Enter your Email Address to subscribe to our newsletters

Kollam , 17 മെയ് (H.S.)
ഓച്ചിറ പരബ്രഹ്മക്ഷേത്രം പടനിലത്ത് ചരിത്രപ്രസിദ്ധമായ ഓച്ചിറക്കളിയുടെ പരിശീലനം ആരംഭിച്ചു. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഓച്ചിറക്കളിക്ക് ക്ഷേത്രത്തിൻ്റെ ഭരണസമിതി നേരിട്ട് പരിശീലനം നൽകുന്നത്. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തോടെ സ്ത്രീ - പുരുഷ വ്യത്യാസം ഇല്ലാതെ മൂന്ന് വയസ് മുതലുള്ളവർക്കാണ് പരിശീലനം നൽകുന്നത്. കളി ആശാന്മാരായ പാട്ടത്തിൽ സുരേഷ് ഓച്ചിറ വിജയൻ ഷാജി ബിനു കിഷോർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.
18 അടവും 18 ചൊല്ലും 18 ചുവടും ഒരു മാസം കൊണ്ട് പരിശീലിച്ച് മിഥുന മാസം ഒന്നും രണ്ടും തീയതികളിൽ നടക്കുന്ന ഓച്ചിറക്കളിയിൽ 52 കരകളിലെയും സമീപ പ്രദേശത്ത് നിന്നുമുള്ള കളി സംഘങ്ങളാണ് പങ്കെടുക്കുന്നത്.
എന്താണ് ഓച്ചിറക്കളി
കളി പോലെ നടത്തുന്ന പോരാട്ടമാണ് ഓച്ചിറക്കളി. മിഥുനം മാസം ഒന്നും രണ്ടും ദിവസങ്ങളിലാണ് ഓച്ചിറക്കളി സാധാരണയായി നടത്തി വരുന്നത്. കായംകുളത്തെയും ചെമ്പകശേരിയിലെയും രാജാക്കൻമാർ തമ്മിൽ നടന്ന യുദ്ധം അനുസ്മരിപ്പിക്കുന്നതാണ് ഓച്ചിറക്കളി.
ജൂൺ മാസം പകുതിയോടെയാണ് ഓച്ചിറയിലെ പടനിലത്തിൽ ഓച്ചിറ വേലകളി അരങ്ങേറുക. 52 കരക്കാരാണ് ഇതിൽ പങ്കെടുക്കുന്നത്. ഈ 52 കരക്കാർക്കും കൂടി അവകാശപ്പെട്ടതാണ് ഈ ക്ഷേത്രം. ഇതിൽ ആബാലവൃദ്ധം ആയുധമേന്തി പങ്കുകൊള്ളും. കളരിസംഘങ്ങളാണ് പ്രധാനമായും ഓച്ചിറക്കളിയിൽ പങ്കെടുക്കുന്നത്. പഴയ പടയാളികളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ വേഷവിധാനങ്ങളും വാളും പരിചയും വടിയും കത്തിയും തിരുസന്നിധിയിലെ പടനിലത്തെത്തും.
പരബ്രഹ്മമൂർത്തി വാഴുന്ന ആൽത്തറകൾ, മുത്തുക്കുടകളും വാദ്യമേളങ്ങളുമായി വലംവച്ചെത്തുന്ന കളരി സംഘങ്ങൾ ഘോഷയാത്രക്ക് എത്തും. ഘോഷയാത്ര കഴിഞ്ഞാലുടൻ കിഴക്കും പടിഞ്ഞാറും കരക്കാരായി പിരിഞ്ഞ് കളിയാശാന്മാരും യോദ്ധാക്കളും കളിക്കിക്കണ്ടത്തിൻ്റെ ഇരുഭാഗങ്ങളിലായി നിരന്ന് നിൽക്കും.
ആയോധനകലയുടെ 18 അടവുകൾ നിരന്ന കരക്കളിയാണ് ആദ്യം. കരക്കളിക്ക് ശേഷം ഇരുഭാഗത്ത് നിന്നും കരനാഥൻമാർ കരകളുടെ പതാകയുമേന്തി എട്ടുകണ്ടത്തിലേക്കിറങ്ങുന്നു. കരപറഞ്ഞ് കൈകൊടുക്കുന്നതോടെ യോദ്ധാക്കൾ മുട്ടോളം വെള്ളം നിറഞ്ഞ എട്ടുകണ്ടത്തിലേക്ക് ആരവത്തോടെ ഇറങ്ങും. പിന്നെ പോര് വെള്ളത്തിലാണ്.
വെള്ളവും ചളിയും ചവിട്ടിമെതിച്ച് ഇരു കരക്കാരും ഏറ്റുമുട്ടുമ്പോൾ ദേഹമാസകലം ചളിവെള്ളം തെറിക്കും. ഇതിൽ പടവെട്ടി അടുത്തവർഷം വീണ്ടും കാണാം എന്നു പറഞ്ഞ് പിരിഞ്ഞു പോകലാണ് ഓച്ചിറക്കളിയുടെ രീതി. ഓച്ചിറക്കളിയുടെ പഴയ തനിമ വീണ്ടെടുക്കാനുള്ള ശ്രമിത്തിലാണ് ക്ഷേത്ര ഭരണസമിതി അംഗങ്ങൾ.
ഓച്ചിറ പരബ്രഹ്മസന്നിധിയിൽ നടന്ന ചടങ്ങ് കരനാഥനായ ശിവരാമൻ ആശാൻ ഭദ്രദീപം തെളിയിച്ചു. ക്ഷേത്ര ഭരണസമിതി സെക്രട്ടറി ബി എസ് വിനോദ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് രാജീവ് കടകംമ്പള്ളിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ആർ ഡി പത്മകുമാർ, ടി കെ വിക്രമൻ, കെ പത്മകുമാർ, എ ശുഭദേവ്, ജനാർദ്ദന കുറിപ്പ് തുടങ്ങിയവർ സംസാരിച്ചു. ഓച്ചിറക്കളി പഠിക്കാൻ താത്പര്യമുള്ളവർക്കായി രജിസ്ട്രേഷനും ആരംഭിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR