Enter your Email Address to subscribe to our newsletters

New delhi, 20 മെയ് (H.S.)
ന്യൂഡല്‍ഹി: രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും വരും മാസങ്ങളില്‍ വിലക്കയറ്റവും ഇന്ധന വിലയും കുത്തനെ ഉയരുമെന്നും രാഹുല്‍ ഗാന്ധി. വര്‍ധിച്ചു വരുന്ന വിലക്കയറ്റത്തിന്റെ പ്രത്യാഘാതങ്ങള്‍ ജനം താമസിയാതെ അനുഭവിക്കേണ്ടി വരുമെന്നും രാഹുല്‍ പറഞ്ഞു. പെട്രോള്‍, ഡീസല്‍, പാചകവാതക വില എന്നിവ അടുത്ത കാലത്ത് ഗണ്യമായി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ സ്വര്‍ണ്ണം വാങ്ങരുതെന്നും വിദേശയാത്രകള്‍ ഒഴിവാക്കണമെന്നും സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെടുന്നുവെന്നും രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രിയെ രാജ്യദ്രോഹിയായി രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മുന്നില്‍ വന്ന് നരേന്ദ്ര മോദിയെയും അമിത് ഷായെയും കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ പ്രധാനമന്ത്രി ഒരു രാജ്യദ്രോഹിയാണ്, നിങ്ങളുടെ ആഭ്യന്തര മന്ത്രി ഒരു രാജ്യദ്രോഹിയാണ്... നിങ്ങളുടെ സംഘടന രാജ്യദ്രോഹപരമാണ്. നിങ്ങള്‍ ഇന്ത്യയെ വിറ്റുതുലയ്ക്കാന്‍ പ്രവര്‍ത്തിച്ചു,' എന്ന് അവരോട് പറയണം.
വിദേശയാത്രകള്‍ക്ക് വേണ്ടി വിലകൂടിയ വിമാനങ്ങള്‍ ഉപയോഗിക്കുന്നതിനെ പ്രധാനമന്ത്രിയെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. 'പ്രധാനമന്ത്രി ജനങ്ങളോട് വിദേശയാത്രകള്‍ ഒഴിവാക്കാന്‍ പറയുന്നു, എന്നിട്ട് ആയിരക്കണക്കിന് കോടി വിലയുള്ള വിമാനങ്ങളില്‍ സ്വയം വിദേശയാത്ര നടത്തുന്നു,' അദ്ദേഹം പറഞ്ഞു. സ്വന്തം വിദേശ യാത്രകള്‍ തുടരുമ്പോള്‍ ജനങ്ങള്‍ക്ക് വിപരീത സന്ദേശങ്ങള്‍ നല്‍കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ആഗോള അസ്ഥിരതയും പശ്ചിമേഷ്യന്‍ പ്രതിസന്ധിയും കാരണം യാത്രയും ചെലവഴിക്കലും കുറയ്ക്കാന്‍ നേരത്തെ ജനങ്ങളോട് നടത്തിയ അഭ്യര്‍ഥനകളെയും രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചു. പ്രധാനമന്ത്രി മോദിയുടെ കോവിഡ്-19 മഹാമാരിക്കാലത്തെയും നോട്ടുനിരോധന കാലത്തെയും പ്രസംഗങ്ങളെയും രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചു. 'നരേന്ദ്ര മോദി നിങ്ങളോട് പറയും, അദ്ദേഹം കരയും, കോവിഡ് സമയത്തും നോട്ടുനിരോധന സമയത്തും കരഞ്ഞതുപോലെ, അദ്ദേഹം കരയും ഇതൊന്നും അദ്ദേഹത്തിന്റെ തെറ്റല്ല എന്ന് പറയും,' രാഹുല്‍ പരിഹസിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി തിരിച്ചടിച്ചു. 'കോണ്‍ഗ്രസ് സ്‌നേഹത്തിന്റെ കട തുറക്കുകയാണെന്ന് പറയുന്നു, പക്ഷെ ഇതാണ് അവരുടെ യഥാര്‍ഥ സ്വത്വം. അവര്‍ പ്രധാനമന്ത്രി മോദിയെ ആവര്‍ത്തിച്ച് അപമാനിക്കുകയും അദ്ദേഹത്തിന്റെ അമ്മയെ പോലും ലക്ഷ്യമിടുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി ഒബിസി പശ്ചാത്തലത്തില്‍ നിന്നുള്ള ആളായതുകൊണ്ട്, അവര്‍ അദ്ദേഹത്തെ ബഹുമാനിക്കാറില്ല.'പാര്‍ട്ടി വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു.
---------------
Hindusthan Samachar / Sreejith S