്തിയ അന്വേഷണത്തിൽ 15 പേർ പിടിയില്‍. സംഭവത്തിൻ്റെ സൂത്രധാരനായ ജയ്‌പൂർ സ്വദേശി മനീഷിനെ തിങ്കളാഴ്‌ച അന്വേഷണ സംഘം പിടികൂടി. മെയ് 7ന് ഡെറാഡൂണിൽ വച്ച് സിക്കാറിൽ എസ്‌കെ കൺസൾട്ടൻസി നടത്തുന്ന രാകേഷ് മണ്ഡവാരിയെയും ഈ കേസിൽ അറസ്റ്റ് ചെയ്‌തിരുന്നു. ചോദ്യപേപ്പറുകളുടെ സാമ്പിൾ വിദ്യാര്‍ഥികൾക്ക് വിറ്റുവെന്നതാണ് രാകേഷിന് എതിരെയുള്ള കുറ്റം. അതേസമയം, കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളുടെ വിവരങ്ങൾ അന്വേഷണസംഘം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
വിശദമായ അന്വേഷണത്തിൽ, ചോദ്യബാങ്ക് പങ്കിട്ട നിരവധി മൊബൈൽ ഫോണുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. 60 ഓളം ചോദ്യങ്ങൾ നീറ്റ് പരീക്ഷയിൽ ചോദിച്ചതിന് സമാനമാണെന്നും, പദങ്ങളിലും ചിഹ്നങ്ങളിലും പോലും മാറ്റമില്ലെന്നും കണ്ടെത്തി. 400 ൽ അധികം അംഗങ്ങളുള്ള 'പ്രൈവറ്റ് മാഫിയ' എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പും പൊലീസ് കണ്ടെത്തി. ചോർന്ന ചോദ്യപേപ്പര്‍ പങ്കിടുക എന്നതാണ് ഇതിൻ്റെ ഏക ലക്ഷ്യമെന്ന് ഗ്രൂപ്പ് വിവരണത്തിൽ വ്യക്തമായി പരാമർശിച്ചിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു. കൂടാതെ ഗ്രൂപ്പിന് പുറത്തേക്ക് പേപ്പറുകൾ കൈമാറരുതെന്നും അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. രാജസ്ഥാനിലെ സിക്കാർ ജില്ലയിൽ നിന്ന് ചോദ്യപേപ്പറുകൾ ആദ്യമായി ചോർന്നതെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ അന്വേഷണം കേന്ദ്രീകരിക്കുന്നതും അവിടെയാണ്.
---------------
Hindusthan Samachar / Sreejith S