Enter your Email Address to subscribe to our newsletters

New delhi, 20 മെയ് (H.S.)
ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്ത അത്യാധുനിക മിസൈലായ 'യുഎവി-ലോഞ്ച്ഡ് പ്രിസിഷന്‍ ഗൈഡഡ് മിസൈലിന്റെ' (ULPGM-V3) അന്തിമ പരീക്ഷണങ്ങള്‍ ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കി.
ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ടെസ്റ്റ് റേഞ്ചില്‍ വച്ചായിരുന്നു രാജ്യം ഉറ്റുനോക്കിയ ഈ നിര്‍ണായക പരീക്ഷണം നടന്നത്. ആകാശത്തുനിന്ന് താഴേക്ക് തൊടുക്കുന്ന 'എയര്‍-ടു-ഗ്രൗണ്ട്' രീതിയിലും, ശത്രുക്കളുടെ വ്യോമാക്രമണങ്ങളെ ആകാശത്തുവെച്ചുതന്നെ തകര്‍ക്കുന്ന 'എയര്‍-ടു-എയര്‍' രീതിയിലും മിസൈല്‍ ഒരേപോലെ ലക്ഷ്യം കണ്ടതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
ഒരു സംയോജിത ഗ്രൗണ്ട് കണ്‍ട്രോള്‍ സിസ്റ്റം ഉപയോഗിച്ചാണ് മിസൈലിന്റെ വിന്യാസവും വിക്ഷേപണവും നിയന്ത്രിച്ചത്. യുദ്ധമുഖത്ത് മിസൈലുകളുടെ സജ്ജീകരണവും വിക്ഷേപണവും പൂര്‍ണമായും ഓട്ടോമാറ്റിക് ആയി നിയന്ത്രിക്കാന്‍ ശേഷിയുള്ള അത്യാധുനിക സാങ്കേതികവിദ്യയാണ് ഈ ഗ്രൗണ്ട് കണ്‍ട്രോള്‍ സിസ്റ്റത്തില്‍ ഒരുക്കിയിരിക്കുന്നത്. ലക്ഷ്യസ്ഥാനം തെറ്റാതെ അതീവ കൃത്യതയോടെ ശത്രുപാളയങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള ഈ മിസൈല്‍, ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണ-പ്രതിരോധ കരുത്ത് ഇരട്ടിയാക്കും. ഡ്രോണുകളില്‍ നിന്നും മറ്റ് പൈലറ്റില്ലാ വിമാനങ്ങളില്‍ നിന്നും തൊടുക്കാന്‍ പാകത്തിലാണ് ഈ അത്യാധുനിക മിസൈല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
മിസൈലുകളുടെ വികസനത്തിനും ഉല്‍പ്പാദനത്തിനുമായി ഡിആര്‍ഡിഒ രണ്ട് നിര്‍മ്മാണ ഏജന്‍സികളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് ഹൈദരാബാദ്, അദാനി ഡിഫന്‍സ് സിസ്റ്റംസ് & ടെക്‌നോളജീസ് ലിമിറ്റഡ് ബെംഗളൂരുവിലെ ന്യൂസ്പേസ് റിസര്‍ച്ച് ആന്‍ഡ് ടെക്‌നോളജീസ് വികസിപ്പിച്ചെടുത്ത യുഎവികളില്‍ നിലവിലെ പരീക്ഷണങ്ങള്‍ക്കായി ഈ സംവിധാനം സംയോജിപ്പിച്ചിരിക്കുന്നു.
ഹൈദരാബാദിലെ റിസര്‍ച്ച് സെന്റര്‍ ഇമ്രാത്താണ് ഈ മിസൈല്‍ വികസിപ്പിക്കുന്നതിലെ പ്രധാന നോഡല്‍ ലാബോര്‍ട്ടറി. ഇതിനൊപ്പം ഹൈദരാബാദിലെ ഡിആര്‍ഡിഎല്‍ , ചണ്ഡീഗഢിലെ ടിബിആര്‍എല്‍, പൂനെയിലെ എച്ച്ഇഎംആര്‍എല്‍ എന്നീ ഡിആര്‍ഡിഒ ലബോറട്ടറികളും ഇതിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളായി.
---------------
Hindusthan Samachar / Sreejith S