Enter your Email Address to subscribe to our newsletters

Ernakulam,02 മെയ് (H.S.)
വൈറ്റില അടിപ്പാത ദിവസങ്ങളായി ഇരുട്ടിലായതോടെ ദുരിതത്തിലായി യാത്രക്കാർ. ഇതുവഴിയുള്ള യാത്ര പേടിസ്വപ്നമാണെന്ന് പറയുന്നു.
തെരുവുവിളക്കുകള് കത്താത്തതിനാല് വലിയ ഭാഗങ്ങള് ഇരുട്ടിലാണ്. ഫോണ് ടോർച്ചുകളും വാഹനങ്ങളുടെ ഹെഡ്ലൈറ്റുകളുമാണ് ഏക ആശ്രയം. യാത്രക്കാർ ആശങ്ക അറിയിച്ചിട്ടും അധികാരികള് ഈ വിഷയത്തില് കാര്യമായ നടപടിയെടുക്കുന്നില്ല എന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം.
തൃപ്പൂണിത്തുറയില് നിന്നും അരൂരില്നിന്നും വരുന്ന ബസ് യാത്രികരും മറ്റ് പാതയോരത്ത് ഇറങ്ങി ഹബ്ബിലേക്കും തൃപ്പൂണിത്തുറ റോഡിലേക്കും പോകാനുള്ള വഴിയാണ് വൈറ്റില അണ്ടർപാസ്. അവിടെയാണ് ഇരുട്ട് വെല്ലുവിളിയാവുന്നത്. മാത്രമല്ല പ്രദേശത്തെ പ്രധാന ആരാധനാലയങ്ങളില് ഒന്നായ വൈറ്റില ശിവ- സുബ്രഹ്മണ്യക്ഷേത്രത്തിലേക്ക് ഭക്തജനങ്ങള് പോകുന്നതും ഈ വഴിയിലൂടെയാണ്.
ഒരു മാസത്തിലേറെയാണ് അടിപ്പാതയില് ലൈറ്റ് ഇല്ലാതെയായിട്ട്. ഇതോടെ ഇവിടെ മാലിന്യം തള്ളുന്നതും പതിവാണ്. അതേസമയം, നേരത്തെ വൈറ്റില റെയില്വേ ഓവർബ്രിഡ്ജിന്റെ സമീപ റോഡിന് താഴെയുള്ള മറ്റൊരു പ്രധാനപ്പെട്ട അടിപ്പാതയില് നിരവധി വിള്ളലുകള് കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ എൻഎച്ച്എഐ പരിശോധനയ്ക്ക് ഉത്തരവിട്ടിരുന്നു. ദേശീയപാത 66-ന്റെ കൊച്ചി-അരൂർ ഭാഗത്തെ എല്ലാ നിർമ്മിതികളിലും സമഗ്രമായ സുരക്ഷാ പരിശോധന നടത്താനായിരുന്നു ഉത്തരവ്.
1997-ല് നിർമ്മിച്ച ഈ ഇടുങ്ങിയ അടിപ്പാത, വൈറ്റില മൊബിലിറ്റി ഹബിനെയും സുഭാഷ് ചന്ദ്രബോസ് റോഡിനെയും (പഴയ തമ്മനം റോഡ്) ബന്ധിപ്പിക്കുന്ന ഒരു പ്രധാന പാതയായി ആയി പ്രവർത്തിക്കുന്നു. തിരക്കേറിയ വൈറ്റില ജംഗ്ഷൻ ഒഴിവാക്കി ചെറുകിട വാഹനങ്ങളെ കടത്തിവിടാൻ ഇത് സഹായിക്കുന്നു. കോണ്ക്രീറ്റ് ഭിത്തിയുടെ മുകളില് നിന്ന് താഴെ വരെ നീളുന്ന വിള്ളലുകള്, ഘടനാപരമായ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകളാണ് ഉയർത്തിയിരുന്നു.
അതേസമയം, കൊച്ചി നഗരത്തില് ഗതാഗത കുരുക്കിന് ഒട്ടും കുറവില്ല. അതിനിടെ വൈറ്റില ജംഗ്ഷനിലെ സുരക്ഷാ മെച്ചപ്പെടുത്തലുകള്ക്ക് ഫെബ്രുവരി 13ന് പൊതുമരാമത്ത് വകുപ്പ് ടെൻഡർ ക്ഷണിച്ചിരുന്നു. 1.16 കോടി രൂപ മതിപ്പുവിലയുള്ള 180 ദിവസത്തെ കരാറിന് 'അവാർഡ് പെൻഡിംഗ്' നിലയിലായതിനാല് ആരംഭ തീയതി ഇതുവരെ വ്യക്തമായിട്ടില്ല.
കേരളത്തിലെ ദേശീയപാത 66 വികസനം 2026-ല് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വൈറ്റിലയിലെ സുരക്ഷാ ജോലികള് കരാർ ലഭിച്ച് ആറ് മാസത്തിനുള്ളില് നടപ്പിലാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രധാന മാറ്റങ്ങള് ഘട്ടം ഘട്ടമായി മാത്രമേ നടപ്പിലാകൂ. അതുവരെ, ജംഗ്ഷനില് കനത്ത ഗതാഗതക്കുരുക്ക് തുടരും. സിഗ്നല് രഹിത പരീക്ഷണങ്ങളില് വഴിതിരിച്ചുവിടലുകളും ഉണ്ടാകും. ഈ സമയത്ത് അണ്ടർപാസില് ലൈറ്റ് ഉള്പ്പെടെ സ്ഥാപിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR