കേരളത്തിൻ്റെ പുതിയ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി (DGP) പ്രമുഖ നിയമവിദഗ്ധനും കോൺഗ്രസ് നേതാവുമായ അഡ്വ ടി ആസഫലിയെ നിയമിച്ചു
Ernakulam , 18 മെയ് (H.S.) കേരളത്തിൻ്റെ പുതിയ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി (DGP) പ്രമുഖ നിയമവിദഗ്ധനും കോൺഗ്രസ് നേതാവുമായ അഡ്വ ടി ആസഫലിയെ നിയമിച്ചു. വി ഡി സതീശൻ സർക്കാരിൻ്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാനത്തെ പ്രോസിക്യൂഷൻ സംവിധാനത്തിൻ്റ നേ
Adv T Asafali


Ernakulam , 18 മെയ് (H.S.)

കേരളത്തിൻ്റെ പുതിയ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി (DGP) പ്രമുഖ നിയമവിദഗ്ധനും കോൺഗ്രസ് നേതാവുമായ അഡ്വ ടി ആസഫലിയെ നിയമിച്ചു. വി ഡി സതീശൻ സർക്കാരിൻ്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാനത്തെ പ്രോസിക്യൂഷൻ സംവിധാനത്തിൻ്റ നേതൃത്വത്തിലേക്ക് അഡ്വ ടി ആസഫലിയെ നിയോഗിക്കാൻ തീരുമാനിച്ചത്. അഡ്വ ടി ആസഫലി ഡിജിപി സ്ഥാനത്ത് ഇത് രണ്ടാമൂഴമാണ്. സംസ്ഥാനത്തെ പ്രോസിക്യൂഷൻ ചരിത്രത്തിലും നിയമവഴിയിലും അവഗാഹമുള്ള അദ്ദേഹത്തിൻ്റെ നിയമനം വലിയ പ്രതീക്ഷയോടെയാണ് നിയമവൃത്തങ്ങളും രാഷ്ട്രീയ കേന്ദ്രങ്ങളും വീക്ഷിക്കുന്നത്.

നിയമരംഗത്തെ തിളക്കമാർന്ന പാരമ്പര്യവും രാഷ്ട്രീയവും

കേരള ഹൈക്കോടതിയിലെ പ്രമുഖരായ ക്രിമിനൽ അഭിഭാഷകരിൽ ഒരാളായ അഡ്വ ടി ആസഫലി കണ്ണൂർ ജില്ലയിലെ തലശ്ശേരി സ്വദേശിയാണ്. ദീർഘകാലത്തെ കരിയറിനിടയിൽ നിരവധി സങ്കീർണമായ ക്രിമിനൽ കേസുകളിൽ പ്രോസിക്യൂഷനായും പ്രതിഭാഗത്തിനായും ഹാജരായി അദ്ദേഹം തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കോൺഗ്രസ് അനുകൂല അഭിഭാഷക സംഘടനയായ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിൻ്റെ (ഐഎൽസി) കേരള സംസ്ഥാന അധ്യക്ഷനായി മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം രാഷ്ട്രീയ- സാമൂഹിക മണ്ഡലങ്ങളിലും ശ്രദ്ധേയനായ വ്യക്തിത്വമാണ്.

അഭിഭാഷകവൃത്തിക്കൊപ്പം തന്നെ സജീവ രാഷ്ട്രീയത്തിലും അദ്ദേഹം പയറ്റിത്തെളിഞ്ഞിട്ടുണ്ട്. പാർട്ടിയുടെ വിശ്വസ്തനായ നേതാവെന്ന നിലയിൽ 1996-ലെ കേരള നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി തൻ്റെ ജന്മനാടായ തലശ്ശേരി മണ്ഡലത്തിൽ നിന്നും അദ്ദേഹം ജനവിധി തേടിയിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാർക്കെതിരായ വാശിയേറിയ മത്സരത്തിൽ അദേഹം പരാജയപ്പെടുകയായിരുന്നു. രാഷ്ട്രീയത്തിലും നിയമത്തിലും ഒരുപോലെ പരിചയ സമ്പന്നനാണ് ടി ആസഫലി.

ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്തെ സുപ്രധാന ഇടപെടലുകൾ

നേരത്തെ, 2011-2016 കാലഘട്ടത്തിലെ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ ഭരണകാലത്താണ് അഡ്വ ടി ആസഫലി ആദ്യമായി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസായി നിയമിതനാകുന്നത്. സംസ്ഥാനത്തെ പ്രോസിക്യൂഷൻ ചരിത്രത്തിൽ വലിയ മാറ്റങ്ങളും ശക്തമായ ഇടപെടലുകളും കൊണ്ടുവന്ന അഞ്ച് വർഷങ്ങളായിരുന്നു അത്.

അക്കാലത്ത് കേരളത്തെയാകെ നടുക്കിയ പല പ്രമുഖ രാഷ്ട്രീയ കൊലപാതകക്കേസുകളിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്

ടി പി ചന്ദ്രശേഖരൻ വധക്കേസ്, ഷുക്കൂർ വധക്കേസ് തുടങ്ങിയ അതീവ പ്രധാന്യമുള്ള ക്രിമിനൽ കേസുകളിൽ പ്രോസിക്യൂഷൻ തന്ത്രങ്ങൾ മെനയുന്നതിലും കുറ്റവാളികൾക്ക് അർഹമായ ശിക്ഷ വാങ്ങി നൽകുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു. കൂടാതെ, കോടതികളിൽ സർക്കാരിൻ്റെ ഭാഗം കൃത്യമായും വീഴ്ചകൂടാതെയും അവതരിപ്പിക്കുന്നതിനും അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനങ്ങളിൽ സുതാര്യത കൊണ്ടുവരുന്നതിനും അദ്ദേഹം മുൻകൈ എടുത്തു.

മാധ്യമ സാന്നിധ്യവും സാമൂഹിക ഇടപെടലുകളും

കേവലം ഒരു സർക്കാർ അഭിഭാഷകൻ എന്നതിനപ്പുറം സമകാലിക ജനകീയ വിഷയങ്ങളിൽ കൃത്യമായ നിയമോപദേശങ്ങളും നിരീക്ഷണങ്ങളും പങ്കുവയ്ക്കുന്നതിലും അദേഹം മുൻപന്തിയിലുണ്ടായിരുന്നു. മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവന്ന ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ അദ്ദേഹം എടുത്ത നിലപാട് ഏറെ ശ്രദ്ധേയമായിരുന്നു.

കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഇരകൾക്ക് നീതി ഉറപ്പാക്കണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിച്ച് കേസ് സിബിഐ അന്വേഷണത്തിന് വിടണമെന്നും ആവശ്യപ്പെട്ട പ്രമുഖരിൽ ഒരാളായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണഘടന, പുതിയ ക്രിമിനൽ നിയമങ്ങളായ ഭാരതീയ ന്യായ സംഹിത, വിവരാവകാശ നിയമം, പൗരൻ്റെ മൗലികാവകാശങ്ങൾ, തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ ചർച്ചകളിലൂടെയും മാധ്യമങ്ങളിലൂടെയും അദ്ദേഹം തൻ്റെ നിരീക്ഷണങ്ങൾ എപ്പോഴും പങ്കുവയ്ക്കാറുണ്ട്.

പൗരൻ്റെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന അദ്ദേഹം പൊതുസമൂഹത്തിന് കൃത്യമായ നിയമബോധം നൽകുന്നതിൽ എന്നും മുൻപന്തിയിലാണ്. സംസ്ഥാനത്തെ ക്രമസമാധാന- നിയമപാലന രംഗത്ത് കണിശമായ നിലപാടുകളുമായി അഡ്വ ടി ആസഫലി വീണ്ടും പ്രോസിക്യൂഷൻ തലപ്പത്തേക്ക് എത്തുമ്പോൾ നീതിന്യായ വ്യവസ്ഥയിൽ കൂടുതൽ സുതാര്യവും ജനകീയവുമായ ഇടപെടലാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News