Enter your Email Address to subscribe to our newsletters

Kozhikode, 17 മെയ് (H.S.)
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ വിജയം നേടിയതിന് പിന്നാലെ പുതുതായി രൂപീകരിക്കുന്ന സംസ്ഥാന മന്ത്രിസഭയിൽ കോഴിക്കോട് ജില്ലയ്ക്ക് പ്രാതിനിധ്യമില്ലാത്തതിൽ മുസ്ലിം ലീഗിനുള്ളിൽ പരസ്യ പ്രതിഷേധം. ജില്ലയിൽ നിന്ന് ഒരാളെപ്പോലും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്ന പാർട്ടി നേതൃത്വത്തിന്റെ നടപടിക്കെതിരെ യൂത്ത് ലീഗ് പ്രവർത്തകർ തെരുവിൽ പരസ്യ പ്രകടനവുമായി രംഗത്തിറങ്ങി .
ലീഗിന്റെ ശക്തനായ നേതാവും മുൻ എം.എൽ.എയുമായ പാറക്കൽ അബ്ദുള്ളയെ മന്ത്രിയാക്കാത്തതിലാണ് പാർട്ടി അണികൾക്കിടയിലും യൂത്ത് ലീഗിലും കടുത്ത അമർഷം പുകയുന്നത്. കോഴിക്കോട് ജില്ലയിലെ പുറമേരിയിലാണ് യൂത്ത് ലീഗ് പ്രവർത്തകർ നേതൃത്വത്തിനെതിരെ പരസ്യമായ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയത്. സോഷ്യൽ മീഡിയയിലും പാർട്ടി തീരുമാനത്തിനെതിരെ വ്യാപകമായ രീതിയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്.
സുരക്ഷിത മണ്ഡലങ്ങളല്ല, പൊരുതി നേടിയ വിജയം
മുസ്ലിം ലീഗിന്റെ സംസ്ഥാന ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന കോഴിക്കോട് ജില്ലയോട് പാർട്ടി നേതൃത്വം കാണിച്ചത് തികഞ്ഞ അനീതിയാണെന്ന് പ്രതിഷേധിക്കുന്ന പ്രവർത്തകർ ആരോപിക്കുന്നു . മലപ്പുറം പോലുള്ള മറ്റ് ജില്ലകളെപ്പോലെ മുസ്ലിം ലീഗിന് പൂർണ്ണമായും സുരക്ഷിതമായ ഒരു രാഷ്ട്രീയ മണ്ഡലമല്ല കോഴിക്കോട് ജില്ല, പ്രത്യേകിച്ച് വടകര താലൂക്ക് ഉൾപ്പെടുന്ന മേഖലകൾ. കടുത്ത രാഷ്ട്രീയ പോരാട്ടങ്ങളും വെല്ലുവിളികളും നേരിട്ടാണ് ഇവിടെ ലീഗ് പ്രവർത്തകർ പാർട്ടി കെട്ടിപ്പടുത്തത് .
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 13 മണ്ഡലങ്ങളിൽ 11 ഇടത്തും എൽ.ഡി.എഫ് ആണ് വിജയിച്ചിരുന്നത്. സി.പി.എമ്മിന് ശക്തമായ മേൽക്കോയ്മയുള്ള ഈ മണ്ഡലങ്ങളിൽ ഇത്തവണ കടുത്ത പോരാട്ടം നടത്തിയാണ് ലീഗും യു.ഡി.എഫും ഉജ്ജ്വല വിജയം സ്വന്തമാക്കിയത് . ജില്ലയിലെ ആകെയുള്ള 13 സീറ്റുകളിൽ 12 ഇടത്തും വിജയിക്കാൻ യു.ഡി.എഫിന് സാധിച്ചിരുന്നു . ഇതിൽ മുസ്ലിം ലീഗ് മത്സരിച്ച 6 മണ്ഡലങ്ങളിലും പാർട്ടി സ്ഥാനാർത്ഥികൾ ഉജ്ജ്വല വിജയം കൈവരിക്കുകയും ചെയ്തു.
ഇത്രയും വലിയ രാഷ്ട്രീയ മുന്നേറ്റം ജില്ലയിൽ കാഴ്ചവെച്ചിട്ടും ഭരണത്തിൽ അർഹമായ പ്രാതിനിധ്യം നൽകാതെ കോഴിക്കോടിനെ പൂർണ്ണമായും അവഗണിച്ചു എന്നാണ് യൂത്ത് ലീഗിന്റെ പ്രധാന ആക്ഷേപം . എൽ.ഡി.എഫ് കോട്ടകൾ തകർത്ത് വിജയം കൊണ്ടുവന്ന ജില്ലയിലെ നേതാക്കളെ മാറ്റിനിർത്തി, സുരക്ഷിത മണ്ഡലങ്ങളിൽ നിന്ന് ജയിച്ചവർക്ക് മാത്രം മന്ത്രിസ്ഥാനം നൽകുന്ന രീതിക്കെതിരെ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് അണികളുടെ തീരുമാനം.
---------------
Hindusthan Samachar / Roshith K