ഇന്ത്യയുടെ ജൈവവൈവിധ്യ ഭൂപടത്തിന് മറ്റൊരു അഭിമാന നിമിഷം സമ്മാനിച്ച് കേരളത്തിലെ പശ്ചിമഘട്ട മലനിരകളിൽ നിന്ന് പുതിയ ഇനം പുഷ്പിക്കുന്ന സസ്യത്തെ കണ്ടെത്തി ഗവേഷകർ.
Thiruvananthapuram , 17 മെയ് (H.S.) ഇന്ത്യയുടെ ജൈവവൈവിധ്യ ഭൂപടത്തിന് മറ്റൊരു അഭിമാന നിമിഷം സമ്മാനിച്ച് കേരളത്തിലെ പശ്ചിമഘട്ട മലനിരകളിൽ നിന്ന് പുതിയ ഇനം പുഷ്പിക്കുന്ന സസ്യത്തെ കണ്ടെത്തി ഗവേഷകർ. കാലിക്കറ്റ് സർവകലാശാലയിലെ ബോട്ടണി വിഭാഗവും ബൊട്ടാണിക്ക
Sonerila Roxburghi


Thiruvananthapuram , 17 മെയ് (H.S.)

ഇന്ത്യയുടെ ജൈവവൈവിധ്യ ഭൂപടത്തിന് മറ്റൊരു അഭിമാന നിമിഷം സമ്മാനിച്ച് കേരളത്തിലെ പശ്ചിമഘട്ട മലനിരകളിൽ നിന്ന് പുതിയ ഇനം പുഷ്പിക്കുന്ന സസ്യത്തെ കണ്ടെത്തി ഗവേഷകർ. കാലിക്കറ്റ് സർവകലാശാലയിലെ ബോട്ടണി വിഭാഗവും ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ അപൂർവ കണ്ടെത്തൽ.

മെലാസ്റ്റോമറ്റേസിയെ സസ്യകുടുംബത്തിലെ 'സുന്ദരിയില'

ഇടുക്കി ജില്ലയിലെ മാങ്കുളം, കല്ലാര് തുടങ്ങിയ പ്രദേശങ്ങളില് 1380 മുതല് 1480 മീറ്റര് വരെയുള്ള ഉയരത്തില് നിന്നാണ് മെലാസ്റ്റോമറ്റേസിയെ സസ്യകുടുംബത്തിലെ 'സുന്ദരിയില' എന്നറിയപ്പെടുന്ന സോണറില ജനുസില്പ്പെട്ട സസ്യത്തെ കണ്ടെത്തിയത്. കാലിക്കറ്റ് സര്വകലാശാല സസ്യശാസ്ത്രവിഭാഗം മുന് മേധാവിയും സീനിയര് പ്രഫസറുമായിരുന്ന ഡോ. സന്തോഷ് നമ്പി, കാലിക്കറ്റ് സര്വകലാശാല മുന് ഗവേഷകയും നിലവില് ബൊട്ടാണിക്കല് സര്വേ ഓഫ് ഇന്ത്യയില് റിസര്ച് അസോസിയേറ്റുമായ ഡോ. എസ്. രശ്മി, ബൊട്ടാണിക്കല് സര്വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞന് ഡോ. കെ. കാര്ത്തികേയന്, കാലിക്കറ്റ് സര്വകലാശാല ഗവേഷകയായിരുന്ന ഡോ. ഡാനി ഫ്രാന്സിസ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ബോട്ടണി വിഭാഗം അധ്യാപകന് ഡോ. വിഷ്ണു മോഹന് എന്നിവരടങ്ങുന്ന ഗവേഷകരാണ് പുതിയ സസ്യത്തെ കണ്ടെത്തിയത്.

