Enter your Email Address to subscribe to our newsletters

Kochi, 19 മെയ് (H.S.)
കൊച്ചി: കൊച്ചി നഗരം കേന്ദ്രീകരിച്ച് മോഡലിങ്ങിന്റെ മറവിൽ നടന്ന വൻ മനുഷ്യക്കടത്ത് കേസിൽ ഒരു യുവതി കൂടി പോലീസ് പിടിയിലായി. എറണാകുളം മരട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇതോടെ പിടിയിലായവരുടെ എണ്ണം മൂന്നായി ഉയർന്നു. കേസിൽ ഒടുവിലായി അറസ്റ്റിലായ അലീന എന്ന യുവതിക്ക് കൊച്ചിയിലെ ലഹരി-ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിന് പിന്നിൽ വിപുലമായ ശൃംഖലയുള്ള രാജ്യാന്തര സെക്സ് റാക്കറ്റാണെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.
മോഡലിങ് രംഗത്ത് വൻ അവസരങ്ങളും ഉയർന്ന പ്രതിഫലവും വാഗ്ദാനം ചെയ്ത് യുവതികളെ വിദേശത്തേക്ക് കടത്തിക്കൊണ്ടുപോയി ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതാണ് സംഘത്തിന്റെ രീതി. ഉയർന്ന സാമ്പത്തിക പശ്ചാത്തലമില്ലാത്ത മോഡലുകളെയും സൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ള യുവതികളെയുമാണ് ഇവർ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. കരിയറിലെ വലിയ ബ്രേക്ക് പ്രതീക്ഷിച്ച് സംഘത്തിന്റെ കെണിയിൽ വീണ പരാതിക്കാരിയെ വിദേശത്ത് എത്തിച്ച് ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് എഫ്.ഐ.ആറിലുള്ളത്.
അവിടെ വെച്ച് ക്രൂരമായ പീഡനമുറകൾക്ക് ഇരയാകേണ്ടി വന്ന യുവതി നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് പോലീസിനെ സമീപിച്ച് പരാതി നൽകിയത്. പരാതിക്കാരി നൽകിയ രഹസ്യവിവരങ്ങളുടെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് മരട് പോലീസ് പ്രതികളിലേക്ക് എത്തിയത്. ഇപ്പോൾ അറസ്റ്റിലായ അലീന ഇതിന് മുൻപും കൊച്ചിയിൽ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള ആളാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. കൊച്ചിയിലെ പ്രമുഖ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന ഇവർ, കേസിൽ പെടാതിരിക്കാൻ ഈ സ്വാധീനം ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്.
വിദേശത്ത് പെൺകുട്ടികളെ സ്വീകരിക്കുന്നതിനും താമസിപ്പിക്കുന്നതിനും പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. കൊച്ചിയിൽ നിന്നും മറ്റ് പ്രധാന നഗരങ്ങളിൽ നിന്നും പെൺകുട്ടികളെ വിദേശത്തേക്ക് വിമാനമാർഗ്ഗം കടത്തുന്നതിന് പിന്നിൽ വൻ സാമ്പത്തിക ഇടപാടുകളാണ് നടന്നിട്ടുള്ളത്. ഇതിനായി വ്യാജ രേഖകളും വിസകളും ചമച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പിടിയിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെയും ഇവരുടെ ഡിജിറ്റൽ ഇടപാടുകളും ഫോൺ രേഖകളും പരിശോധിക്കുന്നതിലൂടെയും ഈ രാജ്യാന്തര റാക്കറ്റിലെ കൂടുതൽ സ്രാവുകളെ വലയിലാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
---------------
Hindusthan Samachar / Roshith K