ആൻഡമാൻ കടലിലും ബംഗാൾ ഉൾക്കടലിൻ്റെ തെക്കൻ ഭാഗങ്ങളിലും ഇന്ന് കാലവർഷം എത്തും.
Kasaragod , 16 മെയ് (H.S.) ആൻഡമാൻ കടലിലും ബംഗാൾ ഉൾക്കടലിൻ്റെ തെക്കൻ ഭാഗങ്ങളിലും ഇന്ന് കാലവർഷം എത്തും. ഈ പ്രദേശങ്ങളിൽ മൺസൂൺ കാറ്റ് വീശിത്തുടങ്ങിയെന്നും മറ്റ് ഘടകങ്ങൾ അനുകൂലമാണെന്നും കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്. ഇടതൂർന്ന കാർമേഘങ്ങൾ എത്തിത
Weather update


Kasaragod , 16 മെയ് (H.S.)

ആൻഡമാൻ കടലിലും ബംഗാൾ ഉൾക്കടലിൻ്റെ തെക്കൻ ഭാഗങ്ങളിലും ഇന്ന് കാലവർഷം എത്തും. ഈ പ്രദേശങ്ങളിൽ മൺസൂൺ കാറ്റ് വീശിത്തുടങ്ങിയെന്നും മറ്റ് ഘടകങ്ങൾ അനുകൂലമാണെന്നും കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്. ഇടതൂർന്ന കാർമേഘങ്ങൾ എത്തിത്തുടങ്ങിയതായി കാലാവസ്ഥ വിദഗ്ധർ വ്യക്തമാക്കി.

കേരളത്തിൽ മെയ് 26ന് തന്നെ കാലവർഷം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. മെയ് 22 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ എപ്പോൾ വേണമെങ്കിലും സംസ്ഥാനത്ത് മഴ തുടങ്ങിയേക്കാം. കഴിഞ്ഞ ആറ് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 2023ലാണ് കേരളത്തിൽ ഏറ്റവും വൈകി കാലവർഷം എത്തിയത്. അന്ന് ജൂൺ എട്ടിനായിരുന്നു തുടക്കം.

2020ൽ ജൂൺ അഞ്ചിന് വരുമെന്ന് പ്രവചിച്ചെങ്കിലും ജൂൺ ഒന്നിന് തന്നെ മഴയെത്തി. 2021ൽ മെയ് 31ന് പ്രവചിക്കപ്പെട്ടെങ്കിലും ജൂൺ മൂന്നിനാണ് കാലവർഷം എത്തിയത്. 2022ൽ ഇത് മെയ് 29നായിരുന്നു. 2024ൽ മെയ് 31ന് പ്രവചിച്ച് 30ന് തന്നെ മഴയെത്തി. 2025ൽ മെയ് 27ന് പ്രവചനം ഉണ്ടായിരുന്നെങ്കിലും മെയ് 24ന് തന്നെ സംസ്ഥാനത്ത് കാലവർഷം ആരംഭിച്ചു. 16 വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഇത്രയും നേരത്തെ കേരളത്തിൽ കാലവർഷം എത്തിയത്.

യെല്ലോ അലർട്ട്

ഇതിനിടെ സംസ്ഥാനത്ത് മഴ ശക്തമാകുകയാണ്. ഇന്ന് ഏഴ് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് നൽകി. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. 17ന് കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലും മുന്നറിയിപ്പുണ്ട്. 18 മുതൽ മഴയ്ക്ക് നേരിയ ശമനം ഉണ്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴ എന്ന് അർഥമാക്കുന്നത്.

ജാഗ്രതാ നിർദേശം

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം. നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും കഴിയുന്നവർ അപകടസാധ്യത മുൻകൂട്ടി കണ്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയാറാകണം. പകൽ സമയത്ത് തന്നെ ഇത്തരം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു എന്ന് ഉറപ്പാക്കി അങ്ങോട്ട് മാറാൻ ശ്രദ്ധിക്കണം. ഇതിനായി തദ്ദേശ സ്ഥാപനങ്ങളിലെയും റവന്യൂ വകുപ്പിലെയും ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും വൈദ്യുതി പോസ്റ്റുകൾ തകർന്നും ഉണ്ടാകാനിടയുള്ള അപകടങ്ങളെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാകണം.

മഴ കനക്കുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചു കടക്കാനോ ജലാശയങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങാൻ പാടില്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കാഴ്ച കാണാനും സെൽഫി എടുക്കാനും കൂട്ടം കൂടി നിൽക്കരുത്. വിനോദസഞ്ചാരികളും കർശന നിയന്ത്രണങ്ങൾ പാലിക്കണം. മലയോര മേഖലകൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായും ഒഴിവാക്കാൻ നിർദേശമുണ്ട്. അത്യാവശ്യമല്ലാത്ത മറ്റ് യാത്രകളും ജനങ്ങൾ പരമാവധി ഒഴിവാക്കാനാണ് അധികൃതരുടെ നിർദേശം.

ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ ജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണം. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ഡ്രൈവർമാർ ശ്രദ്ധ പുലർത്തണം. മഴക്കാലത്ത് റോഡപകടങ്ങൾ വർധിക്കാൻ സാധ്യതയുള്ളത് മുന്നിൽ കാണണം. കവിഞ്ഞൊഴുകുന്ന വെള്ളക്കെട്ടുകൾക്ക് സമീപം വാഹനം ഓടിക്കാൻ ശ്രമിക്കരുത്. പൊതു ഇടങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും അപകടാവസ്ഥയിൽ നിൽക്കുന്ന ബോർഡുകൾ, പോസ്റ്റുകൾ എന്നിവ സുരക്ഷിതമാക്കണം. അപകടാവസ്ഥകൾ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തണം. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കേരളത്തിലെ എല്ലാ ജില്ലകളിലും 24 മണിക്കൂറും കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ജനങ്ങൾക്ക് ബന്ധപ്പെടാം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News