ബംഗാളിലെ ഫാൾട്ടയിൽ ബിജെപിക്ക് ചരിത്രവിജയം; ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ദേബാങ്ഷു പാണ്ഡ സഭയിലേക്ക്
Kolkota, 24 മെയ് (H.S.) കൊൽക്കത്ത: പശ്ചിമബംഗാളിലെ രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചു കൊണ്ട് ഫാൾട്ട നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) ഉജ്വല വിജയം. ഒരു ലക്ഷത്തിലധികം വോട്ടുകളുടെ വൻ ഭൂരിപക്ഷത്തോടെ ബിജെപി സ്ഥാനാർത്ഥി ദേബാങ്ഷു
ബംഗാളിലെ ഫാൾട്ടയിൽ ബിജെപിക്ക് ചരിത്രവിജയം; ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ദേബാങ്ഷു പാണ്ഡ സഭയിലേക്ക്


Kolkota, 24 മെയ് (H.S.)

കൊൽക്കത്ത: പശ്ചിമബംഗാളിലെ രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചു കൊണ്ട് ഫാൾട്ട നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) ഉജ്വല വിജയം. ഒരു ലക്ഷത്തിലധികം വോട്ടുകളുടെ വൻ ഭൂരിപക്ഷത്തോടെ ബിജെപി സ്ഥാനാർത്ഥി ദേബാങ്ഷു പാണ്ഡ മണ്ഡലത്തിൽ നിന്ന് വിജയക്കൊടി പാറിച്ചു. തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) ശക്തമായ കോട്ടയായിരുന്ന ഫാൾട്ടയിലാണ് പ്രതിപക്ഷ കക്ഷികളെ മുഴുവൻ നിഷ്പ്രഭരാക്കിക്കൊണ്ട് ബിജെപി ഈ ചരിത്ര നേട്ടം കൊയ്തത്.

തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം കാഴ്ചവെച്ച സി.പി.ഐ.എം സ്ഥാനാർത്ഥി ശംഭു നാഥ് കുർമിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. എന്നാൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് കടുത്ത തിരിച്ചടിയാണ് ഈ ഉപതിരഞ്ഞെടുപ്പ് ഫലം സമ്മാനിച്ചത്. ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ മത്സരരംഗത്ത് പിന്നോട്ട് പോയതോടെ പാർട്ടി നാലാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും കെട്ടിവെച്ച കാശ് നഷ്ടമാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്തു. കോൺഗ്രസ് സ്ഥാനാർത്ഥി അബ്ദുർ റസാഖ് മൊല്ലയാണ് മൂന്നാം സ്ഥാനത്ത്.

വോട്ടുനില ഇങ്ങനെ:

-

ദേബാങ്ഷു പാണ്ഡ (ബിജെപി): 1,49,666 വോട്ടുകൾ

-

ശംഭു നാഥ് കുർമി (സിപിഐഎം): 40,645 വോട്ടുകൾ

-

ഭൂരിപക്ഷം: 1,09,021 വോട്ടുകൾ

സി.പി.ഐ.എം പ്രതികരണം

ഫാൾട്ടയിലെ തിരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന് വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് സി.പി.ഐ.എം ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം പ്രതികരിച്ചു. തൃണമൂൽ കോൺഗ്രസിന്റെ അക്രമ രാഷ്ട്രീയത്തിനും ഭീഷണികൾക്കും മുന്നിൽ തളരാതെ വോട്ട് രേഖപ്പെടുത്താൻ ജനങ്ങൾ തയ്യാറായെന്നും, വോട്ടർമാർ ഭരണകക്ഷിയെ പൂർണ്ണമായി കൈവിട്ടത് ശുഭസൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് കൂടുതൽ സ്വാധീനമുറപ്പിക്കാൻ ഈ ഫലം ഊർജ്ജം നൽകുമെന്നും മുഹമ്മദ് സലീം പ്രത്യാശ പ്രകടിപ്പിച്ചു.

തൃണമൂലിന് കനത്ത പ്രഹരം; പശ്ചാത്തലം

ഡയമണ്ട് ഹാർബർ ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന ഫാൾട്ടയിലെ ഈ പരാജയം തൃണമൂൽ കോൺഗ്രസ് നേതൃത്വത്തെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വോട്ടെടുപ്പിന് തൊട്ടുമുമ്പ് തൃണമൂൽ സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ വ്യക്തിപരമായ കാരണങ്ങളാൽ മത്സരത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇത് വലിയ രാഷ്ട്രീയ നാടകങ്ങൾക്കാണ് വഴിതുറന്നത്. മുൻ തിരഞ്ഞെടുപ്പുകളിൽ വ്യാപകമായ കള്ളവോട്ടും ക്രമക്കേടുകളും നടന്നെന്ന പരാതിയെ തുടർന്ന് കേന്ദ്ര സേനയുടെ കർശനമായ സുരക്ഷാവലയത്തിലാണ് ഇത്തവണ റീപോളിംഗ് നടന്നത്. ഭയരഹിതമായി വോട്ട് ചെയ്യാൻ അവസരം ലഭിച്ചപ്പോൾ ജനങ്ങൾ തൃണമൂലിനെ പൂർണ്ണമായി തള്ളിക്കളയുകയായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ഈ വിജയത്തോടെ പശ്ചിമബംഗാൾ നിയമസഭയിൽ ബിജെപിയുടെ കരുത്ത് 208 ആയി ഉയർന്നു. ജനങ്ങൾ അഴിമതിക്കും ഗുണ്ടാരാജിനുമെതിരെ നൽകിയ ശക്തമായ വിധി എഴുത്താണിതെന്ന് ബിജെപി സംസ്ഥാന നേതൃത്വം അവകാശപ്പെട്ടു. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മുന്നിൽ വൻ വിജയവിളംബരവുമായി ബിജെപി പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി വരികയാണ്.

---------------

Hindusthan Samachar / Roshith K


Latest News