'സിപിഎമ്മിന് എങ്ങനെയാണ് ബിജെപിയെ പോലെ മുസ്ലിംകളെ പ്രതിസ്ഥാനത്ത് നിര്ത്താൻ സാധിക്കുന്നത്?'
Kannur , 22 മെയ് (H.S.) തിരഞ്ഞെടുപ്പില് ന്യൂനപക്ഷ വർഗീയത നിറഞ്ഞാടിയെന്ന കെകെ രാഗേഷിൻ്റെ പ്രസ്താവനയ്്കെതിരെ വി കുഞ്ഞികൃഷ്ണൻ എംഎല്എ. പരാജയത്തിന് വർഗീയതയുടെ മേലങ്കിയണിയിച്ച് ഉത്തരവാദിത്തങ്ങളില് നിന്ന് ഓടി രക്ഷപ്പെടാനുള്ള വ്യഗ്രത കാണിക്കുകയാണ് രാഗേഷ്
V Kunjikrishnan MLA


Kannur , 22 മെയ് (H.S.)

തിരഞ്ഞെടുപ്പില് ന്യൂനപക്ഷ വർഗീയത നിറഞ്ഞാടിയെന്ന കെകെ രാഗേഷിൻ്റെ പ്രസ്താവനയ്്കെതിരെ വി കുഞ്ഞികൃഷ്ണൻ എംഎല്എ.

പരാജയത്തിന് വർഗീയതയുടെ മേലങ്കിയണിയിച്ച് ഉത്തരവാദിത്തങ്ങളില് നിന്ന് ഓടി രക്ഷപ്പെടാനുള്ള വ്യഗ്രത കാണിക്കുകയാണ് രാഗേഷ് എന്നും വർഗീയ രാഷ്ട്രീയത്തിലൂടെ സമൂഹത്തില് ധ്രുവീകരണം സൃഷ്ടിച്ച് അതുവഴി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള അപക്വത അദ്ദേഹത്തിന്റെ പ്രസംഗങ്ങളില് വ്യക്തമാണെന്നും കുഞ്ഞികൃഷ്ണൻ വിമർശിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

'ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് തോല്വിയെ ന്യായീകരിക്കാനും നേതൃത്വത്തെ സംരക്ഷിക്കാനും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് നടത്തിയ പ്രസ്താവന വിവാദമായിരിക്കുകയാണ്. ഈ പ്രസ്താവനയെ സിപിഎം പോളിറ്റ് ബ്യൂറോ മെമ്പർ പിണറായി വിജയൻ അനുകൂലിച്ചത് തോല്വി രുചിച്ചിട്ടും തെറ്റുകള് തിരുത്തില്ല എന്നതിൻറെ സൂചനയാണ്. അതുപോലെ തന്നെ അത്യന്തം അപകടകരവുമാണ്. ഈ നിലപാടിനെ അംഗീകരിച്ച് രംഗത്തെത്തിയത് ആർഎസ്എസ് നേതാക്കള് മാത്രമാണ് എന്ന കാര്യം നാം അതീവ ഗൗരവമായി കാണേണ്ടതുണ്ട്.

മുസ്ലിം വർഗീയത തിമിർത്താടിയ തിരഞ്ഞെടുപ്പാണ് നടന്നതെന്ന് രാഗേഷ് ചരിത്രത്തെയും വർത്തമാന കാലത്തെയും തള്ളിപ്പറയുന്നതിന് തുല്യമാണ്. നിങ്ങള് നോക്കൂ, ബംഗാളില് ഇത്തവണ ഒരു സീറ്റ് ജനങ്ങള് സിപിഎമ്മിന് നല്കിയിട്ടുണ്ട്. മുർഷിദാബാദ് ജില്ലയിലെ ഡോങ്കലില് ആണ് സിപിഎം സ്ഥാനാർഥി മുസ്തഫിജുര് റഹ്മാന് അവിടെ ജയിച്ചത് 16000 ല് അധികം വോട്ടിനാണ്. എസ്ഡിപിഐ ശക്തി കേന്ദ്രം കൂടിയാണ് ഈ മണ്ഡലം. 89 ശതമാനം വരുന്നത് മുസ്ലിം ജനവിഭാഗമാണ്. എസ്ഡിപിഐ-സിപിഎം സഖ്യമാണ് ബംഗാളില് ഉണ്ടായിരുന്നത്. അത് ഏവർക്കും അറിയുന്ന കാര്യമാണ്. ഇങ്ങനെ ഒരു രാഷ്ട്രീയ പശ്ചാത്തലത്തില് കൂടി കടന്നുപോകുന്ന സിപിഎമ്മിന് എങ്ങനെയാണ് ബിജെപിയെ പോലെ മുസ്ലിംകളെ പ്രതിസ്ഥാനത്ത് നിർത്താൻ സാധിക്കുന്നത്?

വടക്കൻ കേരളത്തിലെ പോരാട്ട പാരമ്പര്യത്തെ തിരിച്ചറിയാൻ സാധിക്കാത്ത സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കൂടി ഭാഗവാക്കായ പരാജയത്തിന് വർഗീയതയുടെ മേലങ്കിയണിയിച്ച് ഉത്തരവാദിത്തങ്ങളില് നിന്ന് ഓടി രക്ഷപ്പെടാനുള്ള വ്യഗ്രത കാണിക്കുകയാണ് എന്ന് ജനങ്ങള്ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. വർഗീയ രാഷ്ട്രീയത്തിലൂടെ സമൂഹത്തില് ധ്രുവീകരണം സൃഷ്ടിച്ച് അതുവഴി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള അപക്വത അദ്ദേഹത്തിന്റെ പ്രസംഗങ്ങളില് വ്യക്തമാണ്. അത്തരം പ്രവർത്തികളോട് ശക്തമായി അപലപിക്കുന്നു.

ഇന്നാട്ടിലെ പോരാളികള് ആശയ ബോധ്യത്തില് മനുഷ്യനന്മയ്ക്കായുള്ള പ്രവർത്തനത്തെയും ധാർമിക ബോധത്തേയും പിന്തുണച്ച അനേകലക്ഷം സാധാരണ മനുഷ്യരാണ്. ആശയത്തെ പിൻപറ്റിയ ആ മനുഷ്യർക്ക് ജാതിയോ മതമോ ഒരു കാലത്തും വിഷയമായിരുന്നില്ല. ചരിത്രത്തില് അവരുടെ പേരുകള് രേഖപ്പെടുത്താറില്ല. വലിയ മനസുള്ള ആ പോരാളികള് തലമുറകളില് വിത്ത് പാകിയതാണ് ഈ നാടിന്റെ പോരാട്ട പാരമ്പര്യം.

ഈ മണ്ണിലെ രാഷ്ട്രീയ ഉള്ക്കരുത്ത് ആശയമാണ്. എല്ലാ കാലത്തും എതിർത്തത് അധികാര ദുഷ്പ്രഭുത്വത്തെയാണ്, അനീതിയെയാണ്. ഉയർത്തിപിടിച്ചത് അവനവന്റെയും ചുറ്റുമുള്ളവന്റെയും ആത്മാഭിമാനത്തെയാണ്. വെറുക്കുന്നത് അസത്യപ്രചാരണങ്ങളെയാണ്. തലകുനിച്ചും വിധേയപ്പെട്ടും ആജ്ഞാനുവർത്തികളായും ഒരു കാലത്തും ഈ നാട്ടിലെ ജനത നിന്നിട്ടില്ല. നില്ക്കുകയുമില്ല. ആശയ വ്യക്തതയുള്ള മനുഷ്യരാണ് ഈ മണ്ണില് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പിടിച്ച് നിർത്തിയത്. ആശയത്തില് വിശ്വസിക്കുന്ന ഈ മനുഷ്യർക്ക് സംഘടന ആശയത്തിന് മുകളില് കെട്ടിപ്പടുത്ത കേവല സംവിധാനം മാത്രമാണ്. അവർക്ക് സ്ഥാനങ്ങള് അധികാര കേന്ദ്രങ്ങളല്ല, ഉത്തരവാദിത്തങ്ങള് മാത്രമാണ്. ആ ഒരു തിരിച്ചറിവാണ് രാഗേഷിനും കൂട്ട് സഖാക്കള്ക്കും ഇല്ലാതെ പോയത്. ജാതിയിലും മതത്തിനും അതീതമായി അചഞ്ചലമായി ഇന്നാട്ടിലെ മനുഷ്യരുടെ സ്നേഹത്തിന്റെ രാഷ്ട്രീയം ഇവിടെ സദാ ഉയർന്നു നില്ക്കും. ഞങ്ങളുടെ പോരാട്ടം അതിനെതിരെ നില്ക്കുന്നവർക്കെതിരെ തുടർന്നുകൊണ്ടിരിക്കും'

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News