Enter your Email Address to subscribe to our newsletters

Kollam, 16 മെയ് (H.S.)
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ സി.പി.ഐ.എം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷവിമർശനം. പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി നയിച്ച ശൈലിക്കും പാർട്ടിയിലെ കുടുംബവാഴ്ചാ പ്രവണതകൾക്കുമാണെന്ന് യോഗത്തിൽ ഭൂരിഭാഗം അംഗങ്ങളും തുറന്നടിച്ചു. തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടി അടിമുടി മാറണമെന്ന ശക്തമായ ആവശ്യമാണ് യോഗത്തിൽ ഉയർന്നത്.
പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ തളിപ്പറമ്പിൽ മത്സരിപ്പിച്ചത് തെറ്റായ സനദേശമാണ് പൊതുസമൂഹത്തിന് നൽകിയതെന്ന് യോഗത്തിൽ കടുത്ത വിമർശനമുയർന്നു. പാർട്ടിയിൽ സ്വജനപക്ഷപാതവും കുടുംബവാഴ്ചയും വളരുന്നു എന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങൾക്ക് അടിവരയിടുന്നതായിരുന്നു ഈ തീരുമാനമെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഇത്തരം വിട്ടുവീഴ്ചകൾ പാർട്ടിയുടെ അണികൾക്കിടയിൽപ്പോലും വലിയ അസംതൃപ്തിക്ക് കാരണമായി. അർഹരായ പലരെയും മാറ്റിനിർത്തി നേതാക്കളുടെ കുടുംബാംഗങ്ങൾക്ക് സീറ്റ് നൽകിയത് ജനങ്ങൾക്കിടയിൽ പാർട്ടിയുടെ വിശ്വാസ്യത തകർത്തു. തളിപ്പറമ്പിൽ വിമത സ്ഥാനാർത്ഥിയോട് പി.കെ. ശ്യാമള പരാജയപ്പെട്ടത് ഇതിന്റെ തെളിവാണെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി.
മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയാണ് തുടർഭരണ വിരുദ്ധ വികാരത്തെ ഇത്രത്തോളം ശക്തമാക്കിയതെന്ന വിമർശനവും യോഗത്തിൽ ശക്തമായിരുന്നു. ജനങ്ങളിൽ നിന്നും അണികളിൽ നിന്നും അകന്നുനിന്നുള്ള ഭരണശൈലി പാർട്ടിയെ ജനകീയ അടിത്തറയിൽ നിന്ന് മാറ്റിയെഴുതി. സർക്കാരിന്റെ പല തീരുമാനങ്ങളും സാധാരണക്കാരുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായിരുന്നു. അഹങ്കാരവും ധാർഷ്ട്യവും നിറഞ്ഞ സമീപനമാണ് പല കാര്യങ്ങളിലും ഉണ്ടായതെന്നും, ഇത് വോട്ടർമാരെ പാർട്ടിക്കെതിരെ ചിന്തിക്കാൻ പ്രേരിപ്പിച്ചുവെന്നും യോഗത്തിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ ഉയർത്തിക്കാട്ടി നടത്തിയ പ്രചാരണം ഈ തെരഞ്ഞെടുപ്പിൽ പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് യോഗം വിലയിരുത്തി.
അതോടൊപ്പം തന്നെ, നിയമസഭയിൽ പ്രതിപക്ഷ നേതാവായി പിണറായി വിജയൻ വരേണ്ടിയിരുന്നില്ലെന്ന നിർണ്ണായക അഭിപ്രായവും യോഗത്തിൽ ഉയർന്നു വന്നു. കനത്ത തോൽവി നേരിട്ട സാഹചര്യത്തിൽ പുതിയൊരു നേതൃത്വം പാർലമെന്ററി പാർട്ടിയിൽ ഉയർന്നുവരേണ്ടതായിരുന്നു. പിണറായി വിജയൻ തന്നെ വീണ്ടും പ്രതിപക്ഷ നേതാവായി തുടരുന്നത് പാർട്ടിയുടെ നവീകരണത്തിന് തടസ്സമാകുമെന്നും, തെറ്റുകൾ തിരുത്താൻ പാർട്ടി തയ്യാറല്ലെന്ന സന്ദേശമാണ് ഇത് നൽകുകയെന്നും ചില അംഗങ്ങൾ തുറന്നടിച്ചു. യുവാക്കൾക്കും പുതിയ മുഖങ്ങൾക്കും അവസരം നൽകിക്കൊണ്ട് മാത്രമേ പ്രതിപക്ഷമെന്ന നിലയിൽ പാർട്ടിയെ സജീവമാക്കാൻ സാധിക്കൂ എന്നും യോഗത്തിൽ ആവശ്യമുയർന്നു. വരും ദിവസങ്ങളിൽ സംസ്ഥാന സമിതിയിലും ഈ വിഷയങ്ങൾ ശക്തമായി ഉന്നയിക്കാനാണ് കൊല്ലം ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.
---------------
Hindusthan Samachar / Roshith K