Enter your Email Address to subscribe to our newsletters

Kochi, 20 മെയ് (H.S.)
കൊച്ചി: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി 48 മണിക്കൂറിനുള്ളിൽ പൊലീസ് അതിക്രമം. എറണാകുളം മലയിടംതുരുത്ത് പാര്യത്ത് കാവ് നഗറിൽ കുടിയൊഴിപ്പിക്കൽ നടപടിയുടെ പേരിൽ സ്ത്രീകളെയും കുട്ടികളെയും അസുഖബാധിതരെയുമടക്കം പൊലീസ് തല്ലിച്ചതച്ചു. സിപിഐ എം നേതൃത്വത്തിൽ പ്രദേശവാസികൾ നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പൊലീസിന് പിന്മാറേണ്ടിവന്നു.
പുരുഷപൊലീസുകാർ സ്ത്രീകളെയും കുട്ടികളെയുമടക്കം ബൂട്ടിട്ട് ചവിട്ടിയെന്ന് നാട്ടുകാർ പറഞ്ഞു. സ്ത്രീകളെ വലിച്ചിഴക്കുകയും വസ്ത്രങ്ങൾ കീറുകയും ചെയ്തു. ഹൃദ്‍രോഗികളടക്കമുള്ള പ്രതിഷേധക്കാരെ പൊലീസ് വീട്ടിൽനിന്നും വലിച്ചിഴച്ചു. എന്നിട്ടും പിന്മാറാതെ വന്നതോടെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
പട്ടികജാതി വിഭാഗത്തിൽപെട്ട എട്ട് കുടുംബങ്ങൾ മൂന്ന് തലമുറകളായി താമസിക്കുന്ന പ്രദേശത്തുനിന്നാണ് ഒഴിപ്പിക്കാനുള്ള ശ്രമം നടത്തിയത്. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് പെരുമ്പാവൂർ മുൻസിഫ് കോടതി ചുമതലപ്പെടുത്തിയ അഡ്വക്കേറ്റ് കമീഷന്റെ നേതൃത്വത്തിലുള്ളവർ ബുധൻ രാവിലെ പ്രദേശത്ത് എത്തി കുടിയൊഴിപ്പിക്കൽ നടപടി ആരംഭിച്ചു. ഇതോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. അഡ്വക്കേറ്റ് കമീഷൻ ഓരോ വീടുകളിലും കയറി പരിശോധന നടത്തുകയും ഒഴിപ്പിക്കൽ നടപടി ആരംഭിക്കുകയും ചെയ്തു. പൊലീസിന്റെ ബലപ്രോയഗത്തെ സമരക്കാർ ചെറുത്തു.
കഴിഞ്ഞ 14 തവണത്തെയും പോലെ അഡ്വക്കേറ്റ് കമീഷനും പൊലീസും വന്ന് മറ്റ് സംഘർഷങ്ങളൊന്നുമില്ലാതെ തിരികെപോകും എന്നാണ് പ്രദേശവാസികൾ കരുതിയത്. എന്നാൽ ഇത്തവണ അങ്ങനെയായിരുന്നില്ല. ഉച്ചയോടെ വളരെ പെട്ടെന്നായിരുന്നു പൊലീസ് നടപടി. സമരപ്പന്തൽ പൊളിച്ചുനീക്കുകയും ഓരോ വീടുകളിലും കയറി കുടികൊഴിപ്പിക്കൽ നടപടി ആരംഭിക്കുകയും ചെയ്തു. ക്രൂരമായാണ് ജനങ്ങളെ തല്ലിച്ചതച്ചതെന്നും സർക്കാർ അന്വേഷിക്കണമെന്നും കുന്നത്തുനാട് മുൻ എംഎൽഎ പി വി ശ്രീനിജൻ ആവശ്യപ്പെട്ടു.
നേരത്തെ കുടിയൊഴിപ്പക്കൽ നടപടി ആരംഭിച്ചപ്പോഴൊക്കെയും സിപിഐ എം നേതൃത്വവും കുന്നത്തുനാട് എംഎൽഎയായിരുന്ന പി വി ശ്രീനിജിനും ചേർന്ന് പ്രതിരോധം തീർത്തിരുന്നു. പട്ടികജാതി കുടുംബങ്ങൾ 1976 മുതൽ തുടങ്ങിയതാണ് നിലനിൽപ്പിനുവേണ്ടിയുള്ള പോരാട്ടം. തലമുറകളായി താമസിക്കുന്ന സ്ഥലത്തുനിന്ന് ഇവരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കിഴക്കമ്പലം കണ്ണാട്ട് വീട്ടിൽ ശങ്കരൻനായർ കോടതിയിൽ നൽകിയ കേസിനെ തുടർന്നാണ് നടപടി.
---------------
Hindusthan Samachar / Sreejith S