Enter your Email Address to subscribe to our newsletters

Kozhikode , 23 മെയ് (H.S.)
ചെറുവണ്ണൂർ കക്കറമുക്കിൽ കാറിന് തീപിടിച്ച് ഗർഭിണിയായ ഭാര്യ മരിച്ച സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു. പേരാമ്പ്ര ചെറുവണ്ണൂർ കക്കറ മുക്ക് സ്വദേശി രജിൻലാൽ (ലാലു) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കാറിന് തീപിടിച്ച് ഭാര്യ സോന (27) മരിച്ച് ഏഴാം ദിവസമാണ് ഭർത്താവും ഇന്ന് മരണത്തിന് കീഴടങ്ങിയത്.
മെയ് 15-ന് രാത്രി ഒമ്പത് മണിയോടെ ചെറുവണ്ണൂർ കക്കറമുക്ക് റോഡിലായിരുന്നു നാടിനെ നടുക്കിയ ദുരൂഹമായ അപകടം ഉണ്ടായത്. ആറ് മാസം ഗർഭിണിയായിരുന്ന സോന സംഭവസ്ഥലത്തുതന്നെ കാറിനുള്ളിൽ വെന്തുമരിക്കുകയായിരുന്നു. രജിൻലാലിനെ ഗുരുതരമായ പൊള്ളലുകളോടെയാണ് അന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംഭവത്തിൽ ആത്മഹത്യാ സാധ്യതയിലേക്കാണ് പെലീസ് വിരൽ ചൂണ്ടുന്നത്. മരണപ്പെട്ട സോന സംഭവ ദിവസമായ മെയ് 15-ന് ഒരു പെട്രോൾ പമ്പിൽ നിന്ന് കന്നാസിൽ പെട്രോൾ വാങ്ങുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. തുടർന്ന് നടത്തിയ ഫൊറൻസിക്, മോട്ടോർ വാഹന വകുപ്പ് പരിശോധനകളിൽ കാറിന് തീപിടിച്ചത് ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് വ്യക്തമാവുകയും ചെയ്തു. സോന കാനിൽ വാങ്ങിയ പെട്രോൾ കാറിനുള്ളിൽ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാകാം എന്ന നിഗമനത്തിലാണ് നിലവിൽ പൊലീസ് എത്തിനിൽക്കുന്നത്.
മരിച്ച സോനയും ഭർത്താവ് രജിൻ ലാലും തമ്മിൽ ദാമ്പത്യ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. അപകടം നടന്ന ദിവസം സോന ബന്ധുവിൻ്റെ വീട്ടിലായിരുന്നു താമസം. ഇവിടെ നിന്നും അന്ന് പുറത്തുപോയ സോന എവിടെയൊക്കെ പോയെന്നും ആരെയൊക്കെ കണ്ടു എന്നതിനെയുംക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. അന്ന് വൈകിട്ടാണ് ഭർത്താവ് രജിൻ ലാൽ സോനയെ വിളിക്കാൻ ബന്ധുവീട്ടിലെത്തുന്നത്. ഇവിടെ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തില് രജിൻ ലാലിൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കാറിൻ്റെ പിൻസീറ്റിലാണ് സോന ഇരുന്നിരുന്നതെന്നും യാത്രയ്ക്കിടയിൽ പെട്രോളിൻ്റെ മണം അനുഭവപ്പെട്ടതായും രജിൻ ലാൽ മൊഴി നൽകിയിട്ടുണ്ട്. പെട്രോളിൻ്റെ മണം വന്നുതുടങ്ങിയതിന് തൊട്ടുപിന്നാലെ താൻ പിൻസീറ്റിലേയ്ക്ക് തിരിഞ്ഞുനോക്കി ചോദിച്ചപ്പോഴേക്കും കാറിനുള്ളിൽ തീ ആളിപ്പടരുകയായിരുന്നു എന്നായിരുന്നു മൊഴി.
എന്നാൽ, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി സോനയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. സോന ഭർതൃവീട്ടിൽ കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നുവെന്നും മരണത്തിന് പിന്നിലെ യഥാർഥ കാരണം പുറത്തുകൊണ്ടുവരാൻ വിശദമായ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഭർത്താവ് കൂടി മരണപ്പെട്ടതോടെ കേസിൽ കൂടുതൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR