ഉമര് ഖാലിദിന് ജാമ്യം നിഷേധിച്ച ഉത്തരവില് ആശങ്കയെന്ന് സുപ്രീം കോടതി
New delhi, 18 മെയ് (H.S.) ഡല്‍ഹി കലാപക്കേസില്‍ ഉമര്‍ ഖാലിദിന് നിയമപ്രകാരം ജാമ്യം ലഭിക്കാനുള്ള എല്ലാ അവകാശങ്ങളുമുണ്ടെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. ഭീകരവിരുദ്ധ നിയമമായ യുഎപിഎ കേസുകളില്‍ പോലും ഒരു പരിധി കഴിഞ്ഞാല്‍ വിചാരണ തടവുകാരന്‍ ജാമ്യം നല്‍കേണ്
Supreme Court


New delhi, 18 മെയ് (H.S.)

ഡല്‍ഹി കലാപക്കേസില്‍ ഉമര്‍ ഖാലിദിന് നിയമപ്രകാരം ജാമ്യം ലഭിക്കാനുള്ള എല്ലാ അവകാശങ്ങളുമുണ്ടെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. ഭീകരവിരുദ്ധ നിയമമായ യുഎപിഎ കേസുകളില്‍ പോലും ഒരു പരിധി കഴിഞ്ഞാല്‍ വിചാരണ തടവുകാരന്‍ ജാമ്യം നല്‍കേണ്ട ബാധ്യതയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട വലിയ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ച ഗള്‍ഫിഷ ഫാത്തിമ വേഴ്സസ് സ്റ്റേറ്റ് കേസില്‍ ഈ വര്‍ഷം ജനുവരിയില്‍ രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു.

ഭീകരവിരുദ്ധ-ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അഞ്ച് വര്‍ഷമായി വിചാരണ തടവുകാരനായി കഴിയുന്ന ജമ്മു കശ്മീര്‍ സ്വദേശി സയ്യിദ് ഇഫ്തിഖാര്‍ അന്ദ്രാബി എന്നയാള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. എന്‍ഐഎ കോടതിയും ജമ്മു കശ്മീര്‍ ഹൈക്കോടതിയും പ്രതിക്ക് നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു.

വിചാരണ വൈകുന്നത് ജാമ്യം അനുവദിക്കാനുള്ള ഭരണഘടനാപരമായ കാരണമാണെന്ന 2021ലെ കെഎ നജീബ് കേസിലെ സുപ്രധാന വിധി ഉമര്‍ ഖാലിദിന്റെ കാര്യത്തില്‍ ശരിയായി നടപ്പിലാക്കിയില്ലെന്ന് കോടതി വ്യക്തമാക്കി. യുഎപിഎ നിയമപ്രകാരം ചുമത്തപ്പെട്ട കേസുകളിലും 'ജാമ്യം നിയമവും ജയില്‍ അപവാദവുമാണ്' എന്ന അടിസ്ഥാന തത്വം ബാധകമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

'ഭീകരവിരുദ്ധ നിയമപ്രകാരം ഒരു പ്രതിക്കെതിരെ കേസെടുത്തുവെന്നതുകൊണ്ട് വേഗത്തിലുള്ള വിചാരണക്കുള്ള അയാളുടെ അവകാശം തടയാന്‍ കോടതിക്ക് അനുവാദമില്ലെന്നും' ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് പ്രസ്താവിച്ചു.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗള്‍ഫിഷ ഫാത്തിമ വേഴ്സസ് സ്റ്റേറ്റിലെ വിധിയില്‍ ബെഞ്ചിന് ഗുരുതരമായ ആശങ്കകളുണ്ടെന്ന് ജസ്റ്റിസ് ഭൂയാന്‍ വാക്കാല്‍ പറഞ്ഞു. ഒരു തടവുകാരനെ അനിശ്ചിതമായി ജയിലിലടയ്ക്കാന്‍ കഴിയില്ലെന്ന് പറയുന്ന നിയമമായ സെക്ഷന്‍ 43D(5) ല്‍ നിന്നുള്ള വ്യതിയാനമാണെന്ന് സൂചിപ്പിക്കുന്നതെന്നും ഇത് തീര്‍ത്തും വസ്തുതാപരമായ സാഹചര്യങ്ങളില്‍ മാത്രം ന്യായീകരിക്കപ്പെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ച നടപടിയെ ചോദ്യം ചെയ്യുന്നതിനൊപ്പം, യുഎപിഎ കേസുകളുടെ വസ്തുതകള്‍ പരിശോധിച്ച് ജാമ്യം നിഷേധിക്കാന്‍ കോടതിയ്ക്ക് അധികാരമുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

---------------

Hindusthan Samachar / Sreejith S


Latest News