Enter your Email Address to subscribe to our newsletters

Dubai , 02 മെയ് (H.S.)
ഇന്ധന വില കുത്തനെ ഉയർന്നതോടെ യുഎഇയിലും മറ്റ് ഗള്ഫ് രാജ്യങ്ങളിലുമുള്ള ഇന്ത്യൻ പ്രവാസികള്ക്ക് വിമാന ടിക്കറ്റ് നിരക്കില് വലിയ വർധനവ് നേരിടേണ്ടി വരുമെന്ന ആശങ്ക ശക്തമാവുന്നു.
വരും ആഴ്ചകളില് സർവീസുകളില് തടസങ്ങള്, ലഭ്യതക്കുറവ്, തിരക്കുള്ള സമയങ്ങളിലെ ബുക്കിംഗ് ബുദ്ധിമുട്ടുകള് എന്നിവ നേരിടുമെന്ന് എയർലൈനുകള് മുന്നറിയിപ്പ് നല്കുന്നുണ്ട്.
ഇന്ത്യയില് ആഭ്യന്തര ജെറ്റ് ഇന്ധന വില മാറ്റമില്ലാതെ നിലനിർത്തിയിരിക്കുമ്പോള്, അന്താരാഷ്ട്ര റൂട്ടുകള്ക്കുള്ള നിരക്കുകള് കുത്തനെ വർധിപ്പിച്ചത് വിമാനക്കമ്പനികള്ക്ക് കനത്ത തിരിച്ചടിയായി. ഇത് ചില എയർലൈനുകളെ പ്രവർത്തനം പൂർണമായി നിർത്തേണ്ട അവസ്ഥയിലെത്തിച്ചേക്കാമെന്നും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
ഇന്ത്യൻ ഓയില് കോർപ്പറേഷൻ ആഭ്യന്തര ഏവിയേഷൻ ടർബൈൻ ഫ്യൂവല് (എടിഎഫ്) നിരക്ക് കിലോലിറ്ററിന് 104,927 രൂപ (4,060 ദിർഹം ) ആയി മാറ്റമില്ലാതെ നിലനിർത്തി. എന്നാല് അന്താരാഷ്ട്ര റൂട്ടുകളിലെ ഇന്ധന വില കിലോലിറ്ററിന് 1,42,425.40 രൂപ (5,530 ദിർഹം ) ആയി ഉയർത്തിയതോടെയാണ് കാര്യങ്ങള് കൈവിട്ടുപോവുന്നത്.
വില വർധനയ്ക്ക് കാരണമെന്ത്?
ആഗോള വിലവർധനവ്, മിഡില് ഈസ്റ്റിലെ സംഘർഷങ്ങള്, ഹോർമുസ് കടലിടുക്കിലെ വിതരണതടസങ്ങള് എന്നിവയാണ് ജെറ്റ് ഇന്ധന ക്ഷാമത്തിന് കാരണമായി എല്ലാവരും വിലയിരുത്തുന്നത്. യുദ്ധം മരവിപ്പിച്ചതോടെ ബ്രെന്റ് ക്രൂഡിന്റെ വില സംഘർഷത്തിന് മുമ്പുള്ള 65 ഡോളറില് നിന്ന് 111 ഡോളറായി കുതിച്ചുയർന്നു.
നിലവിലെ സാഹചര്യത്തില് സ്ഥിതി അതീവ ഗുരുതരമാണെന്ന് ഇന്ത്യൻ വിമാന കമ്പനികള് വ്യക്തമാക്കി. 'ഇന്ത്യയിലെ വ്യോമയാന വ്യവസായം കടുത്ത സമ്മർദത്തിലാണ്, പ്രവർത്തനങ്ങള് നിർത്തുന്നതിന്റെ വക്കിലാണ്' എന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്ഐഎ) സർക്കാരിന് അയച്ച കത്തില് മുന്നറിയിപ്പ് നല്കി.
എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് അടക്കമുള്ള പ്രമുഖ വിമാനക്കമ്പനികളെ പ്രതിനിധീകരിക്കുന്ന സംഘടന ഇന്ധന വിലയിലെ വർധനവ് വിമാനങ്ങള് നിലത്തിറക്കുന്നതിനും സർവീസുകള് റദ്ദാക്കുന്നതിനും ഇടയാക്കുമെന്നും കൂട്ടിച്ചേർത്തു. വിമാനക്കമ്പനിയുടെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനം വരെ ഇന്ധനത്തിനാണ്; ഇതാണ് തിരിച്ചടിയാവുന്ന ഘടകം.
ആഭ്യന്തര ഇന്ധന വില സ്ഥിരമായി നിലനിർത്തുന്നത് പ്രാദേശിക റൂട്ടുകളില് ആശ്വാസം നല്കുമ്പോള് പോലും അന്താരാഷ്ട്ര ഇന്ധനച്ചെലവിലെ വർധനവ് ദീർഘദൂര സർവീസുകളില് കടുത്ത സമ്മർദ്ദം ചെലുത്തും. ഗള്ഫിലേക്ക് പോകുന്ന പ്രവാസികള്ക്ക് ഇത് വലിയ തിരിച്ചടിയാണ് നല്കുക. വിദേശ രാജ്യങ്ങള് പ്രത്യേകിച്ച് യുഎഇ അടക്കമുള്ള ജിസിസി രാജ്യങ്ങള് ഒക്കെ ധാരാളം ഇന്ത്യൻ പ്രവാസികള് ഉള്ളയിടമാണ്.
അവിടേക്കുള്ള യാത്രയും മടങ്ങിവരവും ഒക്കെ കൂടുതല് ചിലവുയർത്തുമെന്നാണ് കരുതുന്നത്. കൂടാതെ ഇടത്തരം എയർലൈനുകള് താല്ക്കാലികമായി പ്രവർത്തനം നിർത്തേണ്ട സാഹചര്യവും വരും. ഇതോടെയാണ് ടിക്കറ്റ് നിരക്ക് ഉയരാൻ സാധ്യത ഉണ്ടെന്ന റിപ്പോർട്ടുകള് പുറത്തുവരുന്നത്. അത് ഏത് രീതിയില് യാത്രക്കാരെ, പ്രത്യേകിച്ച് പ്രവാസികളെ എങ്ങനെ ബാധിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR