Enter your Email Address to subscribe to our newsletters

Bhopal , 02 മെയ് (H.S.)
മധ്യപ്രദേശിലെ ക്രൂയിസ് ബോട്ട് അപകടത്തെ തുടര്ന്ന് സംസ്ഥാനത്തുടനീളം ക്രൂയിസ് സർവീസുകൾ ഉടന് നിരോധിക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി മോഹൻ യാദവ് . സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി കുറ്റവാളികളെ വെറുതെ വിടില്ലെന്നും ഉറപ്പുനൽകി.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിന് സാഹസിക കായിക വിനോദങ്ങൾക്കായി സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ (എസ്ഒപി) രൂപീകരിക്കുമെന്ന് യാദവ് പറഞ്ഞു. അതേസമയം അപകടത്തിൻ്റെ മൂലകാരണങ്ങൾ അന്വേഷിക്കുന്നതിനായി ഉന്നതതല സമിതി സർക്കാർ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങൾ ഇതിനകം ഒരു അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അപകടകാരണത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിനുശേഷം മാത്രമേ കൂടുതല് പറയാനാകുവെന്ന് യാദവ് മാധ്യമങ്ങളോട് വ്യക്തമാക്കി.
ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി
മധ്യപ്രദേശിലെ ജബൽപൂരിലെ നർമദ നദിയില് കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. അപകടത്തില് മരിച്ചവരുടെ എണ്ണം 9 ആയി ഉയർന്നു. നിലവിൽ 15 ഓളം പേരെ കാണാതായാതാണ് വിവരം. വീഴ്ച വരുത്തിയ മൂന്ന് ക്രൂയിസ് ജീവനക്കാരെ (പൈലറ്റ്, ഹെൽപ്പർ, ടിക്കറ്റ് കൗണ്ടർ ഇൻ-ചാർജ്) ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കൂടാതെ, ഹോട്ടൽ മൈക്കൽ റിസോർട്ട് ആൻഡ് ബോട്ട് ക്ലബ് മാനേജരെ സസ്പെൻഡ് ചെയ്യുകയും റീജിയണൽ മാനേജർക്കെതിരെ ഡിപ്പാർട്ട്മെൻ്റൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അപകടസമയത്ത് സ്വന്തം ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനത്തിന് എത്തിയ എല്ലാ ധീരരായ അംഗങ്ങളെയും ഓഗസ്റ്റ് 15 ന് ആദരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ ഉടൻ ബന്ധപ്പെടുകയും, സർക്കാർ അവരോടൊപ്പം നിൽക്കുമെന്ന് ജബൽപൂരിൽ എത്തിയ യാദവ്, ഉപമുഖ്യമന്ത്രി ജഗദീഷ് ദേവ്ര, പൊതുമരാമത്ത് മന്ത്രി രാകേഷ് സിങ് എന്നിവർ ഉറപ്പ് നൽകി. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരിൽ ഒരാളായ റിയാസ് ഹുസൈനെയും മുഖ്യമന്ത്രി യാദവ് കണ്ടു. ഏകദേശം 4-5 മണിക്കൂറോളമാണ് അദ്ദേഹം കപ്പലിനുള്ളില് കുടുങ്ങിയത്.
കുടുംബങ്ങള്ക്കായുള്ള ധനസഹായം
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പിഎംഎൻആർഎഫിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം എക്സ്-ഗ്രേഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്.
വേദനാജനകമായ അനുഭവങ്ങൾ
ജബൽപൂർ ബോട്ട് ദുരന്തത്തില് സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവമുണ്ടായിരുന്നുവെന്ന് അപകടത്തില് ഭാര്യ നഷ്ടപ്പെട്ട ഹനുമാൻ താലി സ്വദേശിയായ മനോജ് സെൻ പറഞ്ഞു. പ്രതികൂല കാലാവസ്ഥ മൂലമാണ് അപകടം സംഭവിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. എന്തുകൊണ്ട് ലൈഫ് ജാക്കറ്റുകൾ നേരത്തെ വിതരണം ചെയ്തില്ല? ക്രൂയിസ് മുങ്ങാൻ തുടങ്ങിയപ്പോൾ മാത്രമാണ് അവ നൽകിയത്. മാത്രമല്ല, ക്രൂയിസ് കപ്പൽ വളരെ മോശം അവസ്ഥയിലായിരുന്നു, വെറും രണ്ട് മിനിറ്റിനുള്ളിൽ അത് മറിഞ്ഞു. ആർക്കും പ്രതികരിക്കാനോ സ്വയം സ്ഥിരത കൈവരിക്കാനോ പോലും അവസരം ലഭിച്ചില്ല.
എല്ലാവരോടും താഴത്തെ ഡെക്കിലേക്ക് പോകാൻ നിർദ്ദേശം നൽകിയിരുന്നു. താഴെ പോയവരാണ് മുങ്ങിമരിച്ചത്. മുകളിലത്തെ ഡെക്കിൽ തുടർന്നവർ രക്ഷപ്പെട്ടു. ആശുപത്രിയിൽ പ്രവേശിപ്പിച്ച തൻ്റെ മൂന്ന് കുട്ടികളും അമ്മയെ തിരക്കുമ്പോള് തനിക്ക് പറയാന് ഉത്തരമില്ലെന്നും മനോജ് വൈകാരികമായി പ്രതികരിച്ചു. അദ്ദേഹത്തിൻ്റെ കുട്ടികള് അങ്കിത, തനിഷ്ക, തനിഷ്ക് എന്നിവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
തമിഴ്നാട് സ്വദേശിയായ കാമരാജിനെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ആൾ ഇന്ത്യ ഡിഫൻസ് എംപ്ലോയീസ് ഫെഡറേഷൻ്റെ ഓർഗനൈസിങ് സെക്രട്ടറി അർണാബ് ദാസ് ഗുപ്തയും സംഘവും തെരച്ചില് ഊര്ജിതമാക്കിയിട്ടുണ്ട്. കാമരാജിനെ കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. അപകടം നടന്നതിന് തൊട്ടുപിന്നാലെയാണ് കാമരാജ് ബോട്ടിലുണ്ടായിരുന്നുവെന്ന വിവരം ലഭിച്ചതെന്ന് സംഘം പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR