Enter your Email Address to subscribe to our newsletters

Thiruvanathapuram, 22 മെയ് (H.S.)
തിരുവനന്തപുരം : പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോട്ടയം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി മൂന്നു മുന്നണികളും മത്സരിച്ച സ്പീക്കര്‍ തിരഞ്ഞെടുപ്പാണ് നടന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ സൂക്ഷമമായി നിരീക്ഷിച്ച് നടത്തിയ തിരഞ്ഞെടുപ്പില്‍ ഒരു വോട്ടും ചോര്‍ന്നില്ല.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് 101 വോട്ടും എല്‍ഡിഎഫില്‍നിന്നുള്ള എ.സി.മൊയ്തീന് 35 വോട്ടും എന്‍ഡിഎയില്‍നിന്നുള്ള ചാത്തന്നൂര്‍ എംഎല്‍എ ബി.ബി.ഗോപകുമാറിന് മൂന്നു വോട്ടും ലഭിച്ചു. നടപടികള്‍ നിയന്ത്രിച്ച പ്രോടെം സ്പീക്കര്‍ ജി.സുധാകരന്‍ വോട്ട് ചെയ്തില്ല. പേര് വിളിക്കുന്നതിനനുസരിച്ച് അംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു പിന്നിലൊരുക്കിയ സ്ഥലത്തുവന്ന് വോട്ടു രേഖപ്പെടുത്തി പെട്ടിയില്‍ ഇടുകയായിരുന്നു.
വോട്ടെണ്ണലിന് ശേഷം തിരുവഞ്ചൂരിനെ ഔദ്യോഗികമായി തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി വി.ഡി.സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേര്‍ന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സ്പീക്കറുടെ കസേരയിലേക്ക് ആനയിച്ചു. പ്രോടേം സ്പീക്കര്‍ ജി സുധാരന്‍ ചുമതല കൈമാറി. 138 വര്‍ഷത്തെ പാരമ്പര്യമുള്ള നിയമസഭയില്‍ 25ാമത്തെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. വലിയ സന്തോഷമുണ്ട്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഏറ്റവും നിര്‍ണായകമായ ചുമതലയാണ് പാര്‍ട്ടി ഏല്‍പിച്ചിരിക്കുന്നതെന്നും അതില്‍ നൂറു ശതമാനം സംതൃപ്തിയുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ജനതാല്‍പര്യം മുന്‍നിര്‍ത്തി നിയമസഭയെ വേണ്ടവിധം വിനിയോഗിക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
രാഷ്ട്രീയത്തില്‍ റോള്‍മോഡലായ വ്യക്തിയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. മണ്ഡലത്തില്‍ സജീവമായി ഇടപെടുന്നത് എങ്ങനെ എന്ന് എല്ലാവരേയും പഠിപ്പിച്ചു. സ്പീക്കര്‍ സ്ഥാനത്തും അദ്ദേഹം മികവോടെ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹാര്‍ദവമായ അഭിനന്ദനം പറഞ്ഞാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സംസാരിച്ചത്. മികച്ച സ്പീക്കറാകും എന്നാണ് പ്രതീക്ഷ. ബാറ്റിങ് ടീിന്റെ അംപയറായി മാത്രം പ്രവര്‍ത്തിക്കില്ലെന്ന് വിശ്വസിക്കുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിനാണ്. ഭരണപക്ഷത്തുനിന്നു ഷാനിമോള്‍ ഉസ്മാനാണു സ്ഥാനാര്‍ഥി. എല്‍ഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല.
---------------
Hindusthan Samachar / Sreejith S