Enter your Email Address to subscribe to our newsletters

Rajapuram, 25 മെയ് (H.S.)
രാജപുരം: വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ റാണിപുരത്തേക്ക് സഞ്ചാരികളുടെ വൻ ഒഴുക്ക്. മധ്യവേനലവധിക്കാലം ആഘോഷമാക്കാൻ കുടുംബസമേതവും സുഹൃത്തുക്കൾക്കൊപ്പവും എത്തുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ മാത്രം 2166 പേരാണ് റാണിപുരത്ത് ട്രെക്കിങ്ങിനായി എത്തിയത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന സന്ദർശക കണക്കാണിത്.
അപ്രതീക്ഷിതമായി എത്തിയ ജനത്തിരക്ക് റാണിപുരത്തെ പ്രാദേശിക വിപണിയെയും കാര്യമായി ബാധിച്ചു. റാണിപുരത്തെ ചായക്കടകളിൽ ആവശ്യത്തിന് ഭക്ഷണസാധനങ്ങൾ തികയാതെ വന്നത് വ്യാപാരികളെയും സഞ്ചാരികളെയും ഒരുപോലെ ബുദ്ധിമുട്ടിച്ചു. വരും ദിവസങ്ങളിലും തിരക്ക് തുടരാൻ സാധ്യതയുള്ളതിനാൽ കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രാദേശിക കച്ചവടക്കാർ.
ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി പാതയോരങ്ങൾ
സഞ്ചാരികളുടെ വാഹനങ്ങളുടെ പെരുപ്പം റാണിപുരത്തും പരിസരപ്രദേശങ്ങളിലും വലിയ ഗതാഗതക്കുരുക്കിന് കാരണമായി. ടൂറിസം കേന്ദ്രത്തിലെ ഔദ്യോഗിക പാർക്കിങ് ഗ്രൗണ്ടിലെ സ്ഥലപരിമിതി മൂലം വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യേണ്ടി വന്നു. പ്രധാന പാതയോരങ്ങളിൽ ഏകദേശം ഒരു കിലോമീറ്ററോളം ദൂരത്തിലാണ് വാഹനങ്ങൾ വരിവരിയായി നിർത്തിയിട്ടത്. ഇത് ഈ റൂട്ടിൽ വലിയ തോതിലുള്ള ബ്ലോക്കിന് കാരണമായി.
കെഎസ്ആർടിസി സർവീസുകളെയും ബാധിച്ചു
രാവിലെ കാഞ്ഞങ്ങാട്ടുനിന്ന് റാണിപുരത്തേക്ക് എത്തുന്ന കെഎസ്ആർടിസി ബസിന് വാഹനങ്ങളുടെ തിരക്കുമൂലം സാധാരണ എത്തുന്ന സ്ഥലത്ത് എത്താൻ സാധിച്ചില്ല. ബസ് തിരിക്കാൻ പോലും സ്ഥലമില്ലാത്തവിധം റോഡ് വശങ്ങളിൽ വാഹനങ്ങൾ നിറഞ്ഞതോടെ, വനംവകുപ്പിന്റെ ടിക്കറ്റ് കൗണ്ടറിന് ഒരു കിലോമീറ്റർ ഇപ്പുറത്തു തന്നെ യാത്രക്കാരെ ഇറക്കേണ്ടി വന്നു. തുടർന്ന് യാത്രക്കാർ കാൽനടയായിട്ടാണ് ടിക്കറ്റ് കൗണ്ടറിലേക്ക് എത്തിയത്.
ആവേശം ചോരാതെ സന്ദർശകർ
ചൂടിന് ആശ്വാസം തേടിയും പ്രകൃതിഭംഗി ആസ്വദിക്കാനും എത്തുന്ന സഞ്ചാരികൾക്ക് റാണിപുരത്തെ കുളിർമയുള്ള കാലാവസ്ഥ മികച്ച അനുഭവമാണ് സമ്മാനിക്കുന്നത്. വനത്തിലൂടെയുള്ള ട്രെക്കിങ്ങും മലമുകളിലെ തണുത്ത കാറ്റും ആസ്വദിക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കർണാടകയിൽ നിന്നും ആളുകൾ എത്തുന്നുണ്ട്. വരും ദിവസങ്ങളിലും തിരക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ പാർക്കിങ് സൗകര്യങ്ങൾ ക്രമീകരിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെയും സഞ്ചാരികളുടെയും ആവശ്യം.
---------------
Hindusthan Samachar / Roshith K