Enter your Email Address to subscribe to our newsletters

Kozhikode , 19 മെയ് (H.S.)
പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. സംഭവം അപകടമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയതാണെന്നുമാണ് പൊലീസിൻ്റെ പ്രാഥമിക കണ്ടെത്തൽ. അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് ഒരു സ്ത്രീ കന്നാസുമായി എത്തി പെട്രോൾ വാങ്ങിയതിൻ്റെ നിർണായക വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ഈ സ്ത്രീ ആരാണെന്ന് കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
മരിച്ച സോനയെയും ഭർത്താവ് രജിൻ ലാലിനെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വാഹനത്തിൻ്റെ യാന്ത്രിക തകരാറല്ല തീപിടിത്തത്തിന് കാരണമെന്ന് മോട്ടോർ വാഹന വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു. കാറിന്റെ മുൻഭാഗത്തിന് കാര്യമായ കേടുപാടുകളൊന്നും തന്നെ സംഭവിച്ചിട്ടില്ല.
സാധാരണയായി ബോണറ്റിൽ നിന്നോ എഞ്ചിൻ ഭാഗത്തുനിന്നോ ആണ് കാറുകൾക്ക് തീപിടിക്കാറുള്ളത്. എന്നാൽ ഈ സംഭവത്തിൽ ബോണറ്റിലെ എൻഞ്ചിൻ ഭാഗത്തു നിന്നല്ല തീ പടർന്നതെന്നും കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന പെട്രോളിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്നുമാണ് സൂചന.
മരിച്ച സോനയും ഭർത്താവ് രജിൻ ലാലും തമ്മിൽ ദാമ്പത്യ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. അപകടം നടന്ന ദിവസം സോന ബന്ധുവിൻ്റെ വീട്ടിലായിരുന്നു താമസം. ഇവിടെ നിന്നും അന്ന് പുറത്തുപോയ സോന എവിടെയൊക്കെ പോയെന്നും ആരെയൊക്കെ കണ്ടു എന്നതിനെയുംക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. അന്ന് വൈകിട്ടാണ് ഭർത്താവ് രജിൻ ലാൽ സോനയെ വിളിക്കാൻ ബന്ധുവീട്ടിലെത്തുന്നത്. ഇവിടെ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ദാരുണമായ സംഭവം നടന്നത്.
അപകടത്തിൽ 60 ശതമാനത്തിലധികം പൊള്ളലേറ്റ ഭർത്താവ് രജിൻ ലാൽ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രജിൻ ലാലിൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കാറിൻ്റെ പിൻസീറ്റിലാണ് സോന ഇരുന്നിരുന്നതെന്നും യാത്രയ്ക്കിടയിൽ പെട്രോളിൻ്റെ മണം അനുഭവപ്പെട്ടതായും രജിൻ ലാൽ മൊഴി നൽകി. പെട്രോളിൻ്റെ മണം വന്നുതുടങ്ങിയതിന് തൊട്ടുപിന്നാലെ താൻ പിൻസീറ്റിലേയ്ക്ക് തിരിഞ്ഞുനോക്കി ചോദിച്ചപ്പോഴേക്കും കാറിനുള്ളിൽ തീ ആളിപ്പടരുകയായിരുന്നു എന്നാണ് ഭർത്താവിൻ്റെ മൊഴി.
ഈ മൊഴികളിലെ വിശ്വാസ്യതയും ലഭിച്ച ദൃശ്യങ്ങളും പരിശോധിച്ചുവരികയാണെന്ന് റൂറൽ എസ് പി ഫറാഷ് ടി ഇടിവി ഭാരതിനോട് പറഞ്ഞു. ഒരു അന്തിമ നിഗമനത്തിലേക്ക് ഇതുവരെ എത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദുരൂഹതകൾ നിറഞ്ഞ ഈ സംഭവത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നും കുറ്റക്കാരായവരുടെ അറസ്റ്റുണ്ടാകുമെന്നുമാണ് പൊലീസ് വൃത്തങ്ങൾ നൽകിയ സൂചന.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR