Enter your Email Address to subscribe to our newsletters

Thiruvananthapuram, 17 മെയ് (H.S.)
ലോകത്തിലെ ഏറ്റവും കഠിനവും ദൈര്‍ഘ്യമേറിയതുമായ പഠന കോഴ്സുകളില്‍ ഒന്നാണ് എം.ബി.ബി.എസ്. അനവധി വര്‍ഷങ്ങളുടെ കഠിനാധ്വാനവും പരിശീലനവും, അതീവ ഉത്തരവാദിത്വവും നിറഞ്ഞ ഈ മേഖലയിലെ ഡോക്ടര്‍മാര്‍ക്ക് അവരുടെ സേവനത്തിനും സമര്‍പ്പണത്തിനും യോജിച്ച മാന്യമായ ശമ്പളവും അംഗീകാരവും ലഭിക്കേണ്ടതാണ്.
എന്നാല്‍ കേരളത്തിലെ സ്ഥിതി വളരെ ആശങ്കജനകമാണ്. ഇവിടെ ഉള്ള ജൂനിയര്‍ ഡോക്ടര്‍മാരുടെ തൊഴിലില്ലായ്മയും, തുച്ഛമായ ശമ്പളവും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ശക്തമായ ഉല്‍ക്കണ്ഠ രേഖപ്പെടുത്തി.
ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്യുന്ന എം.ബി.ബി.എസ്. ഡോക്ടര്‍മാര്‍ എന്ത് കൊണ്ടും പ്രതിമാസം 80,000 രൂപ എങ്കിലും ശമ്പളത്തിന് തികച്ചും അര്‍ഹരാണ് എന്നാണ് സംഘടനയുടെ അഭിപ്രായം.
കൊച്ചിയില്‍ ഇന്ന് കൂടിയ ഐ.എം.എ. സംസ്ഥാന കമ്മിറ്റി ഈ വിഷയത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു. ഡോക്ടര്‍മാര്‍ക്ക് മിനിമം വേജസ് വേണമെന്ന വര്‍ഷങ്ങളായിട്ടുള്ള ആവശ്യം പഠിക്കുവാനുമായി കഴിഞ്ഞ സംസ്ഥാനസമിതി നിശ്ചയിച്ച കമ്മിറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏതാണ്ട് നാലായിരത്തോളം ഡോക്ടര്‍മാര്‍ പങ്കെടുത്ത പഠനത്തില്‍ ആശ്ചര്യജനകമായ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
പ്രതിമാസം മുപ്പതിനായിരം രൂപയ്ക്ക് താഴെ ശമ്പളത്തില്‍ ജോലി ചെയ്യുന്ന നിരവധി ഡോക്ടര്‍മാരുണ്ടെന്ന് പഠനം കണ്ടെത്തി. ഏതാണ്ട് 82% ഡോക്ടര്‍മാര്‍ക്കും മാന്യമായ ശമ്പളം ലഭിക്കുന്നില്ല. തൊഴിലില്ലായ്മയും തുച്ഛമായ ശമ്പളവും മൂലം 70% ഡോക്ടര്‍മാരും കേരള സംസ്ഥാനം വിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്കും മറ്റ് രാജ്യങ്ങളിലേക്കും ജോലി തേടി പോകാന്‍ ആഗ്രഹിക്കുന്നു. ഏതാണ്ട് 81% ജൂനിയര്‍ ഡോക്ടര്‍മാരും നിര്‍ബന്ധിത ബോണ്ട് സര്‍വീസില്‍ പെട്ടവരാണ്.
സ്‌പെഷ്യലിസ്റ്റുകള്‍ക്കും സൂപ്പര്‍ സ്‌പെഷ്യലിസ്റ്റുകള്‍ക്കുപോലും ന്യായമായ ശമ്പളം കേരളത്തില്‍ ലഭിക്കുന്നില്ല. ശമ്പളം, സ്‌റ്റൈപെന്റ് മുതലായവ കൃത്യമായ സമയത്ത് വിതരണം ചെയ്യപ്പെടുന്നില്ല.
വിദേശ വിദ്യാഭ്യാസം നടത്തി കേരളത്തില്‍ എത്തിയ ഡോക്ടര്‍മാരുടെ സ്ഥിതിയാണ് ഏറ്റവും ദയനീയം. സ്റ്റൈപെന്റ് പോലും ലഭിക്കാത്തവരാണ് ഈ വിഭാഗക്കാര്‍. ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയാലും ഇവരെ രണ്ടാം തട്ടുകാരായി കാണുകയും വിവേചന ബുദ്ധിയോടെ ശമ്പളം നല്‍കുകയും ചെയ്യുന്നു.
ഇത്തരം നിരവധി വിഷയങ്ങള്‍ പഠനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ പഠനത്തെ വിലയിരുത്തി നടന്ന ചര്‍ച്ചയില്‍ ഏറ്റവും പ്രാഥമികമായി എം.ബി.ബി.എസ.് ഡോക്ടര്‍മാര്‍ക്ക് ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്യുന്നതിന് 80,000 രൂപ ശമ്പളം ലഭ്യമാക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു.
അധിക ജോലിക്ക് കൂടുതല്‍ ശമ്പളം നല്‍കുകയും കൃത്യമായ സമയത്ത് തന്നെ ശമ്പളം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും തൊഴിലിടത്തിലെ സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ ഉണ്ടാവുകയും വേണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.
സ്‌പെഷ്യലിസ്റ്റ്, സൂപ്പര്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെയും മറ്റ് വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ ശമ്പളവും റസിഡന്റ് മാരുട സ്‌റ്റൈപ്പന്‍സ് തുടങ്ങിയ വിഷയങ്ങളിലും ശക്തമായ നിലപാടുകള്‍ എടുക്കുമെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
മിനിമം ശമ്പളം 80,000 രൂപ എന്നുള്ള നിലപാട് നടപ്പിലാക്കുവാന്‍ ഇതുമായി ബന്ധപ്പെട്ട അധികാരികളുമായി ചര്‍ച്ച ചെയ്യുമെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. എം.എന്‍. മേനോനും സംസ്ഥാന സെക്രട്ടറി
ഡോ. റോയ് ആര്‍. ചന്ദ്രനും അറിയിച്ചു.
---------------
Hindusthan Samachar / Sreejith S