Enter your Email Address to subscribe to our newsletters

Newdelhi , 02 മെയ് (H.S.)
എഎപി എംപിമാരുടെ കൂട്ടരാജിയും ബിജെപി പ്രവേശനവും കഴിഞ്ഞ ദിവസങ്ങളില് ദേശീയ രാഷ്ട്രീയത്തിലെ പ്രധാന വാര്ത്തയായിരുന്നു.
ഏഴ് എഎപി എംപിമാരാണ് ബിജെപിയില് ചേര്ന്നത്. ഇതോടെ രാജ്യസഭയില് എഎപിയുടെ അംഗബലം പത്തില് നിന്ന് മൂന്നായി ചുരുങ്ങി. രാഘവ് ചദ്ദയ്ക്ക് പുറമെ രാജിവച്ച പ്രധാന എഎപി നേതാവായിരുന്നു സന്ദീപ് പഥക്.
2022ല് നിയമസഭാ തിരഞ്ഞെടുപ്പില് പഞ്ചാബ് എഎപി തൂത്തുവാരിയിരുന്നു. ഇതിന് കളമൊരുക്കിയത് സന്ദീപ് പഥക് ആണ്. എഎപിയുടെ സംഘടനാ ചുമതലയുള്ള സെക്രട്ടറിയായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെയാണ് രാഘവ് ചദ്ദ പാര്ട്ടി വിട്ടതിനെക്കാള് എഎപിയെ വെട്ടിലാക്കിയത് സന്ദീപ് പഥകിന്റെ രാജിയാണ് എന്ന വിലയിരുത്തലുണ്ടായത്. എന്നാല് ഇവരെ വെറുതെ വിടാന് എഎപി ഒരുക്കമല്ല.
പാര്ട്ടി വിട്ട എംപിമാരെ തേടിയിറങ്ങിയിരിക്കുകയാണ് എഎപി എന്നാണ് പുതിയ വാര്ത്തകളില് നിന്ന് മനസിലാകുന്നത്. സന്ദീപ് പഥകിനെതിരെ രണ്ട് ജാമ്യമില്ലാ കേസുകള് രജിസ്റ്റര് ചെയ്തിരിക്കുകയാണ് പഞ്ചാബ് പോലീസ്. ഏത് സമയവും അറസ്റ്റ് ചെയ്തേക്കും. കേസ് എടുത്തു എന്ന വാര്ത്തകള് വന്ന പിന്നാലെ സന്ദീപ് പഥക് ഡല്ഹിയിലെ തന്റെ വസതിയില് നിന്ന് പുറത്തുപോയി. മാധ്യമങ്ങളുമായി സംസാരിക്കാനും തയ്യാറായില്ല.
ഏത് സമയവും പഞ്ചാബ് പോലീസ് സന്ദീപ് പഥകിനെ തേടി ഡല്ഹിയിലെത്തുമെന്നാണ് വിവരം. ഇത് മുന്കൂട്ടി കണ്ടാണ് സന്ദീപ് പഥക് ഡല്ഹിയിലെ വസതിയില് നിന്ന് പോയതത്രെ. ലൈംഗിക പീഡനം, അഴിമതി കേസുകളാണ് സന്ദീപ് പഥകിനെതിരെ രജിസ്റ്റര് ചെയ്തത് എന്നാണ് റിപ്പോര്ട്ടുകള്.. ഇക്കാര്യത്തില് ഇനിയും വ്യക്തത വരേണ്ടതുണ്ട്.
ഹര്ഭജനും രജീന്ദറിനുമെതിരെ നടപടി
രാജിവച്ച ഏഴ് എഎപി എംപിമാരില് ആറു പേരും പഞ്ചാബില് നിന്ന് തിരഞ്ഞെടുക്കപ്പെട്ട നേതാക്കളായിരുന്നു. രാഘവ് ചദ്ദ, രജീന്ദര് ഗുപ്ത, സന്ദീപ് പഥക്, ഹര്ഭജന് സിങ്, അശോക് മിത്തല്, വിക്രംജിത് സാഹ്നി എന്നിവര് പഞ്ചാബില് നിന്നും സ്വാതി മാലിവാള് ഡല്ഹിയില് നിന്നുമാണ് രാജ്യസഭയിലെത്തിയത്. എല്ലാവരും കൂട്ടത്തോടെ ബിജെപിയില് ചേര്ന്നത് അടുത്ത വര്ഷം നിയമസഭാ തിരഞ്ഞെടുപ്പ നടക്കാന് പോകുന്ന പഞ്ചാബില് എഎപിക്ക് തിരിച്ചടി ലഭിക്കുമെന്ന സൂചനയായി വിലയിരുത്തിയിരുന്നു.
രാജിവച്ച മറ്റൊരു എംപിയായ രജീന്ദര് ഗുപ്തക്കെതിരെയും പഞ്ചാബില് നടപടി തുടങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ തുണിമില്ല് ആയ ട്രൈഡന്റ് ഗ്രൂപ്പിന്റെ ദൗല യൂണിറ്റില് മലിനീകരണ നിയന്ത്രണ ബോര്ഡിന്റെ റെയ്ഡ് നടന്നു. സ്ഥാപനം പരിസ്ഥിതി മലിനീകരണം നടത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്ന്നാണ് റെയ്ഡ് എന്നാണ് ഉദ്യോഗസ്ഥര് പറയുന്നത്. എന്നാല് എഎപി പക തീര്ക്കുകയാണ് എന്ന് ബിജെപി ആരോപിച്ചു.
ഹര്ഭജന് സിങിനുണ്ടായിരുന്ന സുരക്ഷ പിന്വലിക്കാനും പഞ്ചാബ് സര്ക്കാര് തീരുമാനിച്ചിട്ടുണ്ട്. ഇദ്ദേഹം പഞ്ചാബില് താമസിക്കുന്നില്ലെന്നും കൂടുതലും ഡല്ഹിയിലാണെന്നുമാണ് സര്ക്കാരിന്റെ വാദം. ഇതിനെതിരെയും ബിജെപി രംഗത്തുവന്നു. രാഷ്ട്രീയ പ്രേരിതമായ തീരുമാനങ്ങളാണ് പഞ്ചാബ് സര്ക്കാര് എടുക്കുന്നത് എന്ന് പഞ്ചാബ് ബിജെപി വര്ക്കിങ് പ്രസിഡന്റ് അശ്വനി ശര്മ കുറ്റപ്പെടുത്തി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR