കേന്ദ്ര സർക്കാരിൻ്റെ യുദ്ധ വിമാന നിർമാണ പദ്ധതിയായ എഎംസിഎ പദ്ധതി ആന്ധാപ്രദേശിൽ നിന്ന് തിരികെ തമിഴ്നാട്ടിലേക്ക് തന്നെ മാറ്റണമെന്ന് ആവശ്യം.
Chennai, 17 മെയ് (H.S.) കേന്ദ്ര സർക്കാരിൻ്റെ യുദ്ധ വിമാന നിർമാണ പദ്ധതിയായ എഎംസിഎ പദ്ധതി ആന്ധാപ്രദേശിൽ നിന്ന് തിരികെ തമിഴ്നാട്ടിലേക്ക് തന്നെ മാറ്റണമെന്ന് ആവശ്യം. ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ പുട്ടപർത്തിക്ക് സമീപം തറക്കല്ലിട്ട എഎംസിഎ പദ്
FIGHTER JET PROJECT


Chennai, 17 മെയ് (H.S.)

കേന്ദ്ര സർക്കാരിൻ്റെ യുദ്ധ വിമാന നിർമാണ പദ്ധതിയായ എഎംസിഎ പദ്ധതി ആന്ധാപ്രദേശിൽ നിന്ന് തിരികെ തമിഴ്നാട്ടിലേക്ക് തന്നെ മാറ്റണമെന്ന് ആവശ്യം. ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ പുട്ടപർത്തിക്ക് സമീപം തറക്കല്ലിട്ട എഎംസിഎ പദ്ധതി തമിഴ്നാട്ടിലെ വ്യാവസായിക പ്രദേശമായ ഹൊസൂരിലേക്ക് മാറ്റണമെന്ന് തമിഴ്നാട് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടുവരികയാണ്.

രണ്ട് ദിവസം മുൻപാണ് ഇന്ത്യയുടെ തദ്ദേശീയ അഞ്ചാം തലമുറ യുദ്ധവിമാനമായ 'അഡ്വാന്സ്ഡ് മീഡിയം കോംബാറ്റ് എയര്ക്രാഫ്റ്റ്' പദ്ധതിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങും ആന്ധ്ര മുഖ്യമന്ത്രി എന്. ചന്ദ്രബാബു നായിഡുവും ചേര്ന്ന് ശിലാസ്ഥാപനം നിർവ്വഹിച്ചത്.

ഹൊസൂരിൻ്റെ സമഗ്രമായ അടിസ്ഥാന സൗകര്യങ്ങള് ചൂണ്ടിക്കാട്ടി, ആവശ്യമായ എല്ലാ സൗകര്യങ്ങളും നൽകുമെന്ന് തമിഴ്നാട് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് വ്യക്തമാക്കി. 100 ഏക്കർ ഭൂമി സൗജന്യമായി നൽകാൻ തയാറായിരുന്നു. അതിനാൽ തന്നെ ഹൊസൂരിൽ പദ്ധതി വരുമെന്നാണ് കരുതിയിരുന്നതെന്നും സർക്കാർ വൃത്തങ്ങള് വ്യക്തമാക്കി.

എന്നാൽ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡു പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പദ്ധതി ആന്ധ്രാപ്രദേശിലേക്ക് മാറ്റുകയായിരുന്നു. ഒരു മാസത്തിനുള്ളിൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കാനാണ് ആന്ധ്രാപ്രദേശ് ലക്ഷ്യമിടുന്നത്. ആന്ധ്രാപ്രദേശിൽ തറക്കല്ലിടൽ ചടങ്ങും നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങിനെയും കണ്ട് റായൽസീമയിൽ പദ്ധതി പ്രാവർത്തികമാക്കണമെന്ന് അഭ്യർഥിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകള്.

വ്യാവസായിക പ്രദേശമായ ഒരു മുനിസിപ്പൽ കോർപ്പറേഷനാണ് ഹൊസൂർ. ഓട്ടോമൊബൈൽ, നിർമ്മാണ മേഖലകളിലെ നിരവധി കോർപ്പറേറ്റ് ഭീമന്മാർക്കും നിർമ്മാണ വ്യവസായങ്ങൾക്കും ഉള്പ്പെടെ പേരുകേട്ട സ്ഥലമാണ്. കൂടാതെ, ഹൊസൂരിന് സമീപം ഒരു ഐടി സാമ്പത്തിക മേഖല (SEZ) സ്ഥാപിക്കാനുള്ള നിർദ്ദേശവും നിലനിൽക്കുന്നുണ്ട്.

ബെംഗളൂരുവിലെ കെമ്പെഗൗഡ വിമാനത്താവളത്തിന് 75 കിലോമീറ്റർ അകലെയാണ് സ്ഥലം. ഹൊസൂരിൽ മറ്റൊരു വിമാനത്താവളം നിർമ്മിക്കാനുള്ള സാധ്യതയും തമിഴ്നാട് സർക്കാർ പരിശോധിച്ചുവരികയാണ്. അതിനാൽ തന്നെ പദ്ധതിയ്ക്കായി ഏറ്റവും അനുയോജ്യമായ സ്ഥലം തമിഴ്നാട്ടിലെ ഹൊസൂർ ആണെന്നാണ് വിലയിരുത്തുന്നത്.

കൂടാതെ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റുകളുടെ രൂപകൽപ്പനയ്ക്കും വികസനത്തിനും ഉത്തരവാദികളായ നോഡൽ ഏജൻസിയായ എയറോനോട്ടിക്കൽ ഡെവലപ്മെൻ്റ് ഏജൻസി (എഡിഎ) ഹൊസൂരിൽ നിന്ന് വെറും 40 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഡിആർഡിഒയും എഡിഎയും സംയുക്തമായാണ് എഎംസിഎ പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. ഈ ഗുണങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും, പ്രതിരോധ മന്ത്രാലയം ഒടുവിൽ പുട്ടപർത്തിയെ ഈ പദ്ധതി സ്ഥാപിക്കുന്നതിനുള്ള സ്ഥലമായി തിരഞ്ഞെടുത്തതിൽ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News