Enter your Email Address to subscribe to our newsletters

kannur , 17 മെയ് (H.S.)
കണ്ണൂർ: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎമ്മിനുള്ളിൽ ആഭ്യന്തര കലഹവും വിമർശനങ്ങളും ശക്തമാകുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ വാർത്താസമ്മേളന ശൈലിക്കെതിരെയും തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെയും സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ അംഗങ്ങൾ അതിരൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. പാർട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരിൽ നിന്ന് തന്നെ നേതൃത്വത്തിനെതിരെ ഇത്തരം ആക്ഷേപങ്ങൾ ഉയർന്നത് വരും ദിവസങ്ങളിൽ പാർട്ടിയിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കും.
സെക്രട്ടറിയുടെ ശൈലി പരിഹാസ്യമാകുന്നു
സംസ്ഥാന സെക്രട്ടറി പാർട്ടി തീരുമാനങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിക്കുന്ന രീതിയിൽ ഒട്ടും വ്യക്തതയില്ലെന്നാണ് ജില്ലാ കമ്മിറ്റി യോഗത്തിൽ ഉയർന്ന പ്രധാന വിമർശനം. പല സുപ്രധാന കാര്യങ്ങളും പൊതുജനങ്ങൾക്കും അണികൾക്കും മനസ്സിലാകുന്ന രീതിയിലല്ല അദ്ദേഹം അവതരിപ്പിക്കുന്നത്. ചില വിശദീകരണങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ പാർട്ടിയെ പരിഹാസ്യപാത്രമാക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നുണ്ട്. ഇത്തരം തെറ്റായ പ്രവർത്തന ശൈലികൾ അടിയന്തിരമായി തിരുത്തിയാൽ മാത്രമേ പാർട്ടിക്ക് ഇനി മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂവെന്നും, നേതാക്കളുടെ ഈ ശൈലി തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിക്ക് കാരണമായിട്ടുണ്ടെന്നും അംഗങ്ങൾ യോഗത്തിൽ തുറന്നടിച്ചു.
തളിപ്പറമ്പിൽ സ്ഥാനാർത്ഥിയെ അടിച്ചേൽപ്പിച്ചു
തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രാദേശിക വികാരം മാനിച്ചില്ലെന്നതാണ് യോഗത്തിൽ ഉയർന്ന മറ്റൊരു കടുത്ത ആക്ഷേപം. പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ തുടക്കം മുതൽ തന്നെ വലിയ രീതിയിലുള്ള എതിർപ്പുകൾ ഉയർന്നിരുന്നു. എന്നാൽ ഈ ജനവികാരത്തെയും പാർട്ടി അണികളുടെ വിയോജിപ്പിനെയും പൂർണ്ണമായി അവഗണിച്ചുകൊണ്ട് മുന്നോട്ടുപോയത് വലിയ തിരിച്ചടിയായി മാറി.
സ്ഥാനാർത്ഥിയെ അടിച്ചേൽപ്പിക്കുന്ന രീതിയാണ് നേതൃത്വം സ്വീകരിച്ചതെന്ന തോന്നൽ പാർട്ടി അംഗങ്ങളിലും അനുഭാവികളിലും ശക്തമായി ഉണ്ടായിരുന്നു. ഇത് പാർട്ടിയുടെ ഉറച്ച കേന്ദ്രങ്ങളിൽ പോലും വലിയ രീതിയിലുള്ള എതിർ വികാരം ഉയരുന്നതിന് കാരണമായി. എന്നാൽ ഈ അസംതൃപ്തി മുൻകൂട്ടി കാണുന്നതിൽ ജില്ലാ-സംസ്ഥാന നേതൃത്വങ്ങൾക്ക് ഗുരുതരമായ വീഴ്ച പറ്റിയെന്നും യോഗം വിലയിരുത്തി.
എം.എ. ബേബിയുടെ നിലപാടിനെതിരെ പരോക്ഷ വിമർശനം
തെരഞ്ഞെടുപ്പ് തോൽവിക്ക് 'കൂട്ടുത്തരവാദിത്തം' മാത്രമാണെന്ന പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ വിലയിരുത്തലിനെതിരെയും യോഗത്തിൽ പരോക്ഷ വിമർശനമുയർന്നു. പരാജയത്തിന് അണികളെയും കൂട്ടുത്തരവാദിത്തത്തെയും മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും, ഉയർന്ന നേതാക്കളുടെ പ്രവർത്തനശൈലി തന്നെയാണ് തോൽവിയുടെ പ്രധാന കാരണങ്ങളിലൊന്നെന്ന് അംഗങ്ങൾ ഓർമ്മിപ്പിച്ചു.
പാർട്ടിയുടെ അടിത്തറ ഭദ്രമാണെന്ന് വെറും വോട്ട് കണക്കുകൾ നിരത്തി അവകാശപ്പെടുന്നത് ശാസ്ത്രീയമായ രീതിയല്ല. മുൻപ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ടിങ് ശതമാനം തിരിച്ചും മറിച്ചും കണക്കുകൂട്ടി 'നമുക്ക് വലിയ പരാജയമില്ല' എന്ന് വരുത്തിത്തീർത്ത വിലയിരുത്തലുകൾ തികച്ചും തെറ്റായിരുന്നുവെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. ആ സമയങ്ങളിൽ കൃത്യമായ രാഷ്ട്രീയ അപഗ്രഥനം നടത്തി യഥാർത്ഥ കാരണങ്ങൾ കണ്ടെത്തിയിരുന്നെങ്കിൽ, ഇപ്പോൾ ഉണ്ടായതുപോലുള്ള വലിയ അടിയൊഴുക്കുകൾ തടയാൻ പാർട്ടിക്ക് കഴിയുമായിരുന്നുവെന്നും ജില്ലാ കമ്മിറ്റി അംഗങ്ങൾ നിരീക്ഷിച്ചു.
---------------
Hindusthan Samachar / Roshith K