വി.ഡി. സതീശൻ മന്ത്രിസഭ അധികാരമേറ്റു; ദേശീയ നേതാക്കളുടെ വൻനിര ചടങ്ങിനെത്തി
Thiruvananthapuram, 18 മെയ് (H.S.) തിരുവനന്തപുരം: കേരളത്തിന്റെ ഇരുപത്തിനാലാമത് മന്ത്രിസഭയായി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ
വി.ഡി. സതീശൻ മന്ത്രിസഭ അധികാരമേറ്റു; ദേശീയ നേതാക്കളുടെ വൻനിര ചടങ്ങിനെത്തി


Thiruvananthapuram, 18 മെയ് (H.S.)

തിരുവനന്തപുരം: കേരളത്തിന്റെ ഇരുപത്തിനാലാമത് മന്ത്രിസഭയായി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മുഖ്യമന്ത്രി വി.ഡി. സതീശനും മറ്റ് 20 മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ആറ് പതിറ്റാണ്ടിനു ശേഷമാണ് കേരളത്തിൽ ഒരു മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളും ഒരേ ദിവസം ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത് എന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ടായിരുന്നു.

മുഖ്യമന്ത്രി വി.ഡി. സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ പ്രമുഖ നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി. ജോൺ, അനൂപ് ജേക്കബ്, എ.പി. അനിൽകുമാർ, ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ്, എം. ലിജു, ടി. സിദ്ദിഖ്, റോജി എം. ജോൺ, ഒ.ജെ. ജനീഷ്, കെ.എ. തുളസി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരും ഈ ചരിത്ര മുഹൂർത്തത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ഒപ്പുവെച്ചു.

ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളുടെ വൻ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയ ദേശീയ നേതാക്കൾ നിയുക്ത സർക്കാരിന് ആശംസകളുമായി വേദിയിലെത്തി.

കേരളത്തിലെ പ്രമുഖ രാഷ്ട്രീയ-സാമൂഹിക നേതാക്കളും ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. പുതിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരും ചടങ്ങിൽ പങ്കെടുത്തു. രാഷ്ട്രീയ നേതാക്കൾക്ക് പുറമേ വിവിധ സാമൂഹിക നേതാക്കൾ, മതമേലധ്യക്ഷന്മാർ, സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരുൾപ്പെടെ വൻ ജനസാഗരമാണ് പുതിയ സർക്കാരിന്റെ ഭരണാരോഹണത്തിന് സാക്ഷ്യം വഹിക്കാൻ സെൻട്രൽ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയത്.

---------------

Hindusthan Samachar / Roshith K


Latest News