Enter your Email Address to subscribe to our newsletters

Thiruvananthapuram , 19 മെയ് (H.S.)
സംസ്ഥാനത്ത് ഏറെ ചർച്ചാ വിഷയമായ ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ മാനനഷ്ടക്കേസിൽ വിധി വരുന്നു. തിരുവനന്തപുരം മൂന്നാം സബ് കോടതി വ്യാഴാഴ്ച (മെയ്21) ഇതുമായി ബന്ധപ്പെട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. വി.ഡി സതീശൻ പ്രതിപക്ഷത്തിരുന്ന സമയത്താണ് വിവാദ പ്രസ്താവന നടത്തിയത്. നിലവിൽ വി.ഡി മുഖ്യമന്ത്രിയായതിനാൽ വിധിയ്ക്ക് കൂടുതൽ പ്രാധാന്യം കൈവന്നിട്ടുണ്ട്.
ശബരമല സ്വർണപ്പാളി കവർച്ചയുമായി ബന്ധപ്പെടുത്തി തനിക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയ വി.ഡി. സതീശൻ പരസ്യമായി മാപ്പ് പറയണമെന്നും സമാനമായ പ്രസ്താവനകൾ ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകണമെന്നും ആവശ്യപ്പെട്ട് മുൻ മന്ത്രിയും സി.പി.എം നേതാവുമായ കടകംപള്ളി സുരേന്ദ്രനാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
കോടതി നടപടികളുമായി ബന്ധപ്പെട്ട് കൈരളി, ദേശാഭിമാനി ഉൾപ്പെടെയുള്ള ചില മാധ്യമങ്ങൾ വാർത്തകൾ വക്രീകരിച്ച് നൽകി തനിക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്തുന്നത് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് വി ഡി സതീശൻ ഹർജി നൽകിയിട്ടുണ്ട്. കേസിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യത്തിൽ കോടതി എന്ത് നിലപാടായിരിക്കും സ്വീകരിക്കുക എന്നത് വ്യാഴാഴ്ചത്തെ ഉത്തരവോടെ വ്യക്തമാകും.
സംഭവമിങ്ങനെ...
വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരുന്ന സമയത്താണ് മുൻ ദേവസ്വം ബോർഡ് മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെ ആരോപണം ഉന്നയിച്ചത്. സ്വർണമോഷണക്കേസിലെ പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി കടകംപള്ളിക്ക് അടുത്ത ബന്ധമുണ്ടെന്നും ഏത് കോടീശ്വരനാണ് സ്വർണപ്പാളികൾ വിറ്റതെന്ന് കടകംപള്ളിക്ക് അറിയാമെന്നുമായിരുന്നു സതീശൻ്റെ ആരോപണം.
2016 മുതൽ 2021 വരെ കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രിയായിരുന്ന കാലയളവിലാണ് ക്രമക്കേടുകൾ നടന്നതെന്നും ഇതിൽ ഉദ്യോഗസ്ഥർക്കും ദേവസ്വം ബോർഡ് അംഗങ്ങൾക്കുമുള്ള ഉത്തരവാദിത്വം മന്ത്രി എന്ന നിലയിൽ കടകംപള്ളിക്കുണ്ട് എന്നും അദ്ദേഹം ആരോപിച്ചു.
ദേവസ്വം മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് വിവാദമായ അപേക്ഷ പരിഗണിച്ചതെന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കേസിലെ പ്രതിയുമായ എ. പത്മകുമാറിൻ്റെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് 'ശബരിമല സ്വർണ്ണ മോഷണക്കേസിൻ്റെ ഉത്തരവാദിത്തത്തിൽ നിന്ന് കടകംപള്ളിക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന' പ്രസ്താവന നടത്തിയത് എന്നാണ് വിഡി സതീശൻ്റെ വിശദീകരണം.
ഇത് വ്യക്തിപരമായ ആക്ഷേപമല്ലെന്നും വസ്തുതകൾ ബോധ്യമുള്ളതിനാൽ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നും വി.ഡി. സതീശൻ കോടതിയെ അറിയിച്ചിരുന്നു എന്നാൽ സർക്കാരിന് ക്ഷേത്രകാര്യങ്ങളിൽ ഒരു അവകാശവുമില്ല എന്നായിരുന്നു കടകംപള്ളിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR