Enter your Email Address to subscribe to our newsletters

New delhi, 18 മെയ് (H.S.)
ഇന്ത്യയിലെ ന്യാനപക്ഷങ്ങളെ കുറിച്ചുള്ള ഡച്ച് പ്രധാനമന്ത്രിയുടെ പ്രതികരണം തളളി ഇന്ത്യ. മാധ്യമ സ്വാതന്ത്ര്യത്തെയും ന്യൂനപക്ഷ അവകാശങ്ങളെയുംകുറിച്ച് ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റന്‍ നടത്തിയ പരാമര്‍ശങ്ങളാണ് ഇന്ത്യ തള്ളിയത്. ഇന്ത്യയെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണ് ഇത്തരം ആശങ്കകള്‍ ഉണ്ടാകുന്നതെന്നും എല്ലാവര്‍ക്കും അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ജനാധിപത്യ രാജ്യമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതര്‍ലന്‍ഡ്സ് സന്ദര്‍ശനത്തിനിടെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സിബി ജോര്‍ജാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. അയ്യായിരം വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു നാഗരികതയാണ് ഇന്ത്യയുടേതെന്നും സാംസ്‌കാരികവും മതപരവും ഭാഷാപരവുമായ വൈവിധ്യമാണ് രാജ്യത്തിന്റെ മുഖമുദ്രയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തിലെ പ്രധാനപ്പെട്ട മതങ്ങളായ ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിഖ് മതം എന്നിവ ഇന്ത്യയില്‍ ഉത്ഭവിച്ചതാണെന്നും അവ ഇന്നും അഭിവൃദ്ധി പ്രാപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ജൂതമത വിഭാഗക്കാര്‍ പീഡനങ്ങള്‍ നേരിടാത്ത ഏകരാജ്യം ഇന്ത്യയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ജനാധിപത്യ മൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെയാണ് ഇന്ത്യ ദാരിദ്ര്യനിര്‍മാര്‍ജ്ജനവും സാമ്പത്തിക വിജയവും കൈവരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇന്ത്യയിലെ ന്യൂനപക്ഷ ജനസംഖ്യ 11 ശതമാനമായിരുന്നുവെങ്കില്‍ ഇന്ന് അത് 20 ശതമാനത്തിന് മുകളിലാണെന്നും മറ്റൊരു രാജ്യത്തും ഇത്തരമൊരു വര്‍ധനവ് കാണാന്‍ കഴിയില്ലെന്നും സിബി ജോര്‍ജ് ചൂണ്ടിക്കാട്ടി. ഇന്ത്യയെക്കുറിച്ച് കൂടുതല്‍ പഠിച്ചാല്‍ രാജ്യത്തിന്റെ പുരോഗതിയെക്കുറിച്ച് ശരിയായ ധാരണ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യവും ന്യൂനപക്ഷ അവകാശങ്ങളും പ്രതിസന്ധി നേരിടുന്നുണ്ടെന്ന് ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായതോടെ, ഇന്ത്യയും നെതര്‍ലന്‍ഡ്സും ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും പ്രാധാന്യം നല്‍കുന്ന രാജ്യങ്ങളാണെന്ന് അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
---------------
Hindusthan Samachar / Sreejith S