Enter your Email Address to subscribe to our newsletters

Kerala, 19 മെയ് (H.S.)
റിയാദ്/കോഴിക്കോട്: ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഒരൊറ്റ മനസ്സോടെ കാത്തിരുന്ന ആ വലിയ വാർത്തയ്ക്ക് ഒടുവിൽ ശുഭകരമായ വഴിത്തിരിവ്. സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക് സ്വദേശി മച്ചിലകത്ത് അബ്ദുറഹീമിന്റെ (44) ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും. പൊതു അവകാശ കേസിൽ (പബ്ലിക് റൈറ്റ്സ്) സൗദി കോടതി വിധിച്ച 20 വർഷത്തെ തടവ് ശിക്ഷയുടെ കാലാവധിയാണ് ഇന്ന് പൂർത്തിയാകുന്നത്. ജയിൽ മോചനത്തിനായുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ ഏതാണ്ട് അവസാന ഘട്ടത്തിലാണെന്നാണ് റിയാദിലെ റഹീം നിയമസഹായ സമിതി നൽകുന്ന സൂചന.
ഇതോടെ രണ്ടു പതിറ്റാണ്ടുകാലം കണ്ണീരോടെ മകനായി കാത്തിരുന്ന ഫറോക് കോടമ്പുഴയിലെ ഉമ്മ ഫാത്തിമയുടെയും കുടുംബത്തിന്റെയും, ഒപ്പം ലോകമലയാളികളുടെയും പ്രാർത്ഥനകൾ ഒടുവിൽ യാഥാർത്ഥ്യമാകുകയാണ്. സൗദി സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള മറ്റ് സാങ്കേതിക നടപടികൾ കൂടി പൂർത്തിയാകുന്നതോടെ അബ്ദുറഹീമിന് വരും ദിവസങ്ങളിൽ തന്നെ ജന്മനാട്ടിലേക്ക് തിരിക്കാൻ സാധിക്കും.
രണ്ട് പതിറ്റാണ്ടിന്റെ ജയിൽ ജീവിതം
2006 നവംബറിലാണ് തന്റെ 24-ാം വയസ്സിൽ ഒരു ഡ്രൈവർ വിസയിൽ അബ്ദുറഹീം റിയാദിൽ എത്തിയത്. എന്നാൽ ജോലിയിൽ പ്രവേശിച്ച് ഒരു മാസ തികയുന്നതിന് മുൻപ് തന്നെ (2006 ഡിസംബർ 26) അദ്ദേഹത്തിന്റെ ജീവിതം മാറിമറിഞ്ഞു. സ്പോൺസറായ സൗദി പൗരന്റെ കഴുത്തിന് താഴെ തളർന്ന നിലയിലായിരുന്ന 15 വയസ്സുകാരൻ മകൻ അനസ് അൽ ശഹ്റിയെ പരിചരിക്കുന്ന ചുമതലയും റഹീമിനായിരുന്നു.
ഒരിക്കൽ കാറിൽ യാത്ര ചെയ്യുന്നതിനിടയിൽ കുട്ടിക്ക് ആഹാരവും ശ്വാസവും നൽകാൻ ഘടിപ്പിച്ചിരുന്ന പ്രത്യേക ഉപകരണം അബദ്ധത്തിൽ റഹീമിന്റെ കൈ തട്ടി ഊരിപ്പോകുകയും കുട്ടി ബോധരഹിതനായി മരണപ്പെടുകയുമായിരുന്നു. ഇത് ഒരു കൊലപാതകമായി കണക്കാക്കപ്പെടുകയും തുടർന്ന് റഹീമിനെ സൗദി പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വധശിക്ഷയിൽ നിന്നും മലയാളി കരുണയിൽ മോചനം
സൗദി കോടതി ആദ്യം അബ്ദുറഹീമിന് വധശിക്ഷയാണ് വിധിച്ചിരുന്നത്. എന്നാൽ, വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ 15 മില്യൺ സൗദി റിയാൽ (ഏകദേശം 34 കോടി രൂപ) 'ദിയാധനം' (ബ്ലഡ് മണി) നൽകിയാൽ റഹീമിന് മാപ്പ് നൽകാമെന്ന് കുട്ടിയുടെ കുടുംബം സമ്മതിച്ചു.
