Enter your Email Address to subscribe to our newsletters

Thiruvananthapuram, 16 മെയ് (H.S.)
തിരുവനന്തപുരം : ഫോർട്ട് താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടം നിർമ്മിച്ച ശേഷം ബാക്കിവന്ന 25 ലക്ഷം പുതിയ കെട്ടിടത്തിൽ താത്കാലിക ഇലക്ട്രിക്കൽ ജോലികൾ നിർവ്വഹിക്കുന്നതിന് ഉപയോഗിക്കാമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സംയുക്തയോഗം വിളിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ആരോഗ്യ വകുപ്പ് ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെ.എസ്.ഇ.ബി. എക്സിക്യൂട്ടീവ് എഞ്ചിനീയർ, നഗരസഭാ സെക്രട്ടറി എന്നിവർ സംയുക്ത യോഗം ചേരണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
പുതിയ കെട്ടിടത്തിലെ ഇലക്ട്രിക്കൽ ജോലികൾ, ലിഫ്റ്റ്, അഗ്നിശമന സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ പൂർത്തിയാക്കുന്നതിനായി 308 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ആരോഗ്യവകുപ്പ് ഡയറക്ടർ സർക്കാരിന് സമർപ്പിച്ചിട്ടുള്ളതായി ഡി.എം.ഒ. റിപ്പോർട്ടിൽ പറഞ്ഞു. പ്രസ്തുത പ്രൊപ്പോസലിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെങ്കിൽ എത്രയം വേഗം ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് ഫോർട്ട് താലൂക്ക് ആശുപത്രിയിലെ പോരായ്മകൾ പൂർണമായും പരിഹരിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും ഇക്കാര്യത്തിൽ ഇടപെടണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
---------------
Hindusthan Samachar / Sreejith S