82 മുതൽ മന്ത്രിമാരുണ്ടായിരുന്ന കോഴിക്കോടിനെ തഴഞ്ഞു, വൻ പ്രതിഷേധം
Kozhikode , 17 മെയ് (H.S.) യുഡിഎഫിൻ്റെ ഉജ്ജ്വല വിജയത്തിന് തീ പന്തം പകർന്നത് വടക്ക് നിന്നാണ്. കാസർകോട് മുതൽ കോഴിക്കോട് വരെയുള്ള നാല് ജില്ലകൾ പരിശോധിച്ചാൽ അത് വ്യക്തമാകും. ഇതിൽ ചരിത്രം തീർത്തത് കോഴിക്കോടാണ്. 13 ൽ 12 പിടിച്ചത് ഒരു ചരിത്രം. മത്സരിച്ച
Assembly election


Kozhikode , 17 മെയ് (H.S.)

യുഡിഎഫിൻ്റെ ഉജ്ജ്വല വിജയത്തിന് തീ പന്തം പകർന്നത് വടക്ക് നിന്നാണ്. കാസർകോട് മുതൽ കോഴിക്കോട് വരെയുള്ള നാല് ജില്ലകൾ പരിശോധിച്ചാൽ അത് വ്യക്തമാകും. ഇതിൽ ചരിത്രം തീർത്തത് കോഴിക്കോടാണ്. 13 ൽ 12 പിടിച്ചത് ഒരു ചരിത്രം. മത്സരിച്ച കോൺഗ്രസ് ഘടകക്ഷി സ്ഥാനാർഥികൾ എല്ലാം വിജയിച്ചത് മറ്റൊരു ചരിത്രം.

2001ൽ കൊയിലാണ്ടിയിൽ നിന്ന് പി ശങ്കരനും കോഴിക്കോട് നോർത്തിൽ നിന്ന് എ സുജനപാലും ജയിച്ചതിനുശേഷം പച്ച തൊട്ടില്ല കോഴിക്കോട്ടെ കോൺഗ്രസ്. കാൽ നൂറ്റാണ്ട് വേദനയോടെ കാത്തുനിന്നെങ്കിലും ഇത്തവണ കിട്ടിയത് അഞ്ച് പേരെ. 2001 ൽ രണ്ടു പെറ്റിട്ടും ഒരു മന്ത്രിയെ കിട്ടി. ഇത്തവണ എല്ലാം തികഞ്ഞു പെറ്റിട്ടും എന്ത് കിട്ടി കോൺഗ്രസ് പ്രവർത്തകരടക്കം കൂട്ടത്തോടെ ചോദിക്കുന്നത് ഇതാണ്.

ഇനി മുസ്ലിം ലീഗിലേക്ക് വന്നാൽ മലപ്പുറം അവരുടെ പച്ച കടലാണ്. എന്നാൽ കോഴിക്കോട്ടും പരിപൂർണ വിജയമായിരുന്നു. കൊടുവള്ളിയും കുന്ദമംഗലവും തിരുവമ്പാടിയും കോഴിക്കോട് സൗത്തും കുറ്റ്യാടിയും ലീഗ് നേരത്തെയും ജയിച്ച മണ്ഡലങ്ങളാണ്. എന്നാൽ പൂർണ വിജയത്തിന് പേരാമ്പ്ര പിടിച്ച് പച്ചക്കൊടി പാറിച്ചില്ലേ? എന്നിട്ടും ഒരു മുഴുവൻ സമയ മന്ത്രിയെ എന്തുകൊണ്ട് തന്നില്ല? രണ്ടര വർഷം കഴിഞ്ഞ് പാറക്കൽ അബ്ദുല്ലക്ക് മന്ത്രിസ്ഥാനം നൽകാമെന്ന് പറയുന്നു. എന്നാൽ അത് കോഴിക്കോടിന് ആദ്യം തന്നു കൂടായിരുന്നോ? പണിയെടുക്കാൻ കോഴിക്കോടും കൂലി വാങ്ങാൻ മറ്റുള്ളോരും എന്ന മുദ്രാവാക്യം വിളിച്ച് പുറമേരിയിൽ യൂത്ത് ലീഗ് പ്രവർത്തകർ തെരുവിലിറങ്ങി.

വേങ്ങരയിൽ നിന്ന് വിജയിച്ച കെഎം ഷാജിയും വട്ടിയൂർക്കാവിൽ നിന്ന് വിജയിച്ച കെ മുരളീധരനും കൽപ്പറ്റയിൽ നിന്ന് എംഎൽഎ ആയ ടി സിദ്ദീഖും കോഴിക്കോട്ടുകാരല്ലേ എന്നതാണ് ഇതിനെ പ്രതിരോധിക്കുന്നവർ ഉയർത്തുന്ന വാദം. അതിനെതിരെ ഉയർന്ന ട്രോളുകളിലെ പ്രധാന വാക്യം ഉപ്പോളം വരുമോ ഉപ്പിലിട്ടത് എന്നതായിരുന്നു. 1982 മുതലാണ് തുടർച്ചയായി കോഴിക്കോട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് വിജയിച്ചവർ ഇരു മുന്നണികളിലും മന്ത്രിമാരായത്. കെ കരുണാകരൻ മന്ത്രിസഭയിൽ സഹകരണ മന്ത്രിയായി എം കമലമാണ് ആ ശൃംഖലക്ക് തുടക്കപ്പെട്ടത്.

എ സി ഷണ്മുഖദാസ് 1980ല് ബാലുശേരിയെ പ്രതിനിധീകരിച്ച് മന്ത്രിയായെങ്കിലും 81ലെ ഇടക്കാല മന്ത്രിസഭയിൽ അത് തുടരാനായില്ല. പിന്നീടും അദ്ദേഹം പലതവണ മന്ത്രിയായി. എം ടി പത്മ, സി കെ നാണു, എം കെ മുനീർ, പി ശങ്കരൻ, എളമരം കരീം, ബിനോയ് വിശ്വം, ടി പി രാമകൃഷ്ണൻ, എ കെ ശശീന്ദ്രൻ, മുഹമ്മദ് റിയാസ് എന്നിവർ കഴിഞ്ഞ പിണറായി മന്ത്രിസഭ വരെ ആ ചങ്ങലയുടെ കണ്ണികളായി. അതാണ് വി ഡി സതീശൻ മന്ത്രിസഭയിൽ അറ്റു പോയത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News