ഫിന്ലാന്ഡില് നിന്ന് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ജേര്ണലായ 'അനല്സ് ബോട്ടണിസി' ഫെന്നിസിയില് കണ്ടെത്തലിൻ്റെ വിശദാംശങ്ങള് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സോണറില ജനുസ്സിനെ സസ്യലോകത്തിനു പരിചയപ്പെടുത്തിയ, ഇന്ത്യന് സസ്യശാസ്ത്രത്തിൻ്റെ പിതാവായി അറിയപ്പെടുന്ന വില്യം റോക്സ്ബര്ഗിനോടുള്ള ആദരസൂചകമായി ' സോണറില റോക്സ്ബര്ഗി ' എന്നാണ് ഇതിനു ശാസ്ത്രീയനാമം നല്കിയിരിക്കുന്നത്.

സവിശേഷ രൂപഘടനകൾ

ഗവേഷകരുടെ അഭിപ്രായത്തിൽ സോണറില റോക്സ്ബർഗിക്ക് നിരവധി സവിശേഷ രൂപഘടനകൾ ഉണ്ട്. അറുപത് സെൻ്റിമീറ്റര് വരെ ഉയരത്തില് വളരുന്ന തണ്ടുകളും ഇളം പിങ്ക് നിറത്തോടു കൂടിയ പൂക്കളും ക്രമേണ നേര്ത്ത് ഞെട്ടിനോടുചേര്ന്ന് വളരുന്ന ഇലയുടെ മിനുസമേറിയ പരന്നഭാഗവും സോണറില റോക്സ്ബര്ഗിയെ വ്യത്യസ്തമാക്കുന്നു. പുതിയ കണ്ടെത്തലിൻ്റെ ഭാഗമായി, അതിതീവ്ര വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ പട്ടികയില് ഈ സസ്യത്തെ ഉള്പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില് സോണറില ജനുസ്സിൻ്റെ അന്പതോളം സ്പീഷിസുകളുണ്ട്. അതീവ സംരക്ഷണ പ്രാധാന്യം അര്ഹിക്കുന്ന ഇവയില് ഭൂരിഭാഗവും കാണപ്പെടുന്നത് പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ പ്രദേശങ്ങളിലാണ്. പശ്ചിമഘട്ടമലയോര മേഖലകളിലെ അനിയന്ത്രിത നിര്മാണപ്രവര്ത്തനങ്ങളും ടൂറിസവും ചെങ്കല്കുന്നുകളിലെ ഖനനവും ഇവയുടെ നിലനില്പ്പിനെ ദോഷകരമായി ബാധിക്കുന്നതായി ഗവേഷകര് അഭിപ്രായപ്പെട്ടു.

തുടർ ഗവേഷണം

വർഷങ്ങളായി , പശ്ചിമഘട്ടത്തിൽ നിന്നുള്ള നിരവധി പുതിയ ജീവിവർഗങ്ങളെ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്, അവയിൽ സോണറില ലോംഗിപെഡൻകുലാറ്റ , സോണറില ലാറ്ററിറ്റിക്ക , സോണറില കൊങ്കനെൻസിസ് , സോണറില സ്റ്റോളോണിഫെറ എന്നിങ്ങനെയുള്ള ജീവിവർഗങ്ങളിൽ പലതും ഒറ്റപ്പെട്ട കുന്നിൻ പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്നവയാണ് അവ ദൂർബലമോ വംശനാശഭീഷണി നേരിടുന്നതോ ആയി കണക്കാക്കപ്പെടുന്നു.

വർഗീകരണം, സസ്യ രൂപഘടന,സംരക്ഷണ ജീവശാസ്ത്രം, മെലാസ്റ്റോമാറ്റേസി കുടുംബത്തിലെ പരിണാമ ബന്ധങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഗവേഷണം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എട്ട് ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളിൽ ഒന്നായ പശ്ചിമഘട്ടത്തിൻ്റെ പാരിസ്ഥിതിക പ്രാധാന്യം വിളിച്ചോതുന്നതാണ് പുതിയ കണ്ടെത്തൽ.

പശ്ചിമഘട്ടത്തിലെ സസ്യസമ്പത്ത് എത്രത്തോളം സമ്പന്നമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുമ്പോഴും, ഇവിടുത്തെ പരിസ്ഥിതി തകർച്ചയിൽ കടുത്ത ആശങ്കയാണ് പരിസ്ഥിതി പ്രവർത്തകരും ശാസ്ത്രലോകവും പങ്കുവെക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News