തുടർന്ന് ലോകത്തെമ്പാടുമുള്ള മലയാളി സമൂഹം ഒന്നടങ്കം കൈകോർത്ത് 'Save Abdul Rahim' എന്ന പേരിൽ മൊബൈൽ ആപ്പ് വഴിയും അല്ലാതെയും ചരിത്രപരമായ ഒരു ക്രൗഡ് ഫണ്ടിംഗ് കാമ്പയിൻ നടത്തി. ദിവസങ്ങൾക്കുള്ളിൽ തന്നെ ലക്ഷ്യമിട്ട തുകയേക്കാൾ കൂടുതൽ (ഏകദേശം 37 കോടി രൂപ) സമാഹരിക്കാൻ മലയാളികൾക്ക് കഴിഞ്ഞു. ഈ തുക സൗദി കോടതിയിൽ കെട്ടിവെച്ചതോടെ 2024 ജൂലൈയിൽ റഹീമിന്റെ വധശിക്ഷ കോടതി ഔദ്യോഗികമായി റദ്ദാക്കി.
മോചനത്തിന്റെ അന്തിമ നടപടികൾ
വധശിക്ഷയിൽ നിന്നും സ്വകാര്യ അവകാശ കേസിൽ നിന്നും മോചനം ലഭിച്ചെങ്കിലും, സൗദി നിയമപ്രകാരം പൊതുസമൂഹത്തോടുള്ള കുറ്റകൃത്യമായി കണക്കാക്കുന്ന 'പൊതു അവകാശ നിയമ' (Public Rights Law) പ്രകാരമുള്ള വിചാരണ തുടർന്നു. 13-ഓളം കോടതി സിറ്റിംഗുകൾക്ക് ശേഷം റിയാദ് ക്രിമിനൽ കോടതി റഹീമിന് 20 വർഷത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു.
റിയാദ് റഹീം സഹായ സമിതി അറിയിക്കുന്നത്:
പൊതു അവകാശ കേസിൽ കോടതി വിധിച്ച 20 വർഷത്തെ തടവ് ശിക്ഷയുടെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. റഹീമിന്റെ മോചനത്തിനായുള്ള പേപ്പർ വർക്കുകൾ നിലവിൽ അവസാന ഘട്ടത്തിലാണ്. സൗദി ആഭ്യന്തര മന്ത്രാലയം ഉടൻ തന്നെ ഫൈനൽ എക്സിറ്റ് വിസ അനുവദിക്കും. തുടർന്ന് ഇന്ത്യൻ എംബസിയുടെ യാത്രാ രേഖകളും ലഭ്യമാകുന്നതോടെ യാത്രാ തീയതി ക്രമീകരിച്ച് റഹീം എത്രയും പെട്ടെന്ന് കോഴിക്കോട്ടേക്ക് മടങ്ങും.
വർഷങ്ങളായി പെരുന്നാളോ മറ്റ് ആഘോഷങ്ങളോ ഇല്ലാതെ ജയിൽ മുറിക്കുള്ളിൽ കഴിഞ്ഞ റഹീം തിരിച്ചെത്തുന്നതും കാത്ത് കോഴിക്കോട് ഫറോക്കിലെ അദ്ദേഹത്തിന്റെ വീടും നാട്ടുകാരും വലിയ ഒരുക്കങ്ങളിലാണ്. മോചനത്തിനായുള്ള എല്ലാ സാങ്കേതിക തടസ്സങ്ങളും നീങ്ങിയ സാഹചര്യത്തിൽ ഈ ആഴ്ച തന്നെ അബ്ദുറഹീം കേരളത്തിൽ കാൽകുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
---------------
Hindusthan Samachar / Roshith K