Enter your Email Address to subscribe to our newsletters

Kerala, 17 മെയ് (H.S.)
തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റം പ്രഖ്യാപിച്ചുകൊണ്ട് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് മന്ത്രിസഭ അധികാരമേൽക്കാൻ ഒരുങ്ങുന്നു. ഏറെ ആകാംക്ഷകൾക്കൊടുവിൽ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെയാണ് വാർത്താസമ്മേളനത്തിൽ പുതിയ മന്ത്രിമാരുടെ പട്ടിക ഔദ്യോഗികമായി പുറത്തുവിട്ടത്. കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ എടുത്ത തീരുമാനമാണിതെന്നും പ്രമുഖ നേതാക്കളുമായി കൃത്യമായ കൂടിയാലോചനകൾ നടത്തിയ ശേഷമാണ് അന്തിമ പട്ടിക തയ്യാറാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിൽ തന്നെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
മന്ത്രിമാരുടെ വകുപ്പുകളിൽ പ്രാഥമികമായ ധാരണയായിട്ടുണ്ടെങ്കിലും അത് പിന്നീട് വിശദമായി അറിയിക്കുമെന്നാണ് വ്യക്തമാക്കിയത്. അതോടൊപ്പം സഭാ നടത്തിപ്പിനായുള്ള നിർണ്ണായക പദവികളിലും തീരുമാനമായിട്ടുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പുതിയ നിയമസഭാ സ്പീക്കറാകും. ഷാനിമോൾ ഉസ്മാനാണ് ഡെപ്യൂട്ടി സ്പീക്കർ പദവി കൈകാര്യം ചെയ്യുക. ചീഫ് വിപ്പ് പദവി കേരള കോൺഗ്രസിന് നൽകാനും യു.ഡി.എഫ് യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
മന്ത്രിസഭയിലെ പ്രമുഖരും പുതുമുഖങ്ങളും
സീനിയർ നേതാക്കൾക്കൊപ്പം യുവാക്കൾക്കും വലിയ പ്രാധാന്യം നൽകിക്കൊണ്ടാണ് ഇത്തവണത്തെ മന്ത്രിസഭാ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എ.പി. അനിൽകുമാർ തുടങ്ങിയ മുതിർന്ന നേതാക്കൾ മന്ത്രിസഭയുടെ ഭാഗമാകും.
പട്ടികയിലെ പ്രധാന പേരുകൾ താഴെ പറയുന്നവരാണ്:
-
കോൺഗ്രസ് പ്രതിനിധികൾ: വി.ഡി. സതീശൻ (മുഖ്യമന്ത്രി), രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എ.പി. അനിൽകുമാർ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, കെ.എ. തുളസി, ടി. സിദ്ദിഖ്, ഒ.ജെ. ജനീഷ്, എം. ലിജു.
-
ഘടകകക്ഷി പ്രതിനിധികൾ: പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, അബ്ദുൾ ഗഫൂർ (മുസ്ലിം ലീഗ്), മോൻസ് ജോസഫ് (കേരള കോൺഗ്രസ്), ഷിബു ബേബി ജോൺ (ആർ.എസ്.പി), സി.പി. ജോൺ (സി.എം.പി), അനൂപ് ജേക്കബ് (കേരള കോൺഗ്രസ് ജേക്കബ്).
യുവനിരയുടെ വമ്പൻ സർപ്രൈസ്
പല മുതിർന്ന നേതാക്കളുടെയും പേരുകൾ ചർച്ചകളിൽ ഉണ്ടായിരുന്നെങ്കിലും അണിയറയിൽ വലിയ സർപ്രൈസുകളാണ് പുതിയ മന്ത്രിപ്പട്ടികയ്ക്കായി കരുതിവെച്ചിരുന്നത്. വയനാട്ടിൽ നിന്നുള്ള കൽപ്പറ്റ എം.എൽ.എ ടി. സിദ്ദിഖ്, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷ്, അങ്കമാലിയിൽ നിന്നുള്ള റോജി എം. ജോൺ എന്നിവർ അപ്രതീക്ഷിതമായി മന്ത്രിപ്പട്ടികയിലേക്ക് എത്തിയത് വൻ സർപ്രൈസായി മാറി. യുവാക്കൾക്ക് ഭരണത്തിൽ കൂടുതൽ പങ്കാളിത്തം നൽകുക എന്ന ഹൈക്കമാൻഡ് നയത്തിന്റെ ഭാഗമായാണ് ഇവരുടെ കടന്നുവരവ്.
അർഹതപ്പെട്ട ഒരുപാട് പേരെ ഇത്തവണ മന്ത്രിസഭയിൽ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞിട്ടില്ലെന്ന കാര്യത്തിൽ വിഷമമുണ്ടെന്ന് വാർത്താസമ്മേളനത്തിൽ വി.ഡി. സതീശൻ തുറന്നുപറഞ്ഞു. എന്നാൽ മുന്നണി സംവിധാനത്തിലും പാർട്ടിയിലും സമഗ്രമായ സമവായത്തിലൂടെയാണ് ഈ പട്ടിക തയ്യാറാക്കിയിട്ടുള്ളതെന്നും കേരളത്തിന്റെ വികസനത്തിനായി പുതിയ ടീം ഒത്തൊരുമയോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഉടൻ തന്നെ തലസ്ഥാനത്ത് നടക്കും.
---------------
Hindusthan Samachar / Roshith K