Enter your Email Address to subscribe to our newsletters

Thiruvananthapuram, 26 മെയ് (H.S.)
ബലാത്സംഗപരാതിയിൽ മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ കുറ്റവിമുക്തനാക്കി കോടതി വിധി. നെയ്യാറ്റിൻകര സബ്കോടതിയാണ് കേസിൽ വിധി പ്രസ്താവം നടത്തിയത്. തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും എംഎൽഎയുടെ സുഹൃത്തുക്കളായ റനീഷ, സിപ്പി നൂറുദ്ദീൻ എന്നിവർ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പരാതിക്കാരി കോടതിയിൽ നൽകിയ മൊഴി കണക്കിലെടുത്താണ് കോടതിയുടെ വിധി പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് അതിജീവിത ഉൾപ്പടെ നാല് സാക്ഷികൾ കേസിൽ ഹാജരായി മുമ്പത്തെ മൊഴി മാറ്റിയത്.
2022 സെപ്റ്റംബർ 28നാണു ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ യുവതി എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതി നൽകിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു. പരാതി പിൻവലിക്കാൻ 30 ലക്ഷം രൂപ എൽദോസ് വാഗ്ദാനം ചെയ്തെന്നും യുവതി നേരത്തേ വെളിപ്പെടുത്തിയിരുന്നു.
ആദ്യം അടിമലത്തുറയിലെ റിസോർട്ടിൽ എത്തിച്ച് ബലാത്സംഗം ചെയ്തതെന്നും പിന്നീട് തൃക്കാക്കര, കുന്നത്തുനാട് എന്നിവിടങ്ങളിലെ വീടുകളിലും ബലാത്സംഗം നടന്നുവെന്നും കോവളത്തെ കുന്നിൽ മുകളിലെത്തിച്ച് തള്ളിയിട്ടു കൊല്ലാൻ എംഎൽഎ ശ്രമിച്ചെന്നും ജില്ലാ ക്രൈം ബ്രാഞ്ച് നൽകിയ കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ നെയ്യാറ്റിൻകര കോടതിയിൽ വിചാരണ നടക്കുന്നതിനിെടയാണ് അതിജീവിത മൊഴിമാറ്റിയത്.
കോടതിയിൽ നേരിട്ടെത്തിയാണ് എൽദോസിനെതിരെ പരാതിയില്ലെന്നും തന്നെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പരാതിക്കാരി പറഞ്ഞത്. അതിജീവിതയ്ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് സാക്ഷികളുടെ മൊഴികളും പ്രതികൾക്ക് അനുകൂലമായി. ഏത് സാഹര്യത്തിലാണ് അതിജീവിത മൊഴിമാറ്റിയത് എന്നതിൽ വ്യക്തതയില്ല. എൽദോസ് കുന്നപ്പിള്ളിയും കേസിലെ രണ്ട്, മൂന്ന് പ്രതികളും കോടതിയിലെത്തിയിരുന്നു.
ഇത്തവണ മത്സരിക്കാൻ സീറ്റ് നൽകിയില്ല
ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംഎൽഎയായിട്ട് കൂടി എൽദോസ് കുന്നപ്പിള്ളിക്ക് മത്സരിക്കാൻ സീറ്റ് നൽകിയില്ല. എൽദോസിന്റെ മണ്ഡലമായ പെരുമ്പാവൂരിൽ നിന്നും ഇത്തവണ എറണാകുളം മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ കൂടിയായ മനോജ് മൂത്തേടനാണ് മത്സരിച്ച് വിജയിച്ചത്. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിനിടെ, എൽദോസ് കുന്നപ്പിള്ളി ഡൽഹിയിലെത്തി ഹൈക്കമാൻഡമായി ചർച്ച നടത്തിയെങ്കിലും ഇക്കുറി സീറ്റ് നൽകേണ്ടതില്ലെന്നായിരുന്നു പാർട്ടി തീരുമാനം.
സീറ്റ് ലഭിക്കുമെന്ന് ഉറച്ച വിശ്വാസം പ്രകടിപ്പിച്ച എൽദോസ് കുന്നപ്പള്ളി പെരുമ്പാവൂരിൽ താൻ മത്സരിച്ചാൽ 15000 വോട്ടിനെങ്കിലും ജയിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സിറ്റിംഗ് എംഎൽഎ കൂടിയായ എൽദോസിനെതിരായ മുഴുവൻ കാര്യങ്ങളും പരിഗണിച്ചതോടെ സീറ്റ് നൽകേണ്ടതില്ലെന്ന തീരുമാനത്തിലേക്കാണ് പാർട്ടി എത്തിച്ചേർന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR