Enter your Email Address to subscribe to our newsletters

Thiruvananthapuram , 17 മെയ് (H.S.)
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒൻപത് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചത്.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (മെയ് 17) മുതൽ 20 വരെ ഇടിമിന്നലോടു കൂടിയ മഴക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 24 മണിക്കൂറിൽ 64. 5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിലാണ് കേരളത്തിൽ ശക്തമായ മഴ തുടരുന്നത്. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിൻ്റെ പ്രവചനം.
അതേസമയം ഇത്തവണ കേരളത്തിൽ മൺസൂൺ മെയ് 26 ഓടെ എത്തുമെന്നാണ് കാലാവസ്ഥ പ്രവചനം. മെയ് 22 മുതൽ മെയ് 30 വരെയുള്ള ഏത് ദിവസവും കാലവർഷം കേരളത്തിൽ എത്തിയേക്കാം. കഴിഞ്ഞ ആറു വർഷത്തെ കണക്ക് പരിശോധിക്കുമ്പോൾ 2023 ലാണ് കാലവർഷം കേരളത്തിൽ ഏറ്റവും വൈകി എത്തിയത്.
ജാഗ്രത നിർദേശം
സംസ്ഥാനത്ത് ഇത്തവണ കാലവർഷം നേരത്തെ എത്തുന്നതിനാൽ പൊതുജനങ്ങൾ കടുത്ത ജാഗ്രത നിർദേശം പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി മാറി താമസിക്കണം.
മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കേണ്ടതാണ്.
ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.
മലയോര മേഖലയിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കണം. അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. നദികളിലും തോടുകളിലും ജലനിരപ്പ് പെട്ടെന്ന് ഉയർന്നേക്കാമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR