Enter your Email Address to subscribe to our newsletters

pathanamthitta, 18 മെയ് (H.S.)
പത്തനംതിട്ട : അതീവ സുരക്ഷാ മേഖലയായ ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ന്നു പറന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ചട്ടങ്ങൾ കാറ്റിൽപ്പറത്തി ഹെലികോപ്റ്റർ താഴ്ത്തിപ്പറപ്പിച്ചതിന് പിന്നിൽ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ ഭക്തിയാണെന്നാണ് കോസ്റ്റ്ഗാർഡിന്റെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ആകാശത്തുനിന്ന് അയ്യപ്പനെ തൊഴുതു വണങ്ങുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതെന്നാണ് വിവരം. സംഭവത്തെ തുടർന്ന് ഈ ഉദ്യോഗസ്ഥനെതിരെ കോസ്റ്റ്ഗാർഡ് അച്ചടക്ക നടപടി സ്വീകരിച്ചു.
കഴിഞ്ഞ ഏപ്രിൽ 23-നായിരുന്നു വിവാദത്തിനാസ്പദമായ സംഭവം നടന്നത്. നെടുമ്പാശേരി വിമാനത്താവള പരിസരത്തെ കോസ്റ്റ് ഗാർഡ് എയർക്രാഫ്റ്റ് ഓപ്പറേറ്റിങ് യൂണിറ്റിലെ ഉന്നത ഉദ്യോഗസ്ഥനാണ് നിലവിൽ നടപടി നേരിട്ടിരിക്കുന്നത്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാളെ ഉടനടി നെടുമ്പാശേരിയിലെ ചുമതലകളിൽ നിന്ന് നീക്കുകയും, ശിക്ഷാനടപടിയുടെ ഭാഗമായി കൊച്ചിയിലെ കോസ്റ്റ് ഗാർഡ് മേഖലാ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തു.
മോശം കാലാവസ്ഥയെന്ന വാദം പൊളിഞ്ഞു
കൊച്ചിയിൽ നിന്നും പതിവ് പരിശീലന പറക്കലിനായി പുറപ്പെട്ട കോസ്റ്റ് ഗാർഡിന്റെ 'സി.ജി.-821' ഹെലികോപ്റ്ററാണ് ശബരിമല സന്നിധാനത്തിന് മുകളിൽ എത്തിയത്. അന്തരീക്ഷം മേഘാവൃതമായതിനെ തുടർന്ന് ദിശമാറി സഞ്ചരിക്കേണ്ടി വന്നതാണെന്നും, പ്രതികൂല കാലാവസ്ഥ കാരണമാണ് ഹെലികോപ്റ്റർ താഴ്ന്നു പറന്നതെന്നുമായിരുന്നു കോസ്റ്റ് ഗാർഡ് ആദ്യം നൽകിയ വിശദീകരണം. എന്നാൽ ആഭ്യന്തര അന്വേഷണം പൂർത്തിയായതോടെ ഈ വാദങ്ങളെല്ലാം പൊളിയുകയായിരുന്നു.
ഹെലികോപ്റ്റർ പൈലറ്റ് കൂടിയായ ഈ ഉന്നത ഉദ്യോഗസ്ഥൻ മനഃപൂർവ്വം ക്ഷേത്രത്തിന് മുകളിലേക്ക് കോപ്റ്റർ തിരിച്ചുവിടുകയായിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. സന്നിധാനത്തെ കൊടിമരത്തിന് വെറും അഞ്ച് മീറ്റർ മാത്രം ഉയരത്തിൽ വരെ ഹെലികോപ്റ്റർ അതീവ അപകടകരമായ രീതിയിൽ താഴ്ന്നു പറന്നതായും കണ്ടെത്തിയിട്ടുണ്ട്. ഹെലികോപ്റ്ററിൽ പൈലറ്റായ ഈ ഉദ്യോഗസ്ഥനെ കൂടാതെ ഒരു സഹ പൈലറ്റും ക്യാമറ ക്രൂവും അടക്കം മൂന്ന് പേരാണ് ഉണ്ടായിരുന്നത്.
സുരക്ഷാ വീഴ്ചയും പോലീസ് കേസും:
ശബരിമല സന്നിധാനം മുതൽ നിലയ്ക്കൽ വരെയുള്ള പ്രദേശങ്ങൾ അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. വിവിഐപികളുടെ സന്ദർശനത്തിന് പോലും കർശനമായ അനുമതി ആവശ്യമുള്ള ഈ മേഖലയിൽ, യാതൊരു മുൻകൂർ അനുമതിയും കൂടാതെയാണ് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ നാല് തവണ വട്ടമിട്ട് പറന്നത്. സന്നിധാനത്തെ കെട്ടിടങ്ങൾക്കും ജീവനക്കാർക്കും ഭീഷണിയാകുന്ന രീതിയിൽ പൊതുസുരക്ഷയെ ബാധിക്കുന്ന വിധം പ്രവർത്തിച്ചതിന് പമ്പ പോലീസ് പൈലറ്റിനെതിരെ കേസെടുത്തിരുന്നു.
ദൃശ്യങ്ങൾ പകർത്തിയതിലും അന്വേഷണം
താഴ്ന്നു പറക്കുന്നതിനിടെ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ക്യാമറ ക്രൂ ശബരിമല ക്ഷേത്രത്തിന്റെയും പരിസരത്തിന്റെയും ദൃശ്യങ്ങൾ മൊബൈലിലും ക്യാമറയിലുമായി പകർത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. അതീവ സുരക്ഷാ പ്രാധാന്യമുള്ള ശബരിമലയിൽ ഡ്രോണുകൾക്ക് പോലും കർശന വിലക്കുള്ളപ്പോഴാണ് ഈ നിയമലംഘനം നടന്നത്.
സംഭവത്തെക്കുറിച്ച് ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ നിർദ്ദേശപ്രകാരം എഡിജിപിയുടെ നേതൃത്വത്തിൽ പോലീസും അന്വേഷണം നടത്തി ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനം എന്ന കോസ്റ്റ് ഗാർഡിന്റെ ആദ്യ വിശദീകരണം തൃപ്തികരമല്ലെന്നും ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നും പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോസ്റ്റ് ഗാർഡ് സ്വന്തം നിലയിൽ ആഭ്യന്തര അന്വേഷണം നടത്തി കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ അടിയന്തര നടപടി സ്വീകരിച്ചത്. തികച്ചും വ്യക്തിപരമായ താല്പര്യങ്ങൾക്ക് വേണ്ടി പ്രതിരോധ സേനയുടെ ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു എന്ന ഗൗരവമേറിയ കുറ്റമാണ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയിരിക്കുന്നത്.
---------------
Hindusthan Samachar / Roshith K