തമിഴ്നാട്ടിൽ മന്ത്രിമാർക്ക് വകുപ്പുകൾ വിഭജിച്ചു; ആഭ്യന്തരം മുഖ്യമന്ത്രി വിജയ് നിലനിർത്തി, കെ.എ. സെങ്കോട്ടയ്യന് ധനകാര്യം
Chennai , 16 മെയ് (H.S.) ചെന്നൈ: തമിഴ്നാടിന്റെ ഒമ്പതാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സി. ജോസഫ് വിജയ് മന്ത്രിമാർക്കുള്ള വകുപ്പുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെ പത്ത് മന്ത്രിമാരടങ്ങുന്ന മന്ത്രിസഭയുടെ വകുപ്പ് വിഭജനമാണ് ശനി
തമിഴ്നാട്ടിൽ മന്ത്രിമാർക്ക് വകുപ്പുകൾ വിഭജിച്ചു; ആഭ്യന്തരം മുഖ്യമന്ത്രി വിജയ് നിലനിർത്തി, കെ.എ. സെങ്കോട്ടയ്യന് ധനകാര്യം


Chennai , 16 മെയ് (H.S.)

ചെന്നൈ: തമിഴ്നാടിന്റെ ഒമ്പതാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സി. ജോസഫ് വിജയ് മന്ത്രിമാർക്കുള്ള വകുപ്പുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെ പത്ത് മന്ത്രിമാരടങ്ങുന്ന മന്ത്രിസഭയുടെ വകുപ്പ് വിഭജനമാണ് ശനിയാഴ്ച രാജ്ഭവൻ പുറത്തുവിട്ട വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയത്. തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ കൂടിയായ മുഖ്യമന്ത്രി വിജയ് നിർണായകമായ ആഭ്യന്തര വകുപ്പ് തനിക്കൊപ്പം നിലനിർത്തി. ആഭ്യന്തരത്തിന് പുറമെ പൊതുഭരണം, പൊലീസ്, സ്ത്രീ-യുവജന ക്ഷേമം എന്നീ വകുപ്പുകളും മുഖ്യമന്ത്രി തന്നെയാണ് കൈകാര്യം ചെയ്യുക.

വിജയിന്റെ വിശ്വസ്തനും മുതിർന്ന നേതാവുമായ 78 കാരൻ കെ.എ. സെങ്കോട്ടയ്യനാണ് പുതിയ ധനകാര്യ മന്ത്രി. ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ ചുമതല കെ.ജി. അരുൺരാജിന് നൽകി. തമിഴ്നാട് രാഷ്ട്രീയത്തിലും ഭരണത്തിലും നിർണായക സ്വാധീനമുള്ള മറ്റ് സുപ്രധാന വകുപ്പുകളും പുതിയ മന്ത്രിമാർക്ക് വീതംവെച്ചു നൽകിയിട്ടുണ്ട്.

സുപ്രധാന വകുപ്പുകൾ ഇങ്ങനെ:

എൻ. ആനന്ദിനെ ഗ്രാമവികസന, ജലവിഭവ വകുപ്പ് മന്ത്രിയായി നിശ്ചയിച്ചു. വില്ലിവാക്കം മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ നേതാവ് ആദവ് അർജുനയ്ക്കാണ് പൊതുമരാമത്ത്, കായികം, വികസനം എന്നീ വകുപ്പുകളുടെ ചുമതല. പി. വെങ്കട്ടരമണൻ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയാകും.

ഊർജ്ജം, നിയമം എന്നീ സുപ്രധാന വകുപ്പുകൾ ആർ. നിർമ്മൽകുമാറിന് നൽകിയപ്പോൾ, രാജ്മോഹനെ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി തെരഞ്ഞെടുത്തു. ടി.കെ. പ്രഭു പ്രകൃതിവിഭവ വകുപ്പും, എസ്. കീർത്തന വ്യവസായ വകുപ്പും കൈകാര്യം ചെയ്യും.

പ്രതിസന്ധികളെ മറികടന്നുള്ള ഭൂരിപക്ഷവും വിശ്വാസവോട്ടും

ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന വൻ ജനക്കൂട്ടവും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖരും പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു വിജയിന്റെ സത്യപ്രതിജ്ഞ. കടുത്ത രാഷ്ട്രീയ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷമാണ് വിജയ് അധികാരം പിടിച്ചെടുത്തത്. 234 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണമെന്നിരിക്കെ വിജയിന്റെ പാർട്ടിയായ ടിവികെ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. തുടർന്ന് കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, വിസികെ (വിടുതലൈ ചിരുതൈകൾ കച്ചി), ഐയുഎംഎൽ (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്) എന്നിവരുടെ പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചത്.

കഴിഞ്ഞ ബുധനാഴ്ച തമിഴ്നാട് നിയമസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ വിജയ് സർക്കാർ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സഭയിൽ നിന്ന് ഇറങ്ങിപ്പോയപ്പോൾ 144 വോട്ടുകൾ അനുകൂലമായും 22 വോട്ടുകൾ എതിരായും രേഖപ്പെടുത്തി. പ്രതിപക്ഷത്തുള്ള എഐഎഡിഎംകെയുടെ 25 എംഎൽഎമാരും വിജയ് സർക്കാരിനെ പിന്തുണച്ചു എന്നത് ശ്രദ്ധേയമായി.

ഈ സർക്കാർ കുതിരക്കച്ചവടത്തിലൂടെയല്ല, കുതിരയുടെ വേഗതയിലാണ് ഓടുന്നത്, വിശ്വാസവോട്ടെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രി വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു. എല്ലാ മതങ്ങളും നമ്മുടേതാണ്, എല്ലാ ജനങ്ങളും നമ്മുടേതാണ്. ഞങ്ങൾക്ക് വോട്ട് ചെയ്തവരും ചെയ്യാത്തവരും തമ്മിൽ യാതൊരു വിവേചനവും ഉണ്ടാകില്ല. ഇത് എല്ലാവർക്കും വേണ്ടിയുള്ള സർക്കാരാണ്, സാധാരണക്കാരന്റെ സർക്കാരാണ്, വിജയ് കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായുള്ള പുതിയ പദ്ധതികളിലേക്ക് സർക്കാർ കടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

---------------

Hindusthan Samachar / Roshith K


Latest News