Enter your Email Address to subscribe to our newsletters

New delhi, 22 മെയ് (H.S.)
ഡല്‍ഹി കലാപത്തിലെ ഗൂഢാലോചന കേസ് പ്രതി ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം. മൂന്ന് ദിവസത്തേക്കാണ് ഉമര്‍ ഖാലിദിന് ജാമ്യം അനുവദിച്ചത്. ചികിത്സയില്‍ ഉള്ള മാതാവിനെ കാണാനാണ് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയുടേതാണ് വിധി. ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെയാണ് ജാമ്യം അനുവദിക്കപ്പെട്ടിട്ടുള്ളത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം.
ഇന്ന് (മെയ് 22) തനിക്ക് ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് ഉമര്‍ ഖാലിദ് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അമ്മാവന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുന്നതിനും മാതാവിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടും 15 ദിവസത്തേക്ക് ജാമ്യം അനുവദിക്കണം എന്നായിരുന്നു ഉമര്‍ ഖാലിദിന്റെ ആവശ്യം. വിചാരണ കോടതി നേരത്തെ ഈ ആവശ്യം തള്ളിയിരുന്നു.
ജസ്റ്റിസ് പ്രതിഭ എം സിങ്, ജസ്റ്റിസ് മധു ജെയിന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് ഉമര്‍ ഖാലിദിന്റെ ഹര്‍ജി പരിഗണിച്ചത്. ഉമറിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ത്രിദീപ് പയ്സ് ഹാജരായി. അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു ആണ് ഡല്‍ഹി പൊലീസിന് വേണ്ടി ഹാജരായത്. ഉമര്‍ ഖാലിദിന്റെ മാതാവിന് നിസാരമായ ശസ്ത്രക്രിയ മാത്രമാണ് നടക്കുന്നതെന്നും സഹോദരിമാര്‍ക്ക് മാതാവിനെ പരിപാലിക്കാന്‍ കഴിയുമെന്നും എസ്.വി രാജു വാദിച്ചു. ഉമര്‍ ഖാലിദിന് പൊലീസ് അകമ്പടിയോടെ അമ്മയെ സന്ദര്‍ശിക്കാമെന്നായിരുന്നു രാജു കോടതിയെ ബോധിപ്പിച്ചത്.
എന്നാല്‍ ഇരുഭാഗത്തിന്റെയും വാദപ്രതിവാദങ്ങള്‍ കേട്ടശേഷം കോടതി ഉമര്‍ ഖാലിദിന് അനുകൂലമായി വിധി പറയുകയായിരുന്നു. അമ്മയോടൊപ്പം സമയം ചെലവഴിക്കുന്നതിനായി ജൂണ്‍ 1 മുതല്‍ 3 വരെ മൂന്ന് ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നു എന്നാണ് കോടതി വ്യക്തമാക്കിയത്. ഉമര്‍ ഖാലിദിന് ഒരു മൊബൈല്‍ ഫോണ്‍ മാത്രമേ ഉണ്ടായിരിക്കൂ എന്നും അന്വേഷണ ഉദ്യോഗസ്ഥനുമായി ഉമര്‍ ബന്ധപ്പെടണമെന്നും കോടതി പറഞ്ഞു.
---------------
Hindusthan Samachar / Sreejith S