Enter your Email Address to subscribe to our newsletters

Newdelhi , 17 മെയ് (H.S.)
ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി (NEET-UG 2026) ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് കനത്ത പ്രതിസന്ധിയിലായ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ (NTA) വൻ അഴിച്ചുപണിയുമായി കേന്ദ്ര സർക്കാർ. ഏജൻസിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും പരീക്ഷാ നടത്തിപ്പ് കൂടുതൽ സുതാര്യമാക്കുന്നതിനുമായി പുതിയ രണ്ട് ജോയിന്റ് സെക്രട്ടറിമാരെയും രണ്ട് ജോയിന്റ് ഡയറക്ടർമാരെയും കേന്ദ്ര പേഴ്സണൽ മന്ത്രാലയം നിയമിച്ചു. പരീക്ഷാ ചോർച്ചയെത്തുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിലാണ് അടിയന്തര നടപടിയെന്നോണം കേന്ദ്രത്തിന്റെ ഈ ഇടപെടൽ.
പുതിയ നിയമനങ്ങളും ഉദ്യോഗസ്ഥരും
കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം അനുജ ബപത്, രുചിത വിജ് എന്നിവരെയാണ് അഞ്ച് വർഷത്തെ കാലാവധിയിൽ എൻടിഎയുടെ പുതിയ ജോയിന്റ് സെക്രട്ടറിമാരായി നിയമിച്ചിരിക്കുന്നത്. 1998 ബാച്ചിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് (ISS) ഉദ്യോഗസ്ഥയാണ് അനുജ ബപത്. 2004 ബാച്ചിലെ ഇന്ത്യൻ റവന്യൂ സർവീസ് (കസ്റ്റംസ് ആൻഡ് ഇൻഡയറക്ട് ടാക്സസ്) ഉദ്യോഗസ്ഥയാണ് രുചിത വിജ്.
ഇവർക്ക് പുറമെ ആകാശ് ജെയിൻ, ആദിത്യ രാജേന്ദ്ര ഭോജ്ഗഡിയ എന്നിവരെ എൻടിഎയുടെ ജോയിന്റ് ഡയറക്ടർമാരായും നിയമിച്ചിട്ടുണ്ട്. ഐആർഎസ് (ഇൻകം ടാക്സ്) ഉദ്യോഗസ്ഥനാണ് ആകാശ് ജെയിൻ. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ് ഉദ്യോഗസ്ഥനാണ് ആദിത്യ രാജേന്ദ്ര ഭോജ്ഗഡിയ. മുൻനിര ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി എൻടിഎയുടെ നേതൃനിര ശക്തമാക്കുക വഴി ഏജൻസിയുടെ വിശ്വാസ്യത തിരിച്ചുപിടിക്കാനാണ് സർക്കാർ ഇതിലൂടെ ശ്രമിക്കുന്നത്.
രണ്ടാമത്തെ സൂത്രധാരയും പിടിയിൽ; സിബിഐ അന്വേഷണം ശക്തം
നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കേസിൽ അന്വേഷണം നടത്തുന്ന സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) കേസിന്റെ രണ്ടാമത്തെ പ്രധാന സൂത്രധാരയെ പൂനെയിൽ നിന്ന് അറസ്റ്റ് ചെയ്തു. പൂനെയിലെ സീനിയർ ബോട്ടണി അധ്യാപികയായ മനീഷ ഗുരുനാഥ് മന്ധാരെയാണ് പിടിയിലായത്. ബയോളജി ചോദ്യപേപ്പർ ചോർത്തിയതിന് പിന്നിലെ പ്രധാന കണ്ണിയാണ് ഇവരെന്ന് സിബിഐ വ്യക്തമാക്കി.
നീറ്റ്-യുജി പരീക്ഷാ പ്രക്രിയയുമായി ബന്ധപ്പെട്ട് എൻടിഎയുടെ തന്നെ വിദഗ്ധ പാനലിൽ അംഗമായിരുന്നു മനീഷ മന്ധാരെ. ഇതുകൊണ്ടുതന്നെ ബോട്ടണി, സുവോളജി ചോദ്യപേപ്പർ കൈകാര്യം ചെയ്യാൻ ഇവർക്ക് പൂർണ്ണ അനുമതിയുണ്ടായിരുന്നു. ഈ പദവി ദുരുപയോഗം ചെയ്താണ് ഇവർ ചോദ്യപേപ്പർ ചോർത്തിയത്. 2026 ഏപ്രിലിൽ, പൂനെയിൽ നിന്ന് നേരത്തെ (മേയ് 14-ന്) അറസ്റ്റിലായ മനീഷ വാഗ്മറെ വഴി നിരവധി നീറ്റ് ഉദ്യോഗാർത്ഥികളുമായി ഇവർ ബന്ധം സ്ഥാപിച്ചതായും ചോദ്യപേപ്പർ കൈമാറിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഇതുവരെ ഒൻപത് പേർ അറസ്റ്റിൽ; രാജ്യവ്യാപക റെയ്ഡ്
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി, ജയ്പൂർ, ഗുരുഗ്രാം, നാസിക്, പൂനെ, അഹല്യാനഗർ എന്നിവിടങ്ങളിൽ നിന്നായി ഇതുവരെ ഒൻപത് പേരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ അഞ്ച് പ്രതികളെ കോടതിയിൽ ഹാജരാക്കി ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പൂനെയിൽ നിന്ന് പിടിയിലായ മറ്റ് രണ്ട് പേരെ ട്രാൻസിറ്റ് റിമാൻഡ് അനുമതിയോടെ ഡൽഹി കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ്.
കേസിലെ മുഖ്യസൂത്രധാരനായ പി.വി. കുൽക്കർണിയെ മേയ് 15 വെള്ളിയാഴ്ച പൂനെയിൽ നിന്ന് സിബിഐ പിടികൂടിയിരുന്നു. ചോദ്യപേപ്പർ ചോർത്തുന്നതിൽ കുൽക്കർണിക്കും മനീഷ വാഗ്മറെയ്ക്കുമൊപ്പം നിർണ്ണായക പങ്ക് വഹിച്ച മറ്റ് രണ്ട് ലക്ചറർമാർക്കായി സിബിഐ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പൂനെ, ലാത്തൂർ തുടങ്ങിയ നഗരങ്ങളിൽ സിബിഐ വ്യാപക റെയ്ഡുകൾ നടത്തിവരികയാണ്. എൻടിഎയുടെ ഉന്നത ഉദ്യോഗസ്ഥരുടെ മാറ്റത്തോടെ പരീക്ഷാ സുരക്ഷ കൂടുതൽ ശക്തമാക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
---------------
Hindusthan Samachar / Roshith K