Enter your Email Address to subscribe to our newsletters

Jadcherla, 17 മെയ് (H.S.)
പ്രണയം നിരസിച്ചതിന്റെ പേരില് യുവതിയെ കഴുത്തറുത്ത് കൊന്ന് യുവാവ്. തെലങ്കാന മഹബൂബ് നഗർ ജില്ലയിലെ ജഡ്ചർലയിൽ ആണ് ക്രൂരമായ സംഭവം നടന്നത്. എരസത്യം കോളനിയില് താമസിക്കുന്ന വൈഷ്ണവി (22) ആണ് സുഹൃത്ത് തേജ (28)യുടെ ആക്രമണത്തില് കൊല്ലപ്പെട്ടത്. സംഭവ ശേഷം തേജയെ നാട്ടുകാർ പിടികൂടി മർദിക്കുകയായിരുന്നു. മർദനത്തില് പരിക്കേറ്റ ഇയാള് ആശുപത്രിയില് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
രാമചന്ദ്രയ്യ, ശ്രീലത ദമ്പതികളുടെ മൂത്തമകളാണ് വൈഷ്ണവി. ഒരു സ്വകാര്യ സ്കൂളില് റിസപ്ഷനിസ്റ്റ് ആയി ജോലി ചെയ്ത് വരികയായിരുന്നു യുവതി. നേരത്തെ ഹൈദരാബാദിലെ ഒരു കോളജിലും യുവതി ജോലി ചെയ്തിരുന്നു. ഇതിനിടെയാണ് ഹൈദരാബാദ് സ്വദേശിയായ തേജയുമായി വൈഷ്ണവി സൗഹൃദത്തിലാകുന്നത് എന്ന് സിഐ കമലാകർ പറഞ്ഞു.
ഒരുദിവസം തേജ വൈഷ്ണവിയോട് പ്രണയാഭ്യർഥന നടത്തി. എന്നാല് യുവതി അയാളുടെ പ്രണയാഭ്യർഥന നിരസിക്കുകയായിരുന്നു. പിന്നീട് ഇയാള് യുവതിയെ നിരന്തരം ശല്യം ചെയ്തു. ഇതിനിടെ യുവതിയ്ക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചു. ഈ സംഭവം യുവാവിനെ കോപാകപലനാക്കി. ഇയാള് യുവതിയോട് ദേഷ്യപ്പെടുകയും മറ്റാരെയും വിവാഹം കഴിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നാലെയാണ് യുവതിയെ കൊല്ലാൻ ഇയാള് പദ്ധതി തയാറാക്കിയത് എന്ന് പൊലീസ് പറഞ്ഞു.
കഴുത്തില് കഠാരയിറക്കിയ പ്രണയപ്പക
ഇന്നലെ (മെയ് 16) സ്കൂളിലെ ജോലി കഴിഞ്ഞ് വൈഷ്ണവി വീട്ടിലേക്ക് മടങ്ങുംവഴിയാണ് തേജ ആക്രമിച്ചത്. യുവതിയെ പിന്തുടർന്ന ഇയാള് കയ്യില് കത്തിയും കരുതിയിരുന്നു. ഇടക്ക് വച്ച് ഇയാള് കത്തി ഉപയോഗിച്ച് യുവതിയുടെ കഴുത്തറുത്തു. രക്തസ്രാവം ഉണ്ടായി അത്യാസന്ന നിലയിലായ വൈഷ്ണവിയെ നാട്ടുകാരാണ് ആശുപത്രിയില് എത്തിച്ചത്. എന്നാല് ആശുപത്രിയില് എത്തുന്നതിന് മുമ്പ് തന്നെ യുവതി മരിച്ചിരുന്നു.
ആക്രമണം നടത്തി യുവാവ് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. പിന്തുടർന്ന നാട്ടുകാർ നസുറുല്ലബാദ് റോഡിന് സമീപത്ത് വച്ച് ഇയാളെ പിടികൂടി. നാട്ടുകാർ യുവാവിന്റെ കൈകാലുകള് ബന്ദിച്ച് കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില് യുവാവിന് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ഇയാളെ നാട്ടുകാർ മഹബൂബ് നഗർ പൊലീസിന് കൈമാറി. യുവാവിനെ പൊലീസ് സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഇയാള് മരിക്കുകയായിരുന്നു.
നേരത്തെയും ഇത്തരത്തില് നിരവധി വാർത്തകള് പുറത്തുവന്നിരുന്നു. പ്രണയം നിരസിച്ചതിന്റെ പേരില് നിരവധി പേരാണ് കൊല്ലപ്പെട്ടത്. പലർക്കും നേരം ആസിഡ് ആക്രമണം പോലുള്ളവയും ഉണ്ടായിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR