സില്വര് ലൈന് പദ്ധതി ഉപേക്ഷിച്ച് സര്ക്കാര്; ഭൂമി ഏറ്റെടുക്കല് വിജ്ഞാപനങ്ങള് റദ്ദാക്കി
Thiruvanathapuram, 20 മെയ് (H.S.) തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിന് മുന്‍പ് തന്ന
k rail


Thiruvanathapuram, 20 മെയ് (H.S.)

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ അധികാരത്തില്‍ എത്തിയാല്‍ പദ്ധതി റദ്ദാക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. ഇത് രണ്ടാമത്തെ മന്ത്രിസഭാ യോഗത്തില്‍ തന്നെ നടപ്പാക്കി ജനങ്ങളുടെ കൈയ്യടി നേടിയിരിക്കുകയാണ് സതീശന്‍ സര്‍ക്കാര്‍.

പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സില്‍വര്‍ലൈനുമായി ബന്ധപ്പെട്ടുള്ള സമരങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അതിന്റെ സ്വഭാവമനുസരിച്ച് പിന്‍വലിക്കാനുള്ള ശുപാര്‍ശ കോടതിക്ക് മുമ്പാകെ സമര്‍പ്പിക്കും. സില്‍വര്‍ലൈന്‍ പദ്ധതിയുടെ സ്ഥലമേറ്റെടുത്തുകൊണ്ട് സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ നീക്കംചെയ്യുന്നതിന് റവന്യു വകുപ്പിന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

ഈ പദ്ധതി കേരളത്തിന് യോജിച്ചതല്ല. ജനങ്ങള്‍ക്കുണ്ടാക്കുന്ന പ്രയാസം നേരിട്ട് മനസ്സിലായിട്ടാണ് ഇത്തരമൊരു തീരുമാനം. പദ്ധതി നടക്കുന്നില്ലെന്ന് മാത്രമല്ല, പദ്ധതി ഉപേക്ഷിച്ചിട്ടും ഇല്ല. നിരവധി വര്‍ഷങ്ങളായി ഈ ഭൂമി വാങ്ങാനോ വില്‍ക്കാനോ സാധാരണക്കാര്‍ക്ക് സാധിക്കുന്നില്ല. ഈ ദുരിതം ഇനിയും സഹിക്കേണ്ട ആവശ്യമില്ല. അതുകൊണ്ടാണ് ഈ തീരുമാനം എന്നും സതീശന്‍ പറഞ്ഞു.

സില്‍വര്‍ ലൈനിന് വേണ്ടി മഞ്ഞക്കുറ്റി കുഴിച്ചിട്ട സ്ഥലങ്ങളിലുള്ള ആളുകള്‍ക്ക് സ്ഥലം വില്‍ക്കാനോ പണയപ്പെടുത്താനോ പറ്റാത്ത പ്രതിസന്ധി വര്‍ഷങ്ങളായി നിലനിന്നിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ ഉണ്ടാകുമോ എന്ന ആശങ്കയായിരുന്നു ജനങ്ങള്‍ക്ക്. കേന്ദ്ര അനുമതി ലഭിച്ചാല്‍ പദ്ധതിയുമായി മുമ്പോട്ട് പോകാം എന്ന തീരുമാനത്തിലായിരുന്നു കഴിഞ്ഞ പിണറായി മന്ത്രിസഭ. ഇതാണ് ഇപ്പോള്‍ വി.ഡി. സതീശന്‍ മന്ത്രിസഭ റദ്ദാക്കിയിരിക്കുന്നത്. ഇതോടെ പതിനായിരക്കണക്കിന് ജനങ്ങളുടെ ആശങ്കയാണ് പരിഹരിക്കപ്പെടന്നത്. ഏറെ ആഹ്ലാദത്തോടെയാണ് കെ റയില്‍ വിരുദ്ധ സമരസമിതി സര്‍ക്കാര്‍ തീരുമാനത്തെ സ്വീകരിച്ചിരിക്കുന്നത്. പദ്ധതിക്കായി മഞ്ഞക്കുറ്റി ഇട്ട സ്ഥല ഉടമകളെല്ലാം വലിയ സന്തോഷത്തിലാണ്. വീണ്ടുവിചാരമില്ലാതെ ഇത്തരം പദ്ധതികള്‍ കൊണ്ടുവന്ന് ജനങ്ങളെ ദുരിതത്തിലാക്കുന്ന ഒരു നടപടി ഒരു സര്‍ക്കാരും സ്വീകരിക്കരുത് എന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

2026 ഓഗസ്റ്റ് 31-ന് കാലാവധി അവസാനിപ്പിക്കുന്ന എല്ലാ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടേയും കാലാവധി 2026 നവംബര്‍ 30 വരെ ദീര്‍ഘിപ്പിക്കാന്‍ പിഎസ്സിക്ക് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനവും തിരഞ്ഞെടുപ്പ് പ്രചാരണവുമൊക്കെ മൂലം പിഎസ്സിക്ക് നിയമന ഉത്തരവ് നല്‍കാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് മൂന്ന് മാസത്തേക്ക് കാലാവധി നീട്ടുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

നൂറുദിന കര്‍മ്മപരിപാടിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രകടനപത്രികയിലുള്ള എല്ലാ കാര്യങ്ങളഉം പൂര്‍ത്തിയാക്കുമെന്നും വി.ഡി. സതീശന്‍ അറിയിച്ചു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരേ എടുത്ത നടപടികള്‍ പുനഃപരിശോധിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News