കാർഷിക മേഖലയുടെ നട്ടെല്ലൊടിക്കുന്ന രീതിയിൽ വിപണിയിൽ രാസവളങ്ങൾക്ക് വൻതോതിൽ വില വർധിക്കുന്നു.
Idukki , 22 മെയ് (H.S.) കൊവിഡിൻ്റെയും പ്രകൃതിക്ഷോഭങ്ങളുടെയും ആഘാതങ്ങളിൽ നിന്ന് കർഷകർ കരകയറാൻ ശ്രമിക്കുന്നതിനിടെ, കാർഷിക മേഖലയുടെ നട്ടെല്ലൊടിക്കുന്ന രീതിയിൽ വിപണിയിൽ രാസവളങ്ങൾക്ക് വൻതോതിൽ വില വർധിക്കുന്നു. ഒരാഴ്ചയ്ക്കുള്ളിൽ പ്രധാന വളങ്ങൾക്കെല്ലാം വ
Chemical fertilizers


Idukki , 22 മെയ് (H.S.)

കൊവിഡിൻ്റെയും പ്രകൃതിക്ഷോഭങ്ങളുടെയും ആഘാതങ്ങളിൽ നിന്ന് കർഷകർ കരകയറാൻ ശ്രമിക്കുന്നതിനിടെ, കാർഷിക മേഖലയുടെ നട്ടെല്ലൊടിക്കുന്ന രീതിയിൽ വിപണിയിൽ രാസവളങ്ങൾക്ക് വൻതോതിൽ വില വർധിക്കുന്നു. ഒരാഴ്ചയ്ക്കുള്ളിൽ പ്രധാന വളങ്ങൾക്കെല്ലാം വിപണിയിൽ വലിയ വിലക്കയറ്റമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ പ്രധാന നാണ്യവിളയായ ഏലത്തിന് വളമിടാൻ ഏറ്റവും അനുയോജ്യമായ സമയമാണിപ്പോൾ. എന്നാൽ, ഈ അപ്രതീക്ഷിത വിലക്കയറ്റവും ഒപ്പം അനുഭവപ്പെടുന്ന വളത്തിൻ്റെ ലഭ്യതക്കുറവും സാധാരണക്കാരായ കർഷകർക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്.

അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യം;മൂന്ന് മാസത്തിനകം കടുത്ത ക്ഷാമത്തിന് സാധ്യത

അന്താരാഷ്ട്ര വിപണിയിൽ നിന്നും മറ്റുമുള്ള അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയിലുണ്ടായ വൻ കുറവാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് വളം വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു. നിലവിൽ രാജ്യത്ത് ലഭ്യമായ പരിമിതമായ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചാണ് ഇപ്പോൾ വളം നിർമ്മാണം നടക്കുന്നത്.

ഈ സ്ഥിതി തുടരുകയാണെങ്കിൽ വരും മാസങ്ങളിൽ നിർമ്മാണം പൂർണമായി തടസപ്പെടുകയും, മൂന്ന് മാസം കഴിയുമ്പോൾ വിപണിയിൽ വളം തീരെ കിട്ടാത്ത അവസ്ഥ വരികയും ചെയ്യുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഇതിന് പുറമെ ഇന്ധനവില ഇനിയും ഉയർന്നാൽ വളത്തിൻ്റെ വില വീണ്ടും കുതിച്ചുയരുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. വിപണിയിലെ പ്രധാന സബ്സിഡി വളങ്ങളായ ഫാക്ടംഫോസ്, പൊട്ടാഷ് എന്നിവയ്ക്കാണ് കർഷകരുടെ കീശ ചോർത്തുന്ന രീതിയിൽ വില ഉയർന്നിരിക്കുന്നത്.

കുമിൾ-കീടനാശിനികൾക്കും തീവില;എല്ലാ കൃഷികളെയും ബാധിക്കും

ഏലത്തിന് പുറമെ ജില്ലയിലെ പ്രധാന കൃഷികളായ കൊക്കോ, കാപ്പി, റബർ, കുരുമുളക്, തെങ്ങ്, നെല്ല്, പച്ചക്കറി തുടങ്ങി എല്ലാ മേഖലകളെയും ഈ വിലക്കയറ്റം നേരിട്ട് ബാധിക്കും. കാലവർഷത്തിന് മുന്നോടിയായി റബറിനും കുരുമുളകിനും മറ്റും കുമിൾനാശിനിയായി വ്യാപകമായി ഉപയോഗിക്കുന്ന ബോർഡോ മിശ്രിതത്തിലെ പ്രധാന ഘടകമായ തുരിശിന് മാസം മുൻപേ തന്നെ വില വർധിച്ചിരുന്നു.

കിലോഗ്രാമിന് 300 രൂപയുണ്ടായിരുന്ന തുരിശിന് ഇപ്പോൾ വിപണിയിൽ 600 രൂപയാണ് വില അതായത് കൃത്യം ഇരട്ടി. ഇതിന് പുറമെ വിവിധയിനം സ്പ്രേ വളങ്ങൾക്കും, എക്കാലക്സ് ഉൾപ്പെടെയുള്ള കീടനാശിനികൾക്കും വില വൻതോതിൽ വർധിച്ചിട്ടുണ്ട്. വളത്തിനും കീടനാശിനികൾക്കും ദിവസേനയെന്നോണം വില കൂടുമ്പോൾ കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കുന്നുമില്ല. ഇത്രയും ഉയർന്ന തുക നൽകി വളം വാങ്ങി കൃഷി ചെയ്താൽ പണിക്കൂലി പോലും തിരികെ കിട്ടാത്ത അവസ്ഥയാണെന്ന് കർഷകർ പറയുന്നു.

പ്രതിസന്ധിയിൽ അംഗീകൃത ഡിപ്പോകളും

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സബ്സിഡി നിരക്കിൽ കർഷകർക്ക് വളം ലഭ്യമാക്കിയിരുന്ന ഫാക്ടംഫോസ്, യൂറിയ, പൊട്ടാഷ് എന്നിവയ്ക്ക് വില ഉയർന്നതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കർഷകർ. കൃഷി ഉപേക്ഷിക്കേണ്ടി വരുമോ എന്ന ഭീതിയിലാണ് ഭൂരിഭാഗം പേരും. വളത്തിൻ്റെ പെട്ടെന്നുള്ള വിലക്കയറ്റവും കമ്പനികളിൽ നിന്നുള്ള സപ്ലൈ കുറഞ്ഞതും കാരണം കർഷകരെ നേരിട്ട് അഭിമുഖീകരിക്കുന്ന അംഗീകൃത വളം ഡിപ്പോ നടത്തിപ്പുകാരും വലിയ പ്രതിസന്ധിയിലാണ്. സർക്കാരിൻ്റ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ സംസ്ഥാനത്തെ കാർഷിക മേഖല വൻ തകർച്ച നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News