കാർ കത്തി ഗർഭിണി മരിച്ച സംഭവം: കാറിനുള്ളിൽ പെട്രോൾ ഉണ്ടായിരുന്നു; ആത്മഹത്യയെന്ന സംശയത്തിൽ പോലീസ്, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Kozhikode, 19 മെയ് (H.S.) കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്. കാറിനുള്ളിൽ ഒരു കുപ്പിയിൽ പെട്രോൾ സൂക്ഷിച്ചിരുന്നതായി പോലീസ് ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട് . യ
കാർ കത്തി ഗർഭിണി മരിച്ച സംഭവം: കാറിനുള്ളിൽ പെട്രോൾ ഉണ്ടായിരുന്നു; ആത്മഹത്യയെന്ന സംശയത്തിൽ പോലീസ്, സിസിടിവി ദൃശ്യങ്ങൾ പുറത്ത്


Kozhikode, 19 മെയ് (H.S.)

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്. കാറിനുള്ളിൽ ഒരു കുപ്പിയിൽ പെട്രോൾ സൂക്ഷിച്ചിരുന്നതായി പോലീസ് ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട് . യുവതി തന്നെ പെട്രോൾ പമ്പിൽ നേരിട്ടെത്തി കന്നാസിൽ പെട്രോൾ വാങ്ങി കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു . ഇതോടെ സംഭവം ആത്മഹത്യയാണോ എന്ന ശക്തമായ സംശയത്തിലാണ് പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.

നേരത്തെ കാറിന്റെ ഉൾവശം, പ്രത്യേകിച്ച് പിൻസീറ്റ് മാത്രം എങ്ങനെ ഇത്രയധികം കത്തിയമർന്നു എന്നതിലും കാറിന് മറ്റ് യാന്ത്രിക തകരാറുകൾ ഒന്നും തന്നെ ഇല്ലായിരുന്നു എന്നതിലും വലിയ ദുരൂഹത നിലനിന്നിരുന്നു . എന്നാൽ കാറിനുള്ളിൽ ഒരു ദ്രാവകം ഉണ്ടായിരുന്നു എന്ന് ഫോറൻസിക് സംഘവും പോലീസും നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു . ഇത് പെട്രോൾ തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് ഈ പെട്രോൾ ആരാണ് വാങ്ങിയത് എന്നതിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചത് .

സിസിടിവി ദൃശ്യങ്ങളും പോലീസ് നിഗമനവും

അപകടം നടന്ന സ്ഥലത്തിന് സമീപത്തുള്ള പെട്രോൾ പമ്പുകളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിക്കുകയുണ്ടായി . ഈ പരിശോധനയിലാണ് കന്നാസുമായി എത്തി പെട്രോൾ വാങ്ങുന്ന ഒരു യുവതിയുടെ ദൃശ്യങ്ങൾ പോലീസിന് ലഭിക്കുന്നത് . ഇത് മരിച്ച സോന തന്നെയാണെന്നാണ് പോലീസ് ഇപ്പോൾ നിഗമനത്തിൽ എത്തിയിരിക്കുന്നത് .

സോനയും ഭർത്താവ് രജിൻലാലും തമ്മിൽ വലിയ രീതിയിലുള്ള കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നതായി പോലീസ് വ്യക്തമാക്കുന്നു . അപകടം നടന്ന ദിവസം രജിൻലാലിന്റെ വീട്ടിൽ നിന്നും സോനയുടെ സ്വന്തം വീട്ടിലേക്ക് കാറിൽ പോവുകയായിരുന്നു ഇരുവരും . സാധാരണ ഗതിയിൽ വെറും അര മണിക്കൂർ കൊണ്ട് എത്തിച്ചേരാവുന്ന ഈ ദൂരത്തേക്ക് യാത്ര ചെയ്യാൻ ഇവർ ഏകദേശം മൂന്ന് മണിക്കൂറോളം സമയമെടുത്തു എന്നാണ് പോലീസിന് ലഭിച്ച വിവരം . ഈ മൂന്ന് മണിക്കൂർ സമയത്തിനിടയിൽ കാറിനുള്ളിൽ വെച്ച് എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് പോലീസ് ഇപ്പോൾ വിശദമായി അന്വേഷിക്കുന്നുണ്ട് .

ബന്ധുക്കളുടെ ആരോപണവും തുടർനടപടികളും

തുടക്കത്തിൽ ഇതൊരു ആസൂത്രിത കൊലപാതകമാണോ എന്ന് സോനയുടെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു . രജിൻലാലിനും കുടുംബത്തിനുമെതിരെ കൊലപാതക ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു . എന്നാൽ സോന തന്നെ നേരിട്ട് പെട്രോൾ വാങ്ങിയതായുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇതൊരു ആത്മഹത്യ ആകാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത് . സോന സ്വയം കാറിന്റെ ബാക്ക് സീറ്റിലേക്ക് മാറി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതാകാം എന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോൾ താൽക്കാലികമായി എത്തിനിൽക്കുന്നത് .

എങ്കിലും കേസിൽ പോലീസ് പൂർണ്ണമായ ഒരു സ്ഥിരീകരണത്തിൽ എത്തിയിട്ടില്ല. സിസിടിവി ദൃശ്യങ്ങളിലുള്ളത് സോന തന്നെയാണെന്ന് ശാസ്ത്രീയമായി നൂറു ശതമാനം ഉറപ്പുവരുത്തേണ്ടതുണ്ട് . കൂടാതെ കൂടുതൽ ഫോറൻസിക് പരിശോധനാ ഫലങ്ങളും പുറത്തുവരേണ്ടതുണ്ട് .

അപകടത്തിൽ സോനയുടെ ഭർത്താവ് രജിൻലാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശരീരത്തിൽ 60 ശതമാനത്തോളം പൊള്ളലേറ്റ രജിൻലാൽ നിലവിൽ ചികിത്സയിലാണ് . അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനാൽ പോലീസിന് ഇതുവരെയും മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല . വരും ദിവസങ്ങളിൽ ഇരുവിഭാഗത്തിന്റെയും ബന്ധുക്കളുടെ മൊഴികൾ വിശദമായി രേഖപ്പെടുത്തുമെന്നും ശാസ്ത്രീയ പരിശോധനകൾ വേഗത്തിലാക്കുമെന്നും പോലീസ് അറിയിച്ചു

---------------

Hindusthan Samachar / Roshith K


Latest News