അവിഹിതബന്ധത്തിന് സാഹചര്യത്തെളിവു മതി -മദ്രാസ് ഹൈക്കോടതി
Chennai, 20 മെയ് (H.S.) അവിഹിതബന്ധം സ്ഥാപിക്കാന്‍ സാഹചര്യത്തെളിവുകള്‍ മതിയെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. വിവാഹേതര ലൈംഗികബന്ധം നടക്കുന്നത് അതിരഹസ്യമായിട്ടാവുമെന്നതുകൊണ്ട് അതിന് നേരിട്ടുള്ള തെളിവ് ഹാജരാക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് ജസ്
Madras High Court


Chennai, 20 മെയ് (H.S.)

അവിഹിതബന്ധം സ്ഥാപിക്കാന്‍ സാഹചര്യത്തെളിവുകള്‍ മതിയെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. വിവാഹേതര ലൈംഗികബന്ധം നടക്കുന്നത് അതിരഹസ്യമായിട്ടാവുമെന്നതുകൊണ്ട് അതിന് നേരിട്ടുള്ള തെളിവ് ഹാജരാക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് ജസ്റ്റിസ് സി.വി. കാര്‍ത്തികേയനും ജസ്റ്റിസ് കെ. രാജശേഖറുമടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു.

ഭാര്യക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്നുകാണിച്ച് ഭര്‍ത്താവ് നല്‍കിയ വിവാഹമോചനഹര്‍ജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം. അവിഹിതബന്ധത്തിന് തെളിവില്ലെന്നുപറഞ്ഞ് കുടുംബക്കോടതി നേരത്തേ ഹര്‍ജി തള്ളിയിരുന്നു. അതിനെതിരേ ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി അനുകൂലവിധി പുറപ്പെടുവിച്ചത്.

സി.ആര്‍.പി.എഫ്. ജീവനക്കാരനായ ഭര്‍ത്താവിന് ജോലിയാവശ്യത്തിനായി പലപ്പോഴും വീട്ടില്‍നിന്ന് മാറിനില്‍ക്കേണ്ടിവരാറുണ്ട്. ഈ സമയത്ത് ഭാര്യ മറ്റൊരാളുമായി അടുപ്പത്തിലായെന്നാണ് പരാതി. ഭാര്യയെയും ആണ്‍സുഹൃത്തിനെയും പലയിടത്തുവെച്ചും പലരും കണ്ടതിന് ഭര്‍ത്താവ് തെളിവ് ഹാജരാക്കിയിരുന്നു. തന്റെ ഭര്‍ത്താവിന് ഹര്‍ജിയില്‍പ്പറയുന്ന സ്ത്രീയുമായി ബന്ധമുണ്ടെന്നു കാണിച്ച് ആണ്‍സുഹൃത്തിന്റെ ഭാര്യ പോലീസില്‍ പരാതി നല്‍കിയതിന്റെ രേഖയും ഹാജരാക്കി. എന്നാല്‍, ഹര്‍ജിക്കാരന്റെ ഭാര്യയും മറ്റൊരാളും തമ്മില്‍ ലൈംഗികബന്ധമുണ്ടെന്നതിന് ഈ തെളിവുപോരെന്നായിരുന്നു കുടുംബക്കോടതിയുടെ അഭിപ്രായം.

വിവാഹേതരബന്ധത്തിന്റെപേരില്‍ വിവാഹമോചനം അനുവദിക്കണമെങ്കില്‍ ദമ്പതിമാരിലൊരാള്‍ അവിഹിത ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്ന് തെളിയിക്കണം. അതിന് നേരിട്ടുള്ള തെളിവ് ഹാജരാക്കുന്നത് തികച്ചും ദുഷ്‌കരമാണുതാനും. അതുകൊണ്ട് സാഹചര്യത്തെളിവുകളെ ആശ്രയിക്കേണ്ടിവരും. ഇവിടെ, ഭര്‍ത്താവ് ഹാജരാക്കിയ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ വിവാഹമോചനം അനുവദിക്കാവുന്നതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News