Enter your Email Address to subscribe to our newsletters

Ernakulam, 02 മെയ് (H.S.)
പരസ്യത്തിനായി തയ്യാറാക്കിയ പോസ്റ്ററില് നിന്ന് നടന് ദിലീപിന്റെ ചിത്രം മാറ്റി സപ്ലൈകോ. വിലക്കുറവുമായി ബന്ധപ്പെട്ടുളള പരസ്യത്തിലാണ് സപ്ലൈകോ ദിലീപിന്റെ ചിത്രം ഉപയോഗിച്ചിരുന്നത്.
നടിയെ ആക്രമിച്ച കേസില് എട്ടാം പ്രതിയായ ദിലീപിനെ വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. എന്നാല് കോടതി വിധിക്കെതിരെ സംസ്ഥാന സര്ക്കാര് മേല്ക്കോടതിയില് അപ്പീല് നല്കിയിരിക്കുകയാണ്.
ഈ സാഹചര്യത്തില് ഭക്ഷ്യ വകുപ്പ് മന്ത്രി ജിആര് അനിലിന്റെ നിര്ദേശപ്രകാരമാണ് പോസ്റ്ററില് നിന്ന് സപ്ലൈകോ ദിലീപിനെ നീക്കം ചെയ്തത്. സിനിമാ താരങ്ങളുടെ കാരിക്കേച്ചറുകള് ഉപയോഗിച്ചുളള നിരവധി പോസ്റ്ററുകള് സപ്ലൈകോ പരസ്യത്തിനായി ഉപയോഗിക്കുന്നുണ്ട്.
അക്കൂട്ടത്തില്, അരിക്കും പഞ്ചസാരയ്ക്കും വെളിച്ചെണ്ണയ്ക്കും സപ്ലൈകോയിലാണ് വിലക്കുറവ് എന്നറിയില്ലെങ്കില് എത്ര ഓണം ഉണ്ടിട്ടെന്താ കാര്യം എന്ന പോസ്റ്ററിലാണ് മീരാ ജാസ്മിനൊപ്പം ദിലീപിന്റെ ചിത്രവും ഉപയോഗിച്ചിരുന്നത്. അതിജീവിതയ്ക്ക് ഒപ്പമെന്ന നിലപാടെടുത്ത സര്ക്കാര് തങ്ങളുടെ പരസ്യത്തില് ആരോപണ വിധേയനായ വ്യക്തിയുടെ ചിത്രം ഉപയോഗിക്കുന്നതിന്റെ വൈരുദ്ധ്യം പലരും ചൂണ്ടിക്കാട്ടിയിരുന്നു.
ദിലീപിനെ ഉള്പ്പെടുത്തിയിട്ടുളള പരസ്യം ശ്രദ്ധയില്പ്പെട്ടിരുന്നില്ലെന്നാണ് മന്ത്രി ജി ആര് അനില് റിപ്പോര്ട്ടര് ടിവിയോട് പ്രതികരിച്ചത്. സംഭവം വാര്ത്തയായതിന് പിന്നാലെയാണ് സപ്ലൈകോ പരസ്യം പിന്വലിച്ചത്. അതേസമയം സംഭവത്തില് ദിലീപ് ആരാധകർ രൂക്ഷ വിമർശനം ഉയർത്തി സോഷ്യല് മീഡിയയില് രംഗത്ത് വന്നിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില് ദിലീപ് കുറ്റവിമുക്തനായതാണെന്നും അതുകൊണ്ട് തന്നെ ചിത്രം ഉപയോഗിക്കുന്നതില് എന്താണ് തെറ്റ് എന്നുമാണ് ആരാധകരുടെ ചോദ്യം. ലൈംഗികാരോപണം നേരിട്ട വേടനെ സർക്കാർ പരിപാടികളില് പങ്കെടുപ്പിക്കുന്നത് അടക്കമുളള കാര്യങ്ങള് ഉയർത്തിയാണ് ആരാധകരുടെ വിമർശനം.
മന്ത്രി ചെയ്തത് ശരിയാണ് എന്ന് പറയുന്നവരുമുണ്ട്. '' നല്ല തീരുമാനമാണത്. നടിയായ അതിജീവിതയുമായുള്ള കേസ്സില് ദിലീപിനെ സുപ്രീം കോടതി ശിക്ഷിക്കുകയോ രക്ഷിക്കുകയോ ചെയ്യുന്നത് വരെ ദിലീപ് നിയമത്തിന് മുന്നില് കുറ്റവാളിയാണ്. ദിലീപ് നിരപരാധി ആണെന്ന അന്തിമ വിധി വരുന്നത് വരെ സര്ക്കാരിന്റെ ഒരു പരസ്യത്തിലും പരിപാടികളിലും ദിലീപിനെ പങ്കെടുപ്പിക്കുന്നത് ശരിയല്ല'' എന്നാണ് ഒരു കമന്റ്.
സോഷ്യല് മീഡിയയിലെ മറ്റ് ചില പ്രതികരണങ്ങള് നോക്കാം: '' എന്തിനാ? ദിലീപ് ഏത് കേസിലാണ് ശിക്ഷിക്കപ്പെട്ടത്? കോടതി വെറുതെ വിട്ട ആളോട് അയിത്തം കാണിക്കാൻ നിങ്ങളൊക്കെ ആരാണ്? കഞ്ചാവ് കേസിലും പെണ്ണ് കേസിലും ഇപ്പോഴും പ്രതിയായ വേടനെ വെച്ച് ഇലക്ഷൻ വരും സർക്കാർ പരിപാടിയും നടത്തുന്ന നിങ്ങള് എന്ത് നിലപാടിന്റെ പേരിലാണ് ദിലീപിനെ ബഹിഷ്കരിക്കുന്നത്. അയാളാണ് പ്രതിയെന്ന് നിങ്ങളാണോ തീരുമാനിക്കുന്നത്? കോടതിക്കും മേലെയാണോ നിങ്ങള്?''
''നിങ്ങള് എങ്ങനെയൊക്കെ ദിലീപിനെ ഒതുക്കാൻ നോക്കിയാലും ആള് തകരില്ല.. ഒരിക്കല് നിങ്ങള്ക്ക് ദിലീപിനെ അംഗീകരിക്കേണ്ടി വരും ''
''കോടതി കുറ്റം ചെയ്തിട്ടില്ലെന്നു വിധിച്ച ഒരു മനുഷ്യനെ ഈ കാലയളവില് ശിക്ഷിച്ചത് മതിയായില്ലേ നിങ്ങള്ക്ക്. വ്യക്തി വൈരാഗ്യം തീർക്കുന്നപോലെ ഇങ്ങനെ ചെയ്യുമ്പോള് എന്ത് നേട്ടമാണുണ്ടാകുന്നത്''.
''പിന്നെ വലിയ കാര്യമാണല്ലോ. ഫോട്ടോ മാറ്റിയപ്പോള് ദിലീപിന്റെ വീട്ടില് അരി കുറഞ്ഞു സപ്ലൈകോയില് നിന്നും. നിങ്ങള് ചെയ്യുന്നത് ഒരു മനുഷ്യന്റെ പുറകില് നടന്നു ഉപദ്രവിക്കുന്നതും അത് വാർത്ത ആക്കുന്നതും. കഷ്ടം വേറെ പലർക്കും ഇവിട കേസ് വന്നു ആരും ഷെഡ്ഡു കെട്ടി കണ്ടില്ല. ആരും വാർത്ത ആഘോഷമാക്കുന്നതും കണ്ടില്ല. അപ്പോള് ദിലീപിനെ എല്ലാവരും ഇന്നും ഭയക്കുന്നു. കാരണം ഇന്നും അദ്ദേഹം ജനപ്രിയൻ ആണ്''.
''ദിലീപിന് എന്താണ് ഊര് വിലക്ക് വല്ലതും ഉണ്ടോ. നടിയുമായി ബന്ധപ്പെട്ട കേസില് ദിലീപ് പ്രതി അല്ലെന്ന് മനസ്സിലാക്കി ദിലീപിനെ വെറുതെ വിട്ട് കൊണ്ട് കോടതി വിധി വന്നതാണ്. അത്തരമൊരു സാഹചര്യത്തില് സപ്ലൈക്കോ പരസ്യത്തില് നിന്ന് ദിലീപിന്റെ ചിത്രം നീക്കം ചെയ്യേണ്ട ആവശ്യം എന്താണ്..!! എന്തോന്നാണ് ഇത്, ഇവറ്റകള് കാരണം ഇവിടെ ആണുങ്ങള്ക്കൊന്നും ജീവിക്കണ്ടേ. ഇനിയിപ്പോ ദിലീപിന്റെ ചിത്രം മാറിയിട്ട് രഞ്ജിത്തിന്റെ ചിത്രം വെക്ക് അത് കറക്റ്റ് ചേരും..!!''
---------------
Hindusthan Samachar / CHANDHU CHANDRASEKHAR