Enter your Email Address to subscribe to our newsletters

Thiruvananthapuram , 02 മെയ് (H.S.)
നിയമസഭ തിരഞ്ഞെടുപ്പില് ഇത്തവണ ബി ജെ പി അട്ടിമറി വിജയം നേടുമോ? എക്സിറ്റ് പോള് ഫലങ്ങള് പുറത്തുവന്നതോടെ വലിയ ആവേശത്തിലാണ് ബി ജെപി ക്യാമ്പ്.
പാർട്ടി ഇക്കുറി അക്കൌണ്ട് തുറക്കുമെന്ന് മാത്രമല്ല ചില എക്സിറ്റ് പോളുകള് 14 സീറ്റുകള് വരെ നേടാമെന്ന പ്രവചനങ്ങളും നടത്തിയതിൻ്റെ നേതൃത്വത്തിൻ്റെ പ്രതീക്ഷ ഉയർത്തുന്നുണ്ട്.
വോട്ടെടുപ്പ് കഴിഞ്ഞ പിന്നാലെ രണ്ട് സീറ്റുകളില് വിജയം ഉറപ്പെന്നതായിരുന്നു പാർട്ടിയുടെ വിലയിരുത്തല്. എന്നാല് പുറത്തുവന്ന സർവേകള് ആ കണക്കുകള്ക്കപ്പുറമുള്ള സാധ്യതകളാണ് തുറക്കുന്നത്. തൂക്കുസഭ സാധ്യതയും ചില സർവേകള് മുന്നോട്ടുവെക്കുന്നതോടെ ലഭിക്കുന്ന ഓരോ സീറ്റും ഭരണ രൂപീകരണത്തില് നിർണ്ണായകമാകാമെന്ന പ്രതീക്ഷയും വർധിച്ചിട്ടുണ്ട്. വോട്ടുശതമാനം കുത്തനെ ഉയരുമെന്നും ബി ജെ പി കരുതുന്നുണ്ട്. എന്നാല് വോട്ടുവിഹിതത്തില് 14 ന് അപ്പുറം കടന്നേക്കില്ലെന്ന എക്സിറ്റ് പോള് പ്രവചനങ്ങള് ബി ജെ പി ക്യാമ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്. കാരണം കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില് 20 ശതമാനം വരെ വോട്ടുകള് നേടാൻ പാർട്ടിക്ക് കഴിഞ്ഞിരുന്നു.
നായർ വോട്ടുകളില് വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് പാർട്ടി കണക്കുകൂട്ടല്. ഈഴവ വിഭാഗത്തില് പരമ്പരാഗതമായി എല്.ഡി.എഫിനുള്ള മേല്ക്കൈ നിലനില്ക്കുമ്പോഴും, അവിടെ നിന്നുമുള്ള വോട്ടുചോർച്ച ബി ജെ പിക്ക് ഗുണകരമാകാമെന്ന വിലയിരുത്തലുണ്ട്. അതേസമയം മുസ്ലിം, ക്രിസ്ത്യൻ വോട്ടുകള് പ്രധാനമായും യു ഡി എഫിനൊപ്പം തന്നെ നില്ക്കുന്നതായാണ് സർവേ സൂചനകള്.
നേമവും കഴക്കൂട്ടവും കൂടെ പോരും
നേമത്ത് വീണ്ടും അക്കൌണ്ട് തുറക്കുമെന്നാണ് ബി ജെ പി പ്രതീക്ഷ. ഒപ്പം കഴക്കൂട്ടവും വിജയിക്കാനും. പാലക്കാട്, മഞ്ചേശ്വരം, തിരുവല്ല തുടങ്ങിയ മണ്ഡലങ്ങളിലും വിജയ സാധ്യതയുണ്ടെന്ന് നേതൃത്വം വിലയിരുത്തുന്നു. പ്രത്യേകിച്ച് തിരുവല്ലയില് പരമ്പരാഗതമായി പിന്നിലായിരുന്ന പാർട്ടി ഇക്കുറി വോട്ടുവ്യാപ്തി ഗണ്യമായി വർധിപ്പിച്ചെന്നാണ് ബൂത്ത് തല റിപ്പോർട്ടുകള് സൂചിപ്പിക്കുന്നത്. ഇതുകൂടാതെ വട്ടിയൂർകാവ്, തിരുവനന്തപുരം, കാസർകോഡ്, ചാത്തന്നൂർ, നാട്ടിക, കാട്ടാക്കട തുടങ്ങിയ മണ്ഡലങ്ങളില് കടുത്ത ത്രികോണമത്സരം സൃഷ്ടിക്കാൻ കഴിഞ്ഞുവെന്നും ബിജെപി കണക്ക് കൂട്ടുന്നു.
പാർട്ടിയുടെ ആഭ്യന്തര കണക്കുകള് പ്രകാരം 25 മണ്ഡലങ്ങളില് രണ്ടാമതെത്താനാകുമെന്ന വിലയിരുത്തലുണ്ട്. എന്നാല് പ്രതീക്ഷകള്ക്ക് ഒപ്പം സമ്മർദ്ദവും ഉയരുന്നുണ്ട്. ഒരു സീറ്റ് പോലും നേടാനായില്ലെങ്കില് അത് നേതൃത്വത്തിന് വലിയ തിരിച്ചടിയായിരിക്കും. അതേസമയം, ഒരു സീറ്റ് പോലും ലഭിച്ചാല് അത് ചരിത്രപരമായ നേട്ടമായി ഉയർത്തിക്കാട്ടാനും മൂന്ന് മുതല് അഞ്ച് സീറ്റുകള് വരെ നേടിയാല് കേരള രാഷ്ട്രീയത്തില് പുതിയ അധ്യായം തുറക്കാനുമുള്ള അവസരമെന്ന നിലയിലാണ് ബി ജെ പി കാണുന്നത്. ഇക്കുറി ബി ജെ പി-എൻ ഡി എ സ്ഥാനാർഥികള് നേടുന്ന വോട്ടുകള് സംസ്ഥാനത്ത് ആരാണ് ഭരണത്തില് എത്തുക എന്നതിനെ നിർണ്ണയിക്കുന്ന ഘടകമാകാമെന്ന ഏകാഭിപ്രായത്തിലാണ് പാർട്ടി നേതൃത്വം